സമൃദ്ധിയുടെ ഏഴ് വർഷങ്ങൾ കടന്നുപോയി. ധാന്യസംഭരണകേന്ദ്രങ്ങളിൽ നിറയെ നിറയെ ധാന്യങ്ങളുണ്ട്. റേഷൻ സമ്പ്രദായം നടപ്പിൽ വരികയാണ്. ഭക്ഷ്യ ഉപയോഗത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി...
ഒരു ദിവസം യൂസുഫ് (അ) രാജാവിനോടിങ്ങനെ പറഞ്ഞു: "ഇന്ന് രാത്രി മുതൽ ക്ഷാമകാലം തുടങ്ങുകയാണ്. വിശപ്പും അക്ഷമയും വർദ്ധിക്കും."
"പാവപ്പെട്ടവർ വിശന്നു കഷ്ടപ്പെടുമല്ലോ?" രാജാവ് സങ്കടപ്പെട്ടു.
"പാവപ്പെട്ടവർക്കു മാത്രമല്ല, എല്ലാവർക്കും വിശപ്പ് കൂടും."
അന്ന് അർദ്ധരാത്രിയായപ്പോൾ രാജാവിന്നത് ബോധ്യപ്പെട്ടു...
"എന്തൊരു വിശപ്പ് ?"
കാർമേഘങ്ങളില്ലാത്ത ആകാശം. വരണ്ടുണങ്ങിയ ഭൂമി. മഴയുടെ നേരിയ സാധ്യതപോലുമില്ല. വീട്ടുകാർ ധാന്യം വാങ്ങാൻ തടിച്ചു കൂടി. നിശ്ചിത അളവിൽ എല്ലാ വിഭവങ്ങളും നൽകപ്പെട്ടു...
ആളുകൾ കുറച്ചു ഭക്ഷണം പാകം ചെയ്തു. എല്ലാവരും കൂടിയിരുന്ന് ആഹാരം കഴിച്ചു. ദിവസങ്ങൾ മാസങ്ങളായി മാസങ്ങൾ വർഷങ്ങളായി. മഴ പെയ്തില്ല. പുല്ലുപോലും മുളച്ചില്ല. സന്താനോല്പാദനം നടന്നില്ല...
പക്ഷികൾക്കും മൃഗങ്ങൾക്കും സന്താനോല്പാദനശേഷി കുറഞ്ഞുപോയി. പക്ഷികൾ കൂട്കൂട്ടിയില്ല. മുട്ടയിട്ടില്ല. കുഞ്ഞുങ്ങൾ വിരിഞ്ഞില്ല. മനുഷ്യരിൽ നിന്ന് സന്തോഷം അകന്നുപോയി. വികാരങ്ങളില്ല. വിചാരങ്ങളില്ല. ഉള്ളത് മരവിപ്പ് മാത്രം. എല്ലാവർക്കും അഭയം യൂസുഫ് (അ) മാത്രം. മറ്റൊരഭയം കാണാനില്ല...
രാജാവും കുടുംബാംഗങ്ങളും വരെ യൂസുഫ് (അ)ന്റെ വാക്കുകൾക്ക് കാതോർക്കുന്നു. യൂസുഫ് (അ) കഠിനമായി ജോലി ചെയ്യുന്നു. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നു. എവിടെയും കർശന നിയന്ത്രണം. ഒരു വീഴ്ചയും പറ്റരുത്...
ഒന്നാം വർഷത്തേക്കാൾ നിയന്ത്രണം രണ്ടാം വർഷത്തിൽ വേണ്ടി വന്നു. മൂന്നാം വർഷം അതിനേക്കാൾ നിയന്ത്രണം. ഇങ്ങനെ പോയാൽ അവസാന വർഷം എന്തായിരിക്കും അവസ്ഥ? ജനങ്ങൾക്കത് ഓർക്കാൻ കഴിയുന്നില്ല. യൂസുഫ് (അ)നെ കാണുമ്പോൾ വല്ലാത്ത ആശ്വാസം. അല്ലാഹുﷻവിന്റെ പുണ്യപ്രവാചകൻ ആ വാക്കുകൾക്കെന്തൊരു വശ്യശക്തിയാണ്? ആ ആശ്വാസം മുമ്പോട്ടു നയിക്കുന്നു...
രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ചെക്കു പോസ്റ്റുകൾ സ്ഥാപിച്ചു. പുറംനാട്ടുകാർ കടന്നുവരുന്നത് നിയന്ത്രിച്ചു. ചെക്കു പോസ്റ്റുകളോട് ചേർന്നു സത്രങ്ങളുണ്ട്. പുറംനാട്ടുകാർ വന്നാൽ അവിടെ താമസിക്കും. മിതമായ തോതിൽ ആഹാരവും വെള്ളവും നൽകും. അവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തും. ഈജിപ്ത് സന്ദർശിക്കുന്നതിന്റെ ആവശ്യം ചോദിക്കും. യൂസുഫ് (അ)ന്റെ സമ്മതം കിട്ടിയാൽ പ്രവേശിപ്പിക്കും...
അയൽപ്രദേശങ്ങളിലെല്ലാം ദാരിദ്ര്യം പടർന്നു പിടിച്ചു. ആളുകൾ ഈജിപ്തിലേക്ക് വരാൻ തുടങ്ങി. ജനപ്രവാഹത്തിന് നിയന്ത്രണം വെച്ചില്ലെങ്കിൽ ഈജിപ്തിന്റെ സംവിധാനങ്ങൾ തകിടം മറിയും...
ശാമിലേക്കുള്ള പാതയുടെ സമീപം ഒരു കുടിൽ കെട്ടി. ഏകാന്തവാസം നടത്തുകയാണ് യഅ്ഖൂബ്(അ). എപ്പോഴും ആരാധന. പുത്രൻ നഷ്ടപ്പെട്ട ദുഃഖം എപ്പോഴുമുണ്ട്. ആ കുടിൽ ഒരു ദുഃഖഭവനമായി മാറി...