Monday - 13 July, 2026 26-Muharram-1448

അസീസ്

   അസീസിന്റെ ഭാര്യയാണ് സുലൈഖ. റയ്യാനുബ്നു വലീദ് രാജാവിന്റെ സഹോദരിയുടെ മകൾ. അതീവ സുന്ദരിയും ബുദ്ധിമതിയും. അവരുടെ വിവാഹം കഴിഞ്ഞിട്ട് കുറെ കാലമായി. മക്കളില്ല. അതാണവരുടെ ദാമ്പത്യത്തിന്റെ ഏക ദുഃഖം... 


 സുഖസൗകര്യങ്ങളെല്ലാമുണ്ട്. ഐശ്വര്യപൂർണമായ ജീവിതം. എല്ലാ സൗകര്യങ്ങളുമുള്ള കൊട്ടാരം. വേണ്ടത്ര ധനം. മിസ്റിന്റെ സാമ്പത്തിക നിയന്ത്രണം അസീസിന്റെ കൈവശമാണ്. പേരും പ്രശസ്തിയും വേണ്ടത്രയുണ്ട്...  


 അസീസ് അടിമയെ വാങ്ങി. യൂസുഫ് എന്ന അടിമ. ചെറുപ്പക്കാരിയായ സുലൈഖക്ക് അടിമയെ വല്ലാതെ ഇഷ്ടപ്പെട്ടു. അസീസ് ഭാര്യയോടിങ്ങനെ പറഞ്ഞു: "സുലൈഖാ... നീ ഇവനെ അടിമയായി കാണരുത്. മാന്യമായ താമസസൗകര്യം നൽകണം നല്ല ഭക്ഷണവും വസ്ത്രവും നൽകണം. ഇവനെക്കൊണ്ട് നമുക്ക് എന്തെങ്കിലും പ്രയോജനം ലഭിച്ചേക്കാം..."


 സുലൈഖക്കു അപ്പറഞ്ഞതൊക്കെ ഇഷ്ടപ്പെട്ടു. നല്ല ഭക്ഷണം, നല്ല വസ്ത്രം, നല്ല താമസം...


 എന്തൊരഴകാണിത്. ഇത്രയും സൗന്ദര്യമുള്ള ഒരു പുരുഷനെ ഇതുവരെ കണ്ടിട്ടില്ല. നല്ല ഭക്ഷണം കഴിക്കുമ്പോൾ ഈ അഴക് വർദ്ധിക്കും. നല്ല മുന്തിയ വസ്ത്രങ്ങൾ ഈ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടും.  യൂസുഫിന്റെ രൂപം മനസ്സിൽ പതിഞ്ഞുപോയി. ഒരിക്കലും മായ്ക്കാനാവാത്തവിധം...


 അല്ലാഹു ﷻ യൂസുഫിന് നൽകിയ അനുഗ്രഹങ്ങൾ അസീസിന്റെയും സുലൈഖയുടെയും മനസ്സ് ആ വിധത്തിലാക്കിയത് അല്ലാഹുﷻവാണ്. അല്ലാഹുﷻ വിശുദ്ധ ഖുർആനിൽ പറയുന്നു: 


 "ഈജിപ്തിൽ നിന്ന് കുട്ടിയെ വിലക്കുവാങ്ങിയവൻ ഭാര്യയോട് പറഞ്ഞു : ഇവന്റെ താമസത്തെ നീ മാന്യമാക്കുക. അവൻ നമുക്ക് പ്രയോജനപ്പെട്ടേക്കാം... അല്ലെങ്കിൽ നമുക്കവനെ ഒരു സന്താനമാക്കിവെക്കാം. അപ്രകാരം, യൂസുഫിന് ഭൂമിയിൽ നാം സൗകര്യമുണ്ടാക്കിക്കൊടുത്തു. സ്വപ്നവ്യാഖ്യാനം പഠിപ്പിക്കാൻ വേണ്ടിയാണത്. അല്ലാഹുﷻ അവന്റെ കാര്യത്തിൽ വിജയിക്കുന്നവനാകുന്നു. എങ്കിലും മനുഷ്യരിൽ അധികപേരും അറിയുന്നില്ല." (12:21)


 വളരെ വിശാലമായ ആശയങ്ങളാണ് ഈ വചനം ഉൾക്കൊള്ളുന്നത്. അസീസിന്റെ കൊട്ടാരത്തിൽ താമസിക്കാനുള്ള അവസരം അല്ലാഹുﷻ ഒരുക്കിക്കൊടുത്തു...  


 ലോകത്തിലെ ഏറ്റവും പരിഷ്കൃതമായ രാജ്യമാണ് അന്നത്തെ ഈജിപ്ത്. അതിന്റെ ഭരണസിരാകേന്ദ്രങ്ങളിലൊന്നാണ് അസീസിന്റെ കൊട്ടാരം. സാമ്പത്തിക കാര്യ വകുപ്പാണ് വളരെ പ്രധാനം. അതിന്റെ മേധാവിയാണ് അസീസ്. ഭരണകർത്താക്കൾ അവിടെ ഒത്തുകൂടും. ചർച്ചകളും തീരുമാനങ്ങളും നടപടികളുണ്ടാവും... 


 ഇതെല്ലാം കണ്ടു പഠിക്കാൻ യൂസഫിന് അവസരമുണ്ടായി. മിസ്റിന്റെ പ്രശ്നങ്ങൾ യൂസുഫ് കേട്ടു പഠിക്കുന്നു. പ്രശ്നപരിഹാരങ്ങളും കേട്ടറിയുന്നു. യൂസുഫിന്റെ മനസ്സിൽ അഭിപ്രായങ്ങൾ രൂപംകൊള്ളുന്നു. അസീസിന്റെ വിശദീകരണങ്ങൾ തന്നെ വളരെ പഠനാർഹമാണ്... 


 യൂസുഫ് എല്ലാം നന്നായി പഠിക്കണം. കാരണം അദ്ദേഹം നാളത്തെ ഭരണാധികാരിയാണ്. കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളിൽപോലും പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവുണ്ടാവണം. അസീസിന്റെ കൊട്ടാരത്തിൽ താമസമൊരുക്കിയതിന്റെ പേരിൽ ഇങ്ങിനെ പല പദ്ധതികളുമുണ്ട്. എല്ലാം അല്ലാഹുﷻവിന്നറിയാം... 


 സ്വപ്നവ്യാഖ്യാനം പഠിക്കാൻ പോവുകയാണ്. അല്ലാഹുﷻ അത് പഠിപ്പിച്ചു കൊടുക്കും. രാജാവിന്റെ സ്വപ്നം യൂസുഫിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറാൻ പോവുകയാണ്...


 പലതരത്തിലുള്ള ആളുകളുമായി ഇടപഴകാനുള്ള അവസരം ലഭിച്ചു. വ്യത്യസ്ഥ സ്വഭാവക്കാർ അവരുടെ മനസ്സറിയാനവസരം കിട്ടി. ജനനായകനാവാൻ പോവുന്ന ആൾ അതൊക്കെ നന്നായി പഠിക്കണം. അതിന്നെല്ലാം അവസരം സിദ്ധിച്ചു.