Wednesday - 22 April, 2026 4-Dhu al-Qadah-1447

അടിമ

   മദ് യൻ എന്ന പ്രദേശത്ത് നിന്ന് ഒരു കച്ചവട സംഘം പുറപ്പെട്ടു. ഈജിപ്തിലേക്കാണവർ യാത്ര ചെയ്യുന്നത്. സംഘത്തലവന്റെ പേര് മാലിക് എന്നായിരുന്നു. അവർക്ക് വഴി തെറ്റി. യൂസുഫ് നബിയെ ഉപേക്ഷിച്ച കിണറിന് സമീപമാണവർ എത്തിയത്. കിണറ്റിന്റെ ചുറ്റും കാലികളുണ്ടായിരുന്നു. പറവകൾ പറക്കുന്നുമുണ്ടായിരുന്നു...  


യൂസുഫ് (അ)ന്റെ ശരീരത്തിൽ നിന്നുള്ള സുഗന്ധം ആസ്വദിക്കുകയായിരുന്നു അവ... 


 "വെള്ളം കോരിക്കൊണ്ടുവരൂ..." മാലിക് തന്റെ അടിമയോട് കല്പിച്ചു ... 


 അടിമ ബക്കറ്റും കയറുമായി പോയി. ബക്കറ്റ് കിണറ്റിലേക്ക് താഴ്ത്തി. യൂസുഫ് (അ) ബക്കറ്റിൽ കയറിയിരുന്നു. അടിമ ബക്കറ്റ് വലിച്ചു കയറ്റി...


 "ഹാ... എന്തൊരതിശയം. എന്തൊരഴകുള്ള കുട്ടി. ഇവനെ ആരും കാണാതിരിക്കട്ടെ. മാലിക് കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു. ഇവനെ ആരും കാണണ്ട ഈജിപ്തിൽ കൊണ്ടുപോയി വില്പന നടത്താം..." യൂസുഫിനെ കണ്ടവരെല്ലാം അത്ഭുതപ്പെട്ടു. എന്തൊരഴക്..?  


"ഇതാരാണ് ?"പലരും ചോദിച്ചു.  


"അടിമ... വില്പനക്കുള്ള അടിമ."


"അടിമയോ? ഇത് രാജകുമാരനാണ്."


 അടിമയാണെന്ന് വിശ്വസിക്കാൻ പ്രയാസം.  വഴിനീളെ ചോദ്യവും ഉത്തരവും. ഇത് സാധാരണ കുട്ടിയല്ലെന്ന് കണ്ടവരെല്ലാം കരുതി. യാത്രാസംഘം ഈജിപ്തിലെത്തി. പലരും യൂസുഫിനെ വിലക്കു വാങ്ങാൻ തുനിഞ്ഞു...


 ഈജിപ്തിലെ മന്ത്രിയാണ് യൂസുഫിനെ വാങ്ങിയത്. അദ്ദേഹത്തിന്റെ പേര് ഖിത്വ് ഫീർ എന്നായിരുന്നു. സ്ഥാനപ്പേര് അസീസ്. ഖിത്വ് ഫീറിൻ യൂസുഫിനെ വളരെ ഇഷ്ടപ്പെട്ടു. എന്തൊക്കെയോ ഗുണങ്ങൾ കുട്ടിയിൽ ഒളിഞ്ഞുകിടപ്പുണ്ടെന്ന് അദ്ദേഹത്തിന് തോന്നി... 


 വിശുദ്ധ ഖുർആൻ പറയുന്നു: "ഒരു യാത്രാസംഘം വന്നു. എന്നിട്ട് അവരുടെ വെള്ളം കോരിയെ അവർ വെള്ളത്തിന്നയച്ചു. അവൻ തൊട്ടി കിണറ്റിൽ ഇറക്കി. അവൻ പറഞ്ഞു: സന്തോഷമേ ഇതാ ഒരു ബാലൻ. അവർ ബാലനെ ഒരു കച്ചവടച്ചരക്കാരായി ഒളിച്ചുവെക്കുകയും ചെയ്തു. അല്ലാഹുﷻ അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനുമാണ്." (12:19)


"അവർ അദ്ദേഹത്തെ ഒരു നിസ്സാര വിലക്ക് -എണ്ണിക്കണക്കാക്കപ്പെട്ട ഏതാനും വെള്ളിപ്പണത്തിന് -വിൽക്കുകയും ചെയ്തു. അവർ അദ്ദേഹത്തിന്റെ കാര്യത്തിൽ താല്പര്യമില്ലാത്തവരായിരുന്നു. (12:20)


 യൂസുഫ് എന്ന ബാലനെ നിസ്സാര വിലക്ക് വിറ്റത് ആരായിരുന്നു? പണ്ഡിതന്മാർ രണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതായി കാണാം. കിണറ്റിൽ നിന്ന് കുട്ടിയെ പുറത്തെടുത്തതോടെ ആളുകൾ ഓടിക്കൂടി. ആൾക്കൂട്ടം കണ്ട് യൂസുഫിന്റെ സഹോദരന്മാരും ഓടിവന്നു...


"ഇത് ഞങ്ങളുടെ അടിമയാണ് ഞങ്ങൾക്കു വിട്ടുതരണം" അവർ വാദിച്ചു...


 കച്ചവടസംഘവും അവരും തമ്മിൽ തർക്കമായി. ഒടുവിൽ സഹോദരന്മാർ നിസ്സാര വിലക്ക് കുട്ടിയെ കച്ചവടസംഘത്തിന് വിറ്റു. ഇതാണ് ഒരഭിപ്രായം. 


കച്ചവടസംഘത്തിന് കുട്ടിയെ കിണറ്റിൽ നിന്ന് കിട്ടി. അവർ കുട്ടിയെ കച്ചവടച്ചരക്കാക്കി ഒളിപ്പിച്ചുവെച്ചു. വീണുകിട്ടിയ മുതൽ പെട്ടെന്ന് ചെലവാക്കണം. ഉടമസ്ഥൻ അന്വേഷിച്ചുവരുംമുമ്പെ കൈമാറണം. സൂക്ഷിക്കാനല്ല, കൈമാറാനായിരുന്നു താല്പര്യം. അവർ ഈജിപ്തിൽ നിസ്സാരവിലക്ക് കുട്ടിയെ വിറ്റു. ഇരുപത് വെള്ളിക്ക് വിറ്റു എന്നൊരഭിപ്രായമുണ്ട്...


 പന്ത്രണ്ട് വെള്ളി എന്ന് പറഞ്ഞവരുമുണ്ട്. നാല്പത് വെള്ളിയിൽ താഴെയായിരുന്നു വില എന്നു മറ്റുചിലർ. അല്ലാഹുﷻ ഇതിനെല്ലാം സാക്ഷിയാകുന്നു...


 ഒരു പ്രവാചകനെയാണ് അവർ ഇത്രയും നിസ്സാരമായ വിലക്ക് വിൽക്കുന്നതെന്ന് അവരറിയുന്നില്ല. കച്ചവടസംഘം യൂസുഫിനെ ഉപയോഗിച്ച് വൻ സംഖ്യ സമ്പാദിച്ചതായും പറയപ്പെട്ടിട്ടുണ്ട്...