ശാമിലേക്കുള്ള പാതയുടെ സമീപം ഒരു കുടിൽ കെട്ടി ഏകാന്തവാസം നടത്തുകയാണ് യഅ്ഖൂബ്(അ). എപ്പോഴും ആരാധന. പുത്രൻ നഷ്ടപ്പെട്ട ദുഃഖം എപ്പോഴുമുണ്ട്. ആ കുടിൽ ഒരു ദുഃഖഭവനമായി മാറി...
ശാമുകാർ അതുവഴി ഈജിപ്തിലേക്കു പോവും. ചിലർ അവിടെ വിശ്രമിക്കും. അവരുടെ സംഭാഷണം യഅ്ഖൂബ് (അ) ശ്രദ്ധിച്ചു. അവർ യഅ്ഖൂബ് നബി(അ)നോട് പറഞ്ഞു:
"ശാമിൽ ദാരിദ്ര്യമാണ്. പട്ടിണിയാണ്. ധാന്യം കിട്ടാനില്ല. ഈജിപ്തിൽ ചെന്നാൽ ധാന്യം കിട്ടുമെന്ന് കേട്ടു. ഞങ്ങളങ്ങോട്ടു പോവുകയാണ്. അവിടത്തെ അസീസ് ദയാലുവാണ്. ചെല്ലുന്നവർക്കെല്ലാം ധാന്യം കൊടുക്കുന്നുവെന്ന് കേട്ടു. ഞങ്ങളും പോയി നോക്കട്ടെ!"
"ധാന്യം തരുന്നതിന് അങ്ങോട്ടെന്തെങ്കിലും കൊടുക്കണോ?"
"എന്തെങ്കിലും കൈവശമുണ്ടെങ്കിൽ കൊടുക്കും. സ്വർണമോ, വസ്ത്രമോ എന്തെങ്കിലും. ഒന്നുമില്ലാത്തവർ ധാന്യം വാങ്ങിക്കൊണ്ടുപോരും."
ഈജിപ്തിൽ നിന്ന് മടങ്ങിവരുന്ന പലരെയും യഅ്ഖൂബ് (അ) കണ്ടു. ഒട്ടകപ്പുറത്ത് ധാന്യച്ചരക്കുമായി വരുന്നവർ. ഒരു ചാക്ക് ധാന്യം. എത്രപേർക്ക് കഴിക്കാനുള്ളതാണത്. ഇത് പരീക്ഷണത്തിന്റെ കാലം. വിശപ്പുകൊണ്ടുള്ള പരീക്ഷണം...
ഒരു ദിവസം പത്ത് മക്കൾ ഉപ്പയെ കാണാൻ വന്നു.
യഅ്ഖൂബ് (അ) മക്കളെ നോക്കി. എല്ലാവരും ക്ഷീണിച്ചിരിക്കുന്നു. മുഖത്ത് ദുഃഖം.
"മക്കളേ....എന്തുണ്ട് വിശേഷം?"
"ഉപ്പാ.... ഞങ്ങളുടെ കൊച്ചു കുഞ്ഞുങ്ങൾ വിശന്നു കരയുകയാണ്. കണ്ട് സഹിക്കാൻ വയ്യ. ഞങ്ങളുടെ വീടുകളിൽ ഒരുമണി ധാന്യമില്ല. ഞങ്ങൾ വിശപ്പ് സഹിച്ചു കൊള്ളാം. ഞങ്ങളുടെ മക്കളുടെ കാര്യം വളരെ ദയനീയമാണ്. ഞങ്ങളെന്തുചെയ്യും? എന്തെങ്കിലും പറയൂ ഉപ്പാ..."
