Saturday - 13 June, 2026 26-Dhu al-Hijjah-1447

സഫലമായ സായം സന്ധ്യ (2)

   കുടുംബാംഗങ്ങൾക്കിടയിൽ ആഹ്ലാദം അലയടിച്ചുയർന്നു. എല്ലാവരും പോവുകയാണ്. ഈജിപ്തിലേക്ക്. മക്കൾ, അവരുടെ ഭാര്യമാർ, അവരുടെ മക്കൾ, അടുത്ത ബന്ധുക്കൾ എല്ലാവരും യാത്രക്ക് സന്നദ്ധരായി. എല്ലാവരും യൂസുഫിന്റെ വിരുന്നുകാർ...


 വർഷങ്ങളായി യൂസുഫിനെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു. ഇന്നറിയുന്നു മിസ്റിലെ ഭരണാധികാരിയെന്ന്. മിസ്റിലെ രാജകൊട്ടാരത്തിലേക്കാണ് ഈ യാത്ര. ആട്ടിനെ മേച്ചു നടന്നവർക്ക് കൊട്ടാരത്തിൽ സ്വീകരണം. അത്യപൂർവ സംഭവം. എല്ലാ സ്വീകരണവും പിതാവിനാണ്. എല്ലാ ബഹുമാനവും അദ്ദേഹത്തിനാണ്. പിതാവ് ഒട്ടകപ്പുറത്ത് കയറി. ബന്ധുക്കൾ അനേകം ഒട്ടകങ്ങളിലായി കയറി... 


 സാധനങ്ങൾ അനേകം കെട്ടുകളിലിക്കി. പുറപ്പെട്ട കാര്യമറിയിക്കാൻ ചിലർ മുമ്പെ സഞ്ചരിച്ചു. ഈജിപ്ത് ആഹ്ലാദത്തിമർപ്പിലാണ്. ഉത്സവ പ്രതീതിയാണെവിടെയും. യൂസുഫ് നബി (അ) ന്റെ വന്ദ്യപിതാവ് ആഗതനാവുന്നു. ഇതിനെക്കാൾ വലിയൊരു സന്തോഷവാർത്തയുണ്ടോ..?


 യൂസുഫ് (അ), രാജാവ്, മന്ത്രിമാർ എന്നിവർ ചേർന്നു രാജ്യത്തിന്റെ അതിർത്തിയിൽ വെച്ച് സ്വീകരണം നൽകും. ആയുധധാരികളായ പട്ടാളക്കാരുടെ അകമ്പടി. പാതയോരങ്ങളിൽ ജനങ്ങൾ തടിച്ചു കൂടുന്നു...  


 യൂസുഫ് (അ) ന്റെ പിതാവ്. ഈജിപ്തിന്റെ പിതാവ്. പിതാവേ അങ്ങ് വന്നാലും. കാത്തുകാത്തിരുന്ന നിമിഷങ്ങൾ പിറന്നു. യഅ്ഖൂബ് (അ) എത്തി. യൂസുഫ് (അ) പിതാവിനെ ആലിംഗനം ചെയ്തു. പിതാവും പുത്രനും പരസ്പരം കണ്ടു. പതിറ്റാണ്ടുകൾക്കു ശേഷം.  നാലു കണ്ണുകൾ നിറഞ്ഞൊഴുകി. എല്ലാ കണ്ണുകളും അന്വേഷിക്കുന്നത് ആ പിതാവിനെയാണ്. എന്തൊരു ഗാംഭീര്യം ആ മുഖത്തിന്. എന്തൊരു ഐശ്വര്യം. അദ്ദേഹത്തിന്റെ സാന്നിധ്യം ഈജിപ്തിന് മഹത്തായ അനുഗ്രഹമാണ്...


 ഘോഷയാത്ര നീങ്ങുകയാണ്. സന്തോഷത്തിന്റെ അലയൊലികൾ. കൊട്ടാരം തിങ്ങിനിറഞ്ഞ ജനക്കൂട്ടം. ഒരു നോക്കു കാണാൻ തിരക്കു കൂട്ടുന്നവർ. യഅ്ഖൂബ് (അ) കൊട്ടാരത്തിലെത്തി.  രാജകൊട്ടാരം എത്ര ഗംഭീര്യം. ഗ്രാമത്തിലെ കുടിലിൽ നിന്ന് പട്ടണത്തിലെ കൊട്ടാരത്തിലേക്ക്. എല്ലാം അല്ലാഹുﷻവിന്റെ വിധി. അൽഹംദുലില്ലാഹ്...


 മാതാവിനെയും പിതാവിനെയും സിംഹാസനത്തിലിരുത്തി. പിതാവും പുത്രനും പലതും സംസാരിച്ചു. സഹോദരങ്ങൾ തലകുനിച്ചു നിന്നു. മാതാപിതാക്കളും സഹോദരങ്ങളും യൂസുഫിനു മുമ്പിൽ തല കുനിച്ചു. ആഹ്ലാദം അലയടിച്ചുയർന്ന നിമിഷങ്ങൾ...


 വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നതിങ്ങിനെയാണ്:  "അങ്ങനെയവർ യൂസുഫ് നബിയുടെ അടുക്കൽ പ്രവേശിച്ചപ്പോൾ തന്റെ മാതാപിതാക്കളെ തന്നിലേക്കദ്ദേഹം അണച്ചുകൂട്ടി. (ആലിംഗനം ചെയ്തു സ്വീകരിച്ചു) അദ്ദേഹം പറഞ്ഞു: അല്ലാഹുﷻ ഉദ്ദേശിക്കുന്ന പക്ഷം, നിർഭയരായി ഈജിപ്തിലേക്ക് പ്രവേശിക്കുക." (12:99)


"തന്റെ മാതാപിതാക്കളെ അദ്ദേഹം സിംഹാസനത്തിൽ കയറ്റി ഇരുത്തുകയും ചെയ്തു. അവരെല്ലാവരും അദ്ദേഹത്തിന് സാഷ്ടാംഗം ചെയ്യുന്നവരായി വീണു. അദ്ദേഹം പറഞ്ഞു: എന്റെ വന്ദ്യ പിതാവേ ഞാൻ മുമ്പ് കണ്ട സ്വപ്നത്തിന്റെ പുലർച്ചയാണിത്. എന്റെ രക്ഷിതാവ് അങ്ങിനെ സാക്ഷാൽക്കരിച്ചിരിക്കുന്നു. എന്നെ ജയിലിൽ നിന്ന്  അവൻ മോചിപ്പിച്ചപ്പോഴും എന്റെയും എന്റെ സഹോദരന്മാരുടെയും ഇടയിൽ പിശാച് കുഴപ്പം ഉണ്ടാക്കിയപ്പോഴും നിങ്ങളെ മരുഭൂമിയിൽ നിന്ന് എന്റെ അടുക്കൽ കൊണ്ടുവന്നപ്പോഴും എനിക്ക് അവൻ വലിയ ഗുണം ചെയ്തിട്ടുണ്ട്. നിശ്ചയമായും എന്റെ രക്ഷിതാവ് താനുദ്ദേശിക്കുന്ന കാര്യങ്ങൾ സൗമ്യമായി ചെയ്യുന്നവനാകുന്നു. നിശ്ചയമായും അവൻ സർവജ്ഞനും മഹായുക്തിമാനുമാകുന്നു." (12:100)


 പതിറ്റാണ്ടുകൾക്കു ശേഷം മാതാപിതാക്കളെ സ്വന്തം ഭവനത്തിൽ കിട്ടിയ അനർഘ നിമിഷത്തിൽ യൂസുഫ് നബി (അ) അല്ലാഹുﷻവിന്റെ അനുഗ്രഹത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.


 ജയിലിൽ നിന്നുള്ള മാന്യമായ മോചനം. വളരെ മഹത്തായ അനുഗ്രഹം തന്നെ. ആ മോചനം രാജാധികാരത്തിലേക്കാണ് മഹാനായ പ്രവാചകനെ എത്തിച്ചത്...


 മാതാപിതാക്കൾ വന്നു ചേർന്നതാണ് മറ്റൊരു അനുഗ്രഹം. അവരുടെ സാമീപ്യം നഷ്ടപ്പെട്ടിട്ട് കാലമെത്രയായി? ഇന്നവർ തന്റെ കൂടെയുണ്ട്. ഇനിയുള്ള കാലം ഇവിടെത്തന്നെയുണ്ടാവും...


 സഹോദരന്മാർ. അവരെക്കുറിച്ചോർത്ത് ഇനി വ്യാകുലപ്പെടേണ്ടതില്ല. ഇന്നവർ പശ്ചാത്താപ വിവശരാണ്. പണ്ട് പിശാചിന്റെ ദുർബോധനങ്ങൾക്കനുസരിച്ചു പ്രവർത്തിച്ചു. അങ്ങനെയൊക്കെ സംഭവിച്ചുപോയതിൽ അവർ ഖേദിക്കുന്നു... 


 ശാന്തമായ ദിവസങ്ങൾ ഒഴുകിക്കൊണ്ടിരുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ ദിവസങ്ങൾ. സഹോദരങ്ങളെല്ലാം ഓരോ ജോലികളിൽ വ്യാപൃതരായി. ഇനി അധ്വാനിച്ചു ജീവിക്കണം. അല്ലാഹു ﷻ അനുഗ്രഹിച്ച മണ്ണ്. ഇവിടെ അധ്വാനിച്ചാൽ നിരാശ വരില്ല. മാതാപിതാക്കൾ ഇബാദത്തുകളിൽ മുഴുകി. അല്ലാഹുﷻവിന് ദിക്റ് ചൊല്ലി. ജനങ്ങൾക്ക് സദുപദേശം നൽകി. അവരോടൊപ്പം പ്രാർത്ഥനകളിൽ മുഴുകി. ജീവിതത്തിന്റെ സായംസന്ധ്യ ഏറെ സഫലമായിത്തീർന്നു.