യൂസുഫ് (അ) ശക്തനായ ഭരണാധികാരിയായിരുന്നു. ആനിലക്ക് എല്ലാവരുടെയും ആദരവും അംഗീകാരവും നേടിയിരുന്നു. ഈജിപ്തിലെ ഖിബ്ത്തി വംശത്തെയാണ് അദ്ദേഹം ഇസ്ലാമിലേക്ക് ക്ഷണിച്ചത്. ധാരാളമാളുകൾ ആ ക്ഷണം സ്വീകരിച്ചു മുസ്ലിംകളായി. രാജാവും പ്രധാനികളും ഇസ്ലാം മതം സ്വീകരിച്ചു...
എന്നാൽ സംശയാലുക്കളായി മാറിനിന്നവരും ഉണ്ടായിരുന്നു. ഭരണാധികാരിയെന്ന നിലയിൽ അംഗീകരിക്കുക. പ്രവാചകനെന്ന നിലയിൽ മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിയാതിരിക്കുക. ഇതായിരുന്നു അവരുടെ നില...
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: "മുമ്പ് യൂസുഫ് നിങ്ങൾക്ക് തെളിവുകളായി വന്നിട്ടുണ്ട്. എന്നിട്ട് അദ്ദേഹം നിങ്ങൾക്ക് കൊണ്ടുവന്നതിനെപ്പറ്റി നിങ്ങൾ സംശയത്തിലായിക്കൊണ്ടേയിരുന്നു.
അങ്ങനെ അദ്ദേഹം മരണമടഞ്ഞ് കാലം ചെന്നപ്പോൾ നിങ്ങൾ പറഞ്ഞു : അദ്ദേഹത്തിനുശേഷം അല്ലാഹു ﷻ ഇനിയൊരു പ്രവാചകനെയും നിയോഗിക്കുകയില്ല. അപ്രകാരം ഏതൊരുവൻ അതിര് കവിഞ്ഞവനും സംശയാലുവുമാണോ അവനെ അല്ലാഹു വഴി പിഴവിലാക്കുന്നു." (40:34)
പ്രവാചകന്മാരോട് ശത്രുത പുലർത്തുന്ന ജനതയെ എക്കാലത്തും നാം കാണുന്നു. ഒരു പ്രവാചകൻ വരുന്നതിനെ അവർ ഇഷ്ടപ്പെടുന്നില്ല. വരുമ്പോൾ അംഗീകരിക്കുകയില്ല...
പതിനാല് വർഷത്തേക്കുള്ള ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്തു. വിജയകരമായി നടപ്പിൽ വരുത്തിയ മഹാനായ ഭരണാധികാരിയായിരുന്നു യൂസുഫ് (അ). എല്ലാ മതവിഭാഗക്കാരും അതംഗീകരിക്കുന്നു. അതേ സമയം ആ മഹാപ്രവാചകൻ പ്രചരിപ്പിച്ച തൗഹീദിന്റെ സന്ദേശം ഉൾക്കൊള്ളാൻ പലർക്കും കഴിഞ്ഞില്ല...
മാതാപിതാക്കളും സഹോദരങ്ങളും ഈജിപ്തിലെത്തി. ഈജിപ്ത് ആഹ്ലാദത്തിൽ മുങ്ങി. സ്വപ്നങ്ങൾ വ്യാഖ്യാനം നൽകാനുള്ള മഹത്തായ ജ്ഞാനം അല്ലാഹു ﷻ നൽകി. രാജാവിന്റെ സ്വപ്നം. യൂസുഫ് (അ) അതിന് നൽകിയ വ്യാഖ്യാനം. തുടർന്നാണ് യൂസുഫ് (അ) ഈജിപ്തിനെ നയിക്കുന്നത്. അതെല്ലാം ഓരോ പൗരനും നന്നായറിയാം...
അതിമഹത്തായ അനുഗ്രഹം എന്നെല്ലാവരും പറഞ്ഞു. ഏറ്റവും മഹത്തായ അനുഗ്രഹം. അതൊന്നുമല്ല യഥാർത്ഥ മുസ്ലിമാവുകയെന്നതാണ് മഹത്തായ അനുഗ്രഹം. സംശയാലുക്കളുടെ കണ്ണുതുറപ്പിക്കേണ്ട വചനം യൂസുഫ് നബി (അ) ന്റെ വായിൽനിന്നു വന്നു...
യൂസുഫ് (അ)ന്റെ മഹത്തായ പ്രാർത്ഥന വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: "എന്റെ രക്ഷിതാവേ രാജാധികാരത്തിൽ നിന്ന് എനിക്ക് നീ നൽകി. സ്വപ്ന വ്യാഖ്യാനം എനിക്ക് നീ പഠിപ്പിക്കുകയും ചെയ്തു. ആകാശ ഭൂമികളുടെ സൃഷ്ടാവേ! നീയാണ് ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരി. എന്നെ മുസ്ലിമായി മരിപ്പിക്കേണമേ. എന്നെ സജ്ജനങ്ങളിൽ ചേർക്കുകയും ചെയ്യേണമേ." (12:101)
മുസ്ലിമായി മരിക്കുക.
സജ്ജനങ്ങളുടെ കൂട്ടത്തിൽ പെട്ടുകിട്ടുക. ഇതായിരുന്നു യൂസുഫ് (അ) ന്റെ പ്രാർത്ഥന. യൂസുഫ് (അ)ന്റെ സുദീർഘമായ ചരിത്രം പ്രാർത്ഥനയോടെ അവസാനിക്കുന്നു...
തന്റെ ജനതയെ ഇസ്ലാം മതത്തിലേക്ക് ക്ഷണിച്ചു. അവരെ മുസ്ലിം കളാക്കാൻ ശ്രമിച്ചു. മുസ്ലിംകളായിക്കാണാൻ അതിയായി മോഹിച്ചു. പിതാവിന്റെ മരണശേഷം യൂസുഫ് (അ) ൽ മരണചിന്ത വർദ്ധിച്ചു. സൽക്കർമ്മങ്ങൾ വർദ്ധിപ്പിച്ചു...
യഅ്ഖൂബ്(അ) ന്റെ ആഗമനം ഈജിപ്തിന്റെ ബർക്കത്ത് (അനുഗ്രഹം) ആയിരുന്നു. അദ്ദേഹത്തോടൊപ്പം വന്നവർ എത്രപേരായിരുന്നു? അതിൽ അഭിപ്രായവ്യത്യാസം കാണുന്നു.
അറുപത്തിമൂന്നു പേരായിരുന്നുവെന്ന് അബൂഇസ്ഹാഖിന്റെ റിപ്പോർട്ട്. മൂസബ്നു ഉബൈദിന്റെ റിപ്പോർട്ടനുസരിച്ച് എൺപത്തിമൂന്നുപേർ. അഹ്ലുകിതാബിന്റെ അഭിപ്രായത്തിൽ എഴുപത് പേർ...
പിതാവും പുത്രനും തമ്മിൽ കാണാതെ പിരിഞ്ഞു നിന്നത് എത്ര വർഷമാണ്? അവിടെയും പല അഭിപ്രായങ്ങൾ. അഹ്ലുകിതാബിന്റെ കണക്കനുസരിച്ച് ഇത് നാല്പത് കൊല്ലം. ഖത്ത്വാദയുടെ റിപ്പോർട്ടിൽ മുപത്തഞ്ചു വർഷം. എൺപത് വർഷമെന്നും എൺപത്തിമൂന്നു വർഷമെന്നും പറയപ്പെട്ടിട്ടുണ്ട്...
ഈജിപ്തിൽ പ്രവേശിക്കുമ്പോൾ യഅ്ഖൂബ് (അ) ന് നൂറ്റി മുപ്പത് വയസ്സ് പ്രായമുണ്ടായിരുന്നുവെന്നും, യൂസുഫ് (അ)നോടൊപ്പം പതിനേഴ് വർഷം ജീവിച്ചുവെന്നും അഹ്ലുകിതാബ് പറയുന്നു...
യൂസുഫ് (അ)ന്റെ നാളുകൾ അവസാനിക്കുകയാണ്. സഹോദരൻ യഹൂദയെ സമീപത്തേക്ക് വിളിച്ചു വസിയ്യത്ത് നൽകി. തന്റെ ദൗത്യം ഏറ്റെടുത്തു നടത്തുക. തൗഹീദിലേക്ക് ജനങ്ങളേ ക്ഷണിക്കുക. തൗഹീദിന്റെ സന്ദേശം പ്രചരിപ്പിക്കുക...
യൂസുഫ് (അ) അന്ത്യശ്വാസം വലിച്ചു...
إنا لله وإنا إليه راجعون
ഈജിപ്ത് വിതുമ്പി. അഭയകേന്ദ്രം നഷ്ടപ്പെട്ടതുപോലുള്ള ദുഃഖം. സംഭവബഹുലമായ ജീവിതത്തിനന്ത്യം...
യൂസുഫ് (അ) പൂർവ്വ പിതാക്കളോടൊപ്പം അന്ത്യവിശ്രമം കൊള്ളുന്നു. മുബാറക്ബ്നു ഫുളാലത്തിന്റെ വാക്കുകൾ ഉദ്ധരിക്കാം :
"യൂസുഫ് (അ) പതിനേഴാം വയസ്സിൽ പിതാവിൽ നിന്നകന്നു. എൺപത് വർഷക്കാലം പിതാവും പുത്രനും പരസ്പരം കണ്ടില്ല. പിന്നെ പിതാവും പുത്രനും ഈജിപ്തിൽ കണ്ടുമുട്ടി. പിന്നീട് യൂസുഫ് (അ) ഇരുപത്തിമൂന്നു വർഷം ജീവിച്ചു. ആകെ ജീവിച്ചത് നൂറ്റി ഇരുപത് വർഷം."
യഅ്ഖൂബ് (അ)നെയും യൂസുഫ് (അ)നെയും അവരുടെ കുടുംബത്തെയും അനുഗ്രഹിച്ച അല്ലാഹു ﷻ നമ്മെയും നമ്മുടെ കുടുംബങ്ങളെയും അനുഗ്രഹിക്കട്ടെ. ആമീൻ
എല്ലാ സ്നേഹവും അല്ലാഹുﷻവിന്റെ പ്രീതി ലക്ഷ്യമാക്കണം. യൂസുഫ് (അ)ന്റെയും സുലൈഖ(റ)യുടെയും സ്നേഹം പോലെ. അവരാണ് സ്നേഹത്തിന്റെ പൊരുൾ കണ്ടെത്തിയവർ. അതുകൊണ്ട് അവരുടെ സ്നേഹം അനശ്വരമായി...
യൂസുഫ് (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ
യൂസുഫ് നബി (അ)നും മറ്റു
ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
【 യൂസുഫ് നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】