യഅ്ഖൂബ് (അ) മക്കളെ നോക്കി. വൃദ്ധനയനങ്ങൾ നനഞ്ഞു. "മക്കളേ ...ശാമുകാരായ പലരും ഇതുവഴി ഈജിപ്തിലേക്ക് പോയി. അവിടെ ദയാലുവായ അസീസ് ഭരണം നടത്തുന്നു. അഗതികളെ സഹായിക്കുന്നു. വളരെ നല്ല ആളാണെന്ന് ആളുകൾ പറയുന്നു. നിങ്ങൾക്കും പോയി നോക്കാം."
"ഉപ്പാ ധാന്യത്തിന് പകരം നൽകാൻ ഞങ്ങളുടെ കൈവശം യാതൊന്നുമില്ലല്ലോ?"
"ഒന്നുമില്ലേ നിങ്ങളുടെ കൈവശം."
"കുറച്ചു സ്വർണവും അല്പം പട്ടുതുണിയുമുണ്ട്."
"മതി. അതുമായി പോയിനോക്കൂ. മക്കളേ.... മഹാന്മാരെ സന്ദർശിക്കുമ്പോൾ പല മര്യാദകളും പാലിക്കേണ്ടതുണ്ട്. നിങ്ങളതൊക്കെ പാലിക്കണം. അസീസിനോട് ശബ്ദമുയർത്തി സംസാരിക്കരുത്, വളരെ വിനയം കാണിക്കണം, ചോദിക്കുന്നതിന് വളരെ കുറഞ്ഞ വാക്കുകളിൽ ഉത്തരം പറയണം, ഇരിക്കാൻ പറഞ്ഞാൽ മാത്രമേ ഇരിക്കാവൂ, സംസാരിക്കുമ്പോൾ മുഖത്ത് നോക്കി സംസാരിക്കണം, അങ്ങോട്ടുമിങ്ങോട്ടും നോക്കരുത്...
ഭക്ഷണം തരികയാണെങ്കിൽ വളരെ വിനയത്തോടെ സ്വീകരിക്കണം, യാത്ര പറഞ്ഞാൽ പിന്നെയവിടെ നിൽക്കരുത്, പുറത്ത് പോരുമ്പോൾ നിങ്ങളുടെ പിൻഭാഗം അസീസിന് അഭിമുഖമാക്കരുത്, പിന്നോട്ട് നടന്ന് പുറത്ത് കടക്കണം, അസീസ് പറഞ്ഞതൊന്നും പരസ്യപ്പെടുത്തരുത്. ഉപ്പ പറഞ്ഞ കാര്യങ്ങളെല്ലാം മക്കൾ ശ്രദ്ധയോടെ കേട്ടു. എന്നിട്ടവർ പറഞ്ഞു:
"ഉപ്പ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യാം. നിസ്സാരമായ പാരിതോഷികവുമായി പോകാൻ ഞങ്ങൾക്ക് ലജ്ജ തോന്നുന്നു."
"അത് സാരമില്ല മക്കളേ.."
മക്കൾ ഉപ്പയോട് യാത്ര പറഞ്ഞിറങ്ങി. വഴിയിൽവെച്ചും വീട്ടിൽ വെച്ചും അവർ കൂടിയാലോചന നടത്തി. അടുത്ത ദിവസം തന്നെ അവർ ഈജിപ്തിലേക്കു പുറപ്പെട്ടു. കുറഞ്ഞ പാരിതോഷികവുമായി പോവാൻ അവർ ലജ്ജിച്ചു. എന്നാൽ മക്കളുടെ വിശപ്പ് തീർക്കാൻ അതേ വഴിയുള്ളൂ. കൻആൻ പ്രദേശമാകെ ദാരിദ്ര്യത്തിലമർന്നകാലം. അക്കാലത്താണവരുടെ പുറപ്പാട്.
രാപ്പകലുകൾ മാറിമാറിവന്നു. അവരുടെ ഓട്ടങ്ങൾ രാജ്യാതിർത്തിയിലെത്തി. അന്നുരാത്രി സത്രത്തിൽ താമസിക്കാൻ അനുമതിയായി. നിശ്ചിത അളവിലുള