Wednesday - 22 April, 2026 4-Dhu al-Qadah-1447

ക്ഷമ

     സഹോദരന്മാർ അടുത്ത പദ്ധതി ആസൂത്രണം ചെയ്യുകയാണ്. പിതാവിനോടെന്ത് പറയും? പറയാൻ പറ്റിയ ഒരു കഥ മെനഞ്ഞുണ്ടാക്കി...


 യൂസുഫിനെ സാധനങ്ങൾ സൂക്ഷിക്കാൻ ഏൽപിച്ചു. ഞങ്ങൾ ആടുകളെയും കൊണ്ട് അല്പം ദൂരേക്ക് പോയി. അപ്പോൾ ഒരു ചെന്നായ വന്നു യൂസുഫിനെ കൊന്നുതിന്നു. ഇതായിരുന്നു കഥ...


 ഒരാടിനെ അറുത്തു അതിന്റെ രക്തം യൂസുഫിന്റെ ഉടുപ്പിൽ പുരട്ടി. അതുമായിട്ടാണവർ വരുന്നത്. രാത്രിയായി ഇരുട്ട് പരന്നു. ഇരുട്ടിലൂടെ സഹോദരന്മാർ വരുന്നു. അവർ ഉറക്കെ കരയുന്നുണ്ട്. എന്തൊരു ദുഃഖപ്രകടനം..  


യഅ്ഖൂബ് (അ) ശബ്ദം കേട്ട് പുറത്തുവന്നു...


 "ഉപ്പാ... ഞങ്ങളിതെങ്ങനെ സഹിക്കും ? സഹിക്കാൻ കഴിയുന്നില്ലുപ്പാ... ഞങ്ങൾ ആട്ടിനെ മേയ്ക്കാൻ പോയി സാധനങ്ങളുടെയടുത്ത് യൂസുഫിനെ നിർത്തിയിരുന്നു ഉപ്പാ... ആ ഭീകര രംഗം ഞങ്ങളെങ്ങനെ വർണിക്കും, ഒരു ചെന്നായ വന്നു ഞങ്ങളുടെ സഹോദരനെ കടിച്ചു കൊന്നു." 

അത്രയും പറഞ്ഞു അവർ ഉറക്കെ  കരഞ്ഞു... 


 "ഉപ്പാ....ഞങ്ങൾ പ്രിയപ്പെട്ട യൂസുഫിന്റെ ഉടുപ്പ് കൊണ്ടുവന്നിട്ടുണ്ട് അവന്റെ രക്തം പുരണ്ട ഉടുപ്പ് " 

യഅ്ഖൂബ് (അ) തളർന്നു പോയി... കണ്ണീരൊഴുകി...


 "എന്റെ മക്കളേ നിങ്ങൾ കൗശലം പ്രയോഗിച്ചു, പിശാച് നിങ്ങൾക്കത് തോന്നിപ്പിച്ചുതന്നു"  


 ചെന്നായ യൂസുഫിനെ ആക്രമിച്ചിട്ടില്ല.  യൂസുഫിന്റെ ഉടുപ്പ് കീറിയിട്ടില്ല. ഇത് മകന്റെ രക്തവുമല്ല. യഅ്ഖൂബ് (അ) ഊണു കഴിച്ചില്ല. ഉറങ്ങിയില്ല...


 മക്കൾ കരഞ്ഞുകൊണ്ട് ചുറ്റുമിരുന്നു. തങ്ങളുടെ ദുഃഖപ്രകടനം പിതാവ് ഗൗനിക്കുന്നില്ലെന്ന് അവർക്കറിയാമായിരുന്നു. മക്കൾ കൗശലം പ്രയോഗിച്ചു. അപ്പോൾ അവരെ നയിച്ചത് പിശാചായിരുന്നു...


 കിണറ്റിലിട്ട ഉടനെ മലക്കുകൾ യൂസുഫ് (അ) സമീപിച്ചു. ആശ്വസിപ്പിച്ചു. സന്തോഷിപ്പിച്ചു. അല്ലാഹുﷻ യൂസുഫ് (അ) നെ ഇങ്ങനെ അറിയിച്ചു: "ഇന്ന് നിന്റെ സഹോദരന്മാർ നിന്നെ കിണറ്റിലെറിഞ്ഞു. കൊടുംക്രൂരതയാണ്. വർഷങ്ങൾക്കുശേഷം അവർ നിന്റെ മുമ്പിലെത്തും അന്ന് ഈ ക്രൂരകൃത്യത്തെക്കുറിച്ച് നീ അവരോട് സംസാരിക്കും. അവർ നിന്നെ തിരിച്ചറിയുകയുമില്ല."


അല്ലാഹുﷻവിന്റെ കാരുണ്യത്തിൽ യൂസുഫ് (അ)ന് പൂർണ വിശ്വാസമുണ്ട്. അവൻ തന്നെ കൈവെടിയുകയില്ല. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക: 


 "അങ്ങനെ അവർ അദ്ദേഹത്തെ കൊണ്ടുപോവുകയും കിണറ്റിന്റെ അഗാധതയിലേക്ക് ഇടുവാൻ അവർ എല്ലാവരുംകൂടി യോജിച്ചു തീരുമാനിക്കുകയും ചെയ്തപ്പോൾ, നാം അദ്ദേഹത്തിന് ബോധനം നൽകി. അവരുടെ ഈ കാര്യത്തെപ്പറ്റി ഒരിക്കൽ നീയവരെ ബോധ്യപ്പെടുത്തുകതന്നെ ചെയ്യും അവരാകട്ടെ അറിയുകയുമില്ല." (12:15)


"അവർ സന്ധ്യമയങ്ങുംനേരം അവരുടെ പിതാവിന്റെ അടുക്കൽ കരഞ്ഞുകൊണ്ട് വരികയും ചെയ്തു." (12:16)


"അവർ പറഞ്ഞു: ഞങ്ങളുടെ ഉപ്പാ...ഞങ്ങൾ മത്സരിച്ച് ഓടിക്കൊണ്ടുപോയി. യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെ സമീപം വിട്ടേക്കുകയും ചെയ്തു. അങ്ങനെ അവനെ ചെന്നായ പിടിച്ചു തിന്നു. ഞങ്ങൾ സത്യം പറയുന്നവരാണെങ്കിലും താങ്കൾ വിശ്വസിക്കില്ല." (12:17) 


"അവർ യൂസുഫിന്റെ കുപ്പായത്തിൽ വ്യാജരക്തം കൊണ്ടുവരികയും ചെയ്തു. ഉപ്പ പറഞ്ഞു: നിങ്ങളുടെ മനസ്സുകൾ ഒരു കാര്യം നിങ്ങൾക്ക് ഭംഗിയാക്കിത്തന്നു (അത് നിങ്ങൾ ചെയ്തു എനിക്ക് ചെയ്യാനുള്ളത്) ഭംഗിയായ ക്ഷമ. നിങ്ങൾ വിവരിക്കുന്നതിനെപ്പറ്റി സഹായമപേക്ഷിക്കപ്പെടുന്നവൻ അല്ലാഹുﷻവാകുന്നു." (12:18)


 യൂസുഫിന് എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നു. എന്താണെന്ന് ഇവർ  പറയുന്നില്ല. ഇനി അതോർത്ത് അസ്വസ്ഥനായിട്ടും കാര്യമില്ല. എല്ലാം അല്ലാഹുﷻ കാണുന്നുണ്ട്. ഏത് വിപത്തിൽ നിന്നും രക്ഷിക്കാൻ  അല്ലാഹുﷻവിന് കഴിയും.  ക്ഷമിക്കുക. ഭംഗിയായി ക്ഷമിക്കുക. അതാണ് എനിക്ക് കരണീയം...


 എക്കാലത്തെയും സത്യവിശ്വാസികൾക്ക് മാതൃകയാവാൻ വേണ്ടി അല്ലാഹു ﷻ  ആ വചനം ഖുർആനിൽ ഉദ്ധരിച്ചു.