സുലൈഖയെ തന്റെ കൊട്ടാരത്തിലെത്തിക്കുവാൻ അനുചരന്മാരോട് കല്പിച്ചു. സുലൈഖ കൊട്ടാരത്തിലെത്തി. യൂസുഫ് (അ) യാത്ര കഴിഞ്ഞ് വരുന്നതുവരെ കാത്തിരുന്നു...
യൂസുഫ് (അ) തിരിച്ചെത്തി. "സുലൈഖാ നിനക്കെന്താണാവശ്യം?"
"മൂന്നു കാര്യങ്ങൾ ആവശ്യമുണ്ട്"
"പറയൂ... എന്താണ് ആവശ്യങ്ങൾ?"
"ഒന്നാമതായി എന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടണം." യൂസുഫ് (അ) പ്രാർത്ഥിച്ചു. കാഴ്ച തിരിച്ചു കിട്ടി. യൂസുഫ് (അ)നെ നോക്കിക്കണ്ടു...
"മറ്റ് രണ്ടുകാര്യങ്ങൾ എന്തൊക്കെയാണ്?"
"എന്റെ സൗന്ദര്യം തിരിച്ചുകിട്ടണം. എന്നെ അങ്ങ് വിവാഹം ചെയ്യണം."
"യൂസുഫ് (അ)ഞെട്ടിപ്പോയി. ഈ വൃദ്ധയെ വിവാഹം ചെയ്യുകയോ? ഇവൾ പഴയ ആൾ തന്നെ. മനസ്സ് മാറിയിട്ടില്ല."
അസ്വസ്ഥനായ യൂസുഫ് (അ) ന്റെ മുമ്പിൽ ജിബ്രീൽ (അ) എത്തി ഇങ്ങനെ അറിയിച്ചു. "അല്ലാഹുﷻ താങ്കൾക്ക് സലാം പറയുന്നു. ഈ ലോകത്തും പരലോകത്തും സുലൈഖ താങ്കളുടെ ഭാര്യയായിരിക്കുമെന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു."
യൂസുഫ് ചിന്തയിലാണ്ടു. അല്ലാഹുﷻവിന്റെ കല്പന അനുസരിക്കാൻ സന്നദ്ധനായി. യൂസുഫ് (അ)ന്റെ മനസ്സിൽ സ്നേഹം ഉറവയെടുക്കാൻ തുടങ്ങി. സുലൈഖയുടെ വൃദ്ധരൂപം മാറി. യൗവ്വനം തിരിച്ചെത്തി. ഇപ്പോൾ സുലൈഖയുടെ സൗന്ദര്യം വെട്ടിത്തിളങ്ങുന്നു. യൂസുഫ് (അ) ശ്രദ്ധിച്ചതിപ്പോഴാണ്...
ഇനി നടക്കേണ്ടത് നിക്കാഹ്. അതിന് സമയമായിരിക്കുന്നു. ഈജിപ്തിലെ രാജാവ് തന്നെ വിവാഹത്തിന്റെ നടത്തിപ്പുകാരനായി രംഗത്തുവന്നു. വിശാലമായ പന്തലുകൾ ഒരുങ്ങി. വിഭവസമൃദ്ധമായ സദ്യകളൊരുങ്ങി. മംഗളഗാനം പാടാൻ ആകാശത്തുനിന്ന് മലക്കുകളുടെ സംഘങ്ങൾ ഇറങ്ങിവന്നു...
വിവാഹകർമ്മങ്ങൾ സമംഗളം നടന്നു. സുലൈഖ യൂസുഫ് (അ) ന്റെ സഹധർമ്മിണിയായി. തോഴിമാർ വിലകൂടിയ ആഭരണങ്ങളുമായെത്തി മണവാട്ടിയെ ധരിപ്പിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. സുലൈഖയുടെ സൗന്ദര്യം ഇരട്ടിയായി വർദ്ധിച്ചു. മണിയറയിലേക്കു സുലൈഖ ആനയിക്കപ്പെട്ടു...
സൗന്ദര്യത്തിന്റെ പുരുഷരൂപം എന്നു വിശേഷിപ്പിക്കാവുന്ന യൂസുഫ് (അ) മണിയറയിലെത്തി. മണവാളനും മണവാട്ടിയും അവരുടെ പ്രഥമ രാത്രി അല്ലാഹുﷻവിന്റെ നാമത്തിൽ അവർ സംസാരിച്ചു തുടങ്ങി...
"എത്ര അനുഗ്രഹീതം ഈ രാത്രി"
"ശരിയാണ് അല്ലാഹുﷻവിന് സ്തുതി"
"സുലൈഖാ... അന്ന് നീ ആശിച്ചത് നീചമായ കാര്യം അതിനെക്കാൾ എത്ര മഹത്വമേറിയതാണ് ഇന്നത്തെ കാര്യം?"
സുലൈഖയുടെ കണ്ണുകൾ നിറഞ്ഞു. അവർ തന്റെ ദുഃഖകഥ പറയാൻ തുടങ്ങി.
"വിവാഹിതയാവുന്ന കാലത്ത് ഞാൻ അതീവ സുന്ദരിയും ആരോഗ്യവതിയുമായിരുന്നു. ഭർത്താവിനോടൊത്ത് ജീവിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ആ രഹസ്യമറിഞ്ഞു. ലൈംഗികശേഷിയില്ല പിന്നത്തെ സ്ത്രീയുടെ അവസ്ഥയെന്താണ്..? അപ്പോഴാണ് അങ്ങ് വന്നത്. എന്റെ സ്നേഹം മുഴുവൻ അങ്ങേക്ക് നൽകി. മറ്റൊരു പുരുഷന്റെ പിന്നാലെ ഞാൻ പോയില്ല ഞാൻ അങ്ങേക്ക് വേണ്ടി കാത്തിരുന്നു. ഇത്രയും കാലം."
യൂസുഫ് (അ) സുലൈഖയെ വല്ലാതെ സ്നേഹിച്ചു. അവരുടെ ആഗ്രഹം സഫലമായി. യൂസുഫ് (അ) ഒരു സത്യം മനസ്സിലാക്കി. സുലൈഖ കന്യകയാണ്. സുലൈഖ യൂസുഫിനുള്ളതാണ്. യൂസുഫ് സുലൈഖക്കും...