ജയിലിൽ പ്രവേശിക്കപ്പെട്ട രണ്ട് യുവാക്കളെ പറ്റി വിശുദ്ധ ഖുർആൻ പറയുന്നതിങ്ങനെയാണ്...
"അദ്ദേഹത്തോടൊപ്പം രണ്ട് യുവാക്കളും ജയിലിൽ പ്രവേശിച്ചു. അവരിൽ ഒരാൾ പറഞ്ഞു: ഞാൻ മദ്യം (ഉണ്ടാക്കുവാനായി മുന്തിരിച്ചാർ ) പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു. മറ്റെയാൾ പറഞ്ഞു: ഞാൻ എന്റെ തലയിൽ റൊട്ടി ചുമക്കുന്നതായും അതിൽ നിന്ന് പക്ഷികൾ തിന്നുന്നതായും സ്വപ്നം കണ്ടിരിക്കുന്നു. ഞങ്ങളുടെ ഈ സ്വപ്നങ്ങളുടെ വ്യാഖ്യാനം ഞങ്ങൾക്ക് പറഞ്ഞു തരിക. നിശ്ചയമായും താങ്കൾ സൽഗുണവാന്മാരിൽ പെട്ട ആളായി ഞങ്ങൾ കാണുന്നു." (12:36)
"അദ്ദഹം: പറഞ്ഞു: നിങ്ങൾ രണ്ടുപേർക്കും നൽകപ്പെടുന്ന ഭക്ഷണം നിങ്ങൾക്ക് കിട്ടിക്കഴിയുന്നതിന് മുമ്പുതന്നെ അതിന്റെ വിവരണം ഞാൻ നിങ്ങൾക്കു നൽകാം. എന്റെ രക്ഷിതാവ് എന്നെ പഠിപ്പിക്കുന്നതിൽ പെട്ടതാണത്. അല്ലാഹുﷻവിൽ വിശ്വസിക്കാതിരിക്കുകയും പരലോകത്തെ നിഷേധിക്കുകയും ചെയ്യുന്നവരുടെ നടപടിമാർഗ്ഗത്തെ തള്ളിക്കളഞ്ഞവനാണ് ഞാൻ." (12:37)
"എന്റെ പിതാക്കളായ ഇബ്രാഹിം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരുടെ മാർഗ്ഗത്തെ ഞാൻ പിൻപറ്റുകയും ചെയ്തിരിക്കുന്നു. അല്ലാഹുﷻവിനോട് യാതൊന്നിനെയും പങ്ക് ചേർക്കാൻ ഞങ്ങൾക്ക് പാടില്ല. അത് അല്ലാഹുﷻ ഞങ്ങൾക്കും മറ്റ് മനുഷ്യർക്കും നൽകിയ അനുഗ്രഹത്തിൽ പെട്ടതാകുന്നു. പക്ഷെ മനുഷ്യരിൽ അധികപേരും നന്ദി കാണിക്കുന്നില്ല." (12:38)
"എന്റെ രണ്ട് ജയിൽ കൂട്ടുകാരേ! വിഭിന്നരായ പല റബ്ബുകളോ അതല്ല എല്ലാവരേയും അടക്കി ഭരിക്കുന്ന ഏകനായ അല്ലാഹുﷻവോ ആരാണുത്തമൻ?" (12:39)
ജയിലിലെ രണ്ട് കൂട്ടുകാരെ ഏകദൈവ സിദ്ധാന്തത്തിലേക്ക് ക്ഷണിക്കുന്ന രംഗമാണ് ഇവിടെ കാണുന്നത്...
തന്റെ പൂർവ്വ പിതാക്കന്മാരായ ഇബ്രാഹിം (അ) ഇസ്ഹാഖ് (അ) എന്നിവരും സ്വന്തം പിതാവായ യഅ്ഖൂബ് (അ) എന്ന പ്രവാചകനും ജനങ്ങളെ ക്ഷണിച്ചത് ഏക ഇലാഹിലേക്ക് തന്നെയാകുന്നു. ഇതിന് തൗഹീദ് എന്നു പറയുന്നു. ജയിലിൽ വെച്ച് തൗഹീദിലേക്ക് ആളുകളെ ക്ഷണിക്കാൻ തുടങ്ങി. തടവുകാർ ആ ക്ഷണം സ്വീകരിക്കാനും തുടങ്ങി...
ജയിലിലെ തടവുകാർ ഏകനായ അല്ലാഹുﷻവിനെക്കുറിച്ച് കേൾക്കുന്നത് അപ്പോൾ മാത്രമാണ്. അവർ ചില വസ്തുക്കളെ ആരാധിച്ചിരുന്നു. അവരുടെ പിതാക്കളും അങ്ങനെ ചെയ്തിരുന്നു. ചില വസ്തുക്കളെ അവർ ദൈവം എന്നു വിളിച്ചു. ആ വസ്തുക്കൾക്ക് ഒന്നും സൃഷ്ടിക്കാൻ കഴിയില്ല...
സൃഷ്ടാവ് അല്ലാഹുﷻ മാത്രം.
ആരാധനയും അവന് മാത്രം.
അതാണ് ശരിയായ മാർഗ്ഗം. ഇക്കാര്യം യൂസുഫ് (അ) മറ്റുള്ളവരെ ബോധ്യപ്പെടുത്തി...
വിശുദ്ധ ഖുർആൻ പറയുന്നു: "അല്ലാഹുﷻവിനെ വിട്ടിട്ട് നിങ്ങളും നിങ്ങളുടെ പിതാക്കളും (റബ്ബുകൾ എന്ന്) സ്വയം നാമകരണം ചെയ്ത ചില വസ്തുക്കളെ മാത്രമാണ് ആരാധിക്കുന്നത്. അവയെ ആരാധിക്കുവാൻ യാതൊരു തെളിവും അല്ലാഹു ﷻ അവതരിപ്പിച്ചിട്ടില്ല. ആ അധികാരം അല്ലാഹുﷻവിന് മാത്രമുള്ളതാകുന്നു. അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്ന് അവൻ കൽപിച്ചിട്ടുണ്ട്. അതാണ് ചൊവ്വായ മതം.
പക്ഷെ അധികമാളുകളും ഈ യാഥാർത്ഥ്യം ഗ്രഹിക്കുന്നില്ല... (12:40)
ഏകദൈവ വിശ്വാസം ഉറപ്പിച്ചു കൊടുത്തശേഷം സ്വപ്ന വ്യാഖ്യാനം നൽകി. ഒരാൾ രക്ഷപ്പെടും. രാജാവിന് പാനീയം നൽകുന്ന ജോലിയിൽ പ്രവേശിക്കും. അപരൻ ക്രൂശിക്കപ്പെടും. വധിക്കപ്പെട്ടശേഷം ശവശരീരം പക്ഷികൾ കൊത്തിത്തിന്നും. ഇതുരണ്ടും വിധിക്കപ്പെട്ട കാര്യങ്ങളാകുന്നു...
വിശുദ്ധ ഖുർആൻ വചനം കാണുക: "രണ്ട് ജയിൽ വാസികളേ നിങ്ങളിലൊരാൾ അവന്റെ യജമാനന് മദ്യം കുടിപ്പിക്കുന്ന ജോലിയിൽ വരും. മറ്റവനാകട്ടെ ക്രൂശിക്കപ്പെടുന്നതും. എന്നിട്ട് അവന്റെ തലയിൽ നിന്ന് പക്ഷികൾ തിന്നുന്നതുമാണ്. നിങ്ങൾ ചോദിച്ച കാര്യത്തിലുള്ള തീരുമാനം വിധിക്കപ്പെട്ടുകഴിഞ്ഞു." (12:41)