രാജാവിന്റെ സ്വപ്നവിവരം കൊട്ടാരത്തിൽ നിന്ന് പുറത്തേക്കൊഴുകി. അത് നാടാകെ പരന്നു. സ്വപ്നവ്യാഖ്യാനക്കാർക്ക് ഒന്നും പറയാൻ കഴിഞ്ഞില്ലെന്ന വിവരവും ജനമറിഞ്ഞു. വ്യാഖ്യാനക്കാർ വിഷണ്ണരായി തല താഴ്ത്തി...
അപ്പോഴാണ് പാനീയം തയ്യാറാക്കുന്നവന്റെ പ്രസ്താവന വന്നത്. ജയിലിൽ ഒരാളുണ്ട് വെറുതെ തടവിലാക്കപ്പെട്ട ഒരാൾ. മഹാ സുമുഖൻ. പേര് യൂസുഫ്. ഏത് സ്വപ്നവും വ്യാഖ്യാനിക്കും. സ്വപ്നവ്യാഖ്യാനക്കാർ ഞെട്ടി..!!
രാജാവിന്റെ സമ്മതം വാങ്ങി. അദ്ദേഹം ജയിലിലേക്ക് പോയതോടെ എല്ലാവരും ആകാംക്ഷയോടെ കാത്തിരിപ്പായി. വ്യാഖ്യാനം കിട്ടുമോ? രാജാവിന്റെ പാനീയ സേവകനെ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു...
ഒടുവിൽ സേവകൻ വന്നു. സ്വപ്ന വ്യാഖ്യാനം കിട്ടി. പട്ടണം അമ്പരന്ന് നിൽക്കുകയാണ്. എല്ലാവരും ആ പേര് ഉച്ചരിച്ചു. യൂസുഫ്. രാജകല്പന ജനമറിഞ്ഞു...
"യൂസുഫിനെ നമ്മുടെ മുമ്പിൽ ഹാജരാക്കുക"
ജനം ആഹ്ലാദഭരിതരായി. അവർ കൊട്ടാരത്തിനു മുമ്പിൽ തടിച്ചു കൂടി.
യൂസുഫ് വരും. വരട്ടെ. നാമൊന്നു കാണട്ടെ. കൺകുളിർക്കെ കാണട്ടെ! എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാജസേവകൻ ജയിലിലെത്തി...
രാജകല്പന ജയിലധികാരികൾക്കു കിട്ടി.
യൂസുഫിനെ മോചിപ്പിക്കുക. കൊട്ടാരത്തിലെത്തിക്കുക. ജയിലിലാകെ വാർത്ത പരന്നു. തടവുകാർ യൂസുഫിനെ കാണാൻ വന്നു. എല്ലാവരും വട്ടംകൂടിനിന്നു. വർഷങ്ങളോളം ഒന്നിച്ചു കഴിഞ്ഞവർ. അവർക്ക് ദീൻ പഠിപ്പിച്ചുകൊടുത്ത ഗുരുവാണ്. ദൈവദൂതനാണ്. ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റില്ല...
യൂസുഫ് (അ) ജയിൽ വിട്ടുപോയാൽ? വേർപാടിന്റെ വല്ലാത്ത വേദന. എന്നാലും അവർക്കൊരു സന്തോഷമുണ്ട് ജയിൽ പുള്ളിക്ക് അദ്ദേഹം നൽകിയ വെളിച്ചം. ഏകദൈവ വിശ്വാസത്തിന്റെ വെളിച്ചം. അത് ജയിലിന്റെ ചുമരുകൾക്കുള്ളിൽ ഒതുങ്ങിനിക്കാൽ പറ്റില്ല. അത് പുറത്തുള്ളവർക്കും ലഭിക്കട്ടെ...
സർവശക്തനായ അല്ലാഹുﷻവിൽ നിന്ന് യൂസുഫ് (അ)ന് ദിവ്യ സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. അത് നാട്ടിലാകെ അലയടിക്കട്ടെ. ജനങ്ങൾ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് സഞ്ചരിക്കട്ടെ...
യൂസുഫ് (അ) പെട്ടെന്ന് ജയിലിൽ നിന്നിറങ്ങാൻ കൂട്ടാക്കിയില്ല. തന്നെപ്പറ്റി ജനങ്ങളുടെ മനസ്സിൽ ബാക്കിനിൽക്കുന്ന തെറ്റിദ്ധാരണകളെല്ലാം നീങ്ങട്ടെ...
നാട്ടിലെ പെണ്ണുങ്ങളാണ് തന്നെപ്പറ്റി പലതും പറഞ്ഞു പരത്തിയത്. സുലൈഖയും കൂട്ടുകാരികളുമാണ് തെറ്റുകാർ. താനല്ല. അക്കാര്യം അവർതന്നെ പരസ്യമായി പ്രഖ്യാപിക്കട്ടെ. അതുവരെ കൊട്ടാരത്തിലേക്കില്ല. കൊട്ടാരം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് യൂസുഫിനെ സ്വീകരിക്കാൻ...
യൂസുഫ് വന്നില്ല. വന്നത് സന്ദേശം. പഴയ സംഭവത്തെക്കുറിച്ച് പെണ്ണുങ്ങൾ പ്രസ്താവന നടത്തട്ടെ. വാർത്ത പുറത്തേക്കൊഴുകി. ജനത്തിനാവേശമായി. സത്യമറിയാൻ ആകാംക്ഷ. നാടാകെ ഉണർന്നു. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ആവേശം...
രാജാവിന് അടങ്ങിയിരിക്കാൻ കഴിയുമോ?
തന്റെ സ്വപ്നം. അതിന് കിട്ടിയ വ്യാഖ്യാനം. നാട് വമ്പിച്ച പരീക്ഷണത്തിലേക്ക് നീങ്ങുന്നു. പരീക്ഷണത്തിൽ തന്നെ സഹായിക്കാനാർക്ക് കഴിയും..?