ഈജിപ്തിൽ ഒരു പുതുയുഗപ്പിറവി. എല്ലാവരും സന്തുഷ്ടർ. ഏറ്റവും കൂടുതൽ സന്തോഷം സുലൈഖാക്ക്. ഭർത്താവിന്റെ മാതാപിതാക്കളെ പരിചരിക്കാനുള്ള അവസരമാണ് സുലൈഖാക്ക് ലഭിച്ചത്...
യഅ്ഖൂബ് (അ) സുലൈഖാക്ക് മതവിധികൾ പഠിപ്പിച്ചു. നേരത്തെ അറിയാത്ത നിരവധി കാര്യങ്ങൾ പഠിപ്പിച്ചു. അവർ പണ്ഡിത വനിതയായി മാറുകയാണ്. പുതു ജീവിതം സുലൈഖയെ ഉത്സാഹവതിയാക്കി...
യൂസുഫിന്റെയും സുലൈഖയുടെയും പുത്രന്മാരായ അഫ്റാഇം, മൻശാ എന്നിവർ ഉപ്പൂപ്പയുടെയും ഉമ്മൂമായുടെയും സ്നേഹഭാജനങ്ങളാണ്. അവരുടെ പുത്രി റഹ്മത്ത് എല്ലാവരുടെയും കണ്ണിലുണ്ണിയാണ്...
റഹ്മത്തിനെ വിവാഹം ചെയ്തത് അയ്യൂബ് നബി (അ) ആകുന്നു. അയ്യൂബ് (അ) ദീർഘകാലം മഹാരോഗത്തിൽ കിടന്നപ്പോൾ റഹ്മത്ത് സഹിച്ച ദുഃഖങ്ങളും കഷ്ടപ്പാടുകളും ലോക പ്രസിദ്ധമായിത്തീർന്നു. അയ്യൂബ് നബി (അ) ന്റെ ജീവിതപങ്കാളിയെന്ന നിലയിൽ അവർ ചരിത്ര വനിതയായിത്തീർന്നു. അയ്യൂബ് നബി (അ) ന്റെ ഭാര്യ മൻശായുടെ മകൾ ലിയാ ആണെന്നും അഭിപ്രായമുണ്ട്...
യൂസുഫ് (അ) രാജ്യകാര്യങ്ങളിൽ വ്യാപൃതരായി. ഒഴിവുകിട്ടുമ്പോഴെല്ലാം മാതാപിതാക്കളുടെ സമീപം ഓടിയെത്തും. "എനിക്ക് കൊട്ടാരമൊന്നും വേണ്ട ചെറിയൊരു വീടുണ്ടാക്കിത്തന്നാൽ മതി എന്റെ പ്രാർത്ഥനകളുമായി ഞാനവിടെ കഴിഞ്ഞുകൊള്ളാം." യഅ്ഖൂബ്(അ) പറഞ്ഞു...
അതനുസരിച്ച് ഒരു ചെറിയ വീട് നിർമ്മിച്ചുകൊടുത്തു. യഅ്ഖൂബ് (അ) അതിൽ ശാന്ത ജീവിതം നയിച്ചു. സഹോദരന്മാർക്കെല്ലാം ഓരോ വീടുകൾ പണിതുകൊടുത്തു. അവരവയിൽ താമസമാക്കി. ശാന്തിയും സമാധാനവും കളിയാടി. അവർ പലവിധ ജോലികളിൽ വ്യാപൃതരായി...
ബിൻയാമീൻ യൂസുഫ് (അ)നോടൊപ്പം താമസിച്ചു. രാജ്യകാര്യങ്ങളിൽ അവർ ചർച്ച ചെയ്യും നടപ്പാക്കും. ഇസ്രാഈല്യർ ഈജിപ്തുകാരുടെ സ്നേഹത്തിനും വാത്സല്യത്തിനും പാത്രീഭൂതരായി. പന്ത്രണ്ട് മക്കളിൽ നിന്ന് പന്ത്രണ്ട് ഗോത്രങ്ങൾ വളർന്നു വന്നു. അവർ സാമൂഹിക ജീവിതത്തിൽ ഉയർന്ന പദവികൾ വഹിച്ചു...
യൂസുഫ് നബി (അ)ന്റെ പുത്രൻ അഫ്റാഈമിന്റെ വിവാഹം നടന്നു. ഇതിൽ ജനിച്ച കുട്ടിയാണ് നൂൻ. ഈ കുട്ടി വളർന്നു വലുതായി വിവാഹിതനായി. നൂനിന് ഒരാൺകുട്ടി പിറന്നു. ആ കുട്ടിയാണ് യൂശഅ് നബി (അ)...
ക്ഷാമകാലം അവസാനിച്ചു. നന്നായി മഴ പെയ്തു. ഈജിപ്തിൽ ഐശ്വര്യം കളിയാടി. യഅ്ഖൂബ്(അ) ഈജിപ്തിലെത്തിയിട്ട് വർഷങ്ങൾ കുറെയായി. ഈ കാലയളവിൽ ഇവിടെ എന്തെല്ലാം മാറ്റങ്ങളുണ്ടായി. എത്രപേർ മരിച്ചു പോയി. എത്ര കുഞ്ഞുങ്ങൾ പിറവിയെടുത്തു. കാലം അതിന്റെ പ്രവാഹം തുടരുന്നു...
യഅ്ഖൂബ് (അ)ന്റെ ആയുസ്സ് അവസാനിക്കുകയാണ്. പുത്രന്മാരുടെ സ്നേഹവും സഹകരണവും വേണ്ടുവോളം കിട്ടി. അല്ലാഹുﷻവിന് സ്തുതി...
"ഞാൻ മരണപ്പെട്ടാൽ എന്നെ എന്റെ പിതാവിന്റെ സമീപം ഖബറടക്കണം." യഅ്ഖൂബ് (അ) മകനെ ഓർമ്മപ്പെടുത്തി. സംഭവബഹുലമായ ജീവിതത്തിന് അന്ത്യമായി. യഅ്ഖൂബ് (അ) വഫാത്തായി. ഈജിപ്തിലാകെ ദുഃഖം പരന്നു.
യഅ്ഖൂബ് (അ) ഈജിപ്തിലേക്കു കടന്നുവന്ന ദിവസത്തെ ആഹ്ലാദം അവർ മറന്നിട്ടില്ല. അന്നത്തെ ആഹ്ലാദം പങ്കിട്ട നിരവധി പേർ ഇന്നും ജീവിച്ചിരിപ്പുണ്ട്. അവരിൽ നിന്ന് പുതിയ തലമുറ അത് കേട്ടു. ഇന്ന് ഈജിപ്ത് ശോകമൂകമാണ്...
അന്ത്യയാത്ര. ഇസ്ഹാഖ്(അ) ന്റെ ഖബ്റിന്റെയും ഇബ്രാഹിം (അ)ന്റെ ഖബറിന്റെയും സമീപം യഅ്ഖൂബ്(അ) ഖബറടക്കപ്പെട്ടു. കാലം പിന്നെയും ഒഴുകി. ചരിത്രത്തിന്റെ സ്മാരകങ്ങളായി ആ ഖബറുകൾ നിലകൊണ്ടു...
യഅ്ഖൂബ്(അ), യൂസുഫ് (അ) പിതാവും പുത്രനും. ഇരുവരും പ്രവാചകന്മാർ. ഇരുവരിൽ നിന്നും സുലൈഖ ദീൻ പഠിച്ചു. അല്ലാഹുﷻവിനെക്കുറിച്ചു കൂടുതൽ കൂടുതൽ അറിഞ്ഞു. ഭർത്താവായ യൂസുഫിനെ സ്വന്തം ജീവനെക്കാളേറെ സ്നേഹിച്ചു. അതാണ് പരമമായ സ്നേഹം എന്നു വിശ്വസിച്ചു. താൻ നേടിയ അറിവും ബുദ്ധിയും വെച്ച് സുലൈഖ ചിന്തിക്കാൻ തുടങ്ങി...
പരമമായ സ്നേഹം എവിടെ? മനസ്സിൽ സ്നേഹമെന്ന വികാരം ആര് നൽകി?
യൂസുഫിനെ തന്റെ മുമ്പാലെത്തിച്ചതാര്?
തന്റെ സൗന്ദര്യം ആര് തന്നു? യൂസുഫിന്റെ അഴക് എവിടെനിന്ന് കിട്ടി ?
തങ്ങൾക്കു പിറന്ന പുത്രന്മാർ അഫ്റായിം, മൻശാ ഇവരെ തങ്ങൾക്കു നൽകിയതാര് ?
എല്ലാ ചോദ്യങ്ങൾക്കും ഒരേ ഉത്തരം അല്ലാഹുﷻ
അല്ലാഹുﷻവിനെ സ്നേഹിക്കണം. അവനെ ആരാധിക്കണം. മനസ്സിൽ അല്ലാഹുﷻവിനെക്കുറിച്ചുള്ള ചിന്ത വളരുന്നു. എപ്പോഴും ആരാധന. പണ്ട് യൂസുഫിനെക്കുറിച്ചുള്ള ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ആ സ്ഥാനത്ത് അല്ലാഹുﷻവിനെക്കുറിച്ചാണ് ചിന്ത. യൂസുഫിലൂടെ അല്ലാഹുﷻവിനെ ദർശിക്കുന്നു. മനസ്സിൽ വല്ലാത്ത അവസ്ഥ..!
യൂസുഫ് (അ)ന് സുലൈഖയോടുള്ള സ്നേഹം നാൾക്കുനാൾ വർദ്ധിച്ചുവന്നതേയുള്ളൂ. ഒരിക്കൽ സുലൈഖയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചു. സുലൈഖ കുതറിമാറി. വാതിൽക്കലേക്കോടിയ സുലൈഖയെ യൂസുഫ് (അ) ഓടിപ്പിടിച്ചു. പിടിവലിയിൽ സുലൈഖയുടെ ഉടുപ്പിന്റെ പിൻഭാഗം കീറിപ്പോയി...
സുലൈഖ ചിരിച്ചു കൊണ്ട് പറഞ്ഞു: "കണ്ടോ... ഇത് അന്നത്തേതിന് പകരമാണ്"
കളിയും ചിരിയും സ്നേഹവും വാത്സല്യവുമായി ആ ദാമ്പത്യജീവിതം മുമ്
പോട്ടുനീങ്ങി. ആത്മീയതയുടെ ഉന്നത പദവിയിലേക്കുയരുകയായിരുന്നു ആ ദമ്പതികൾ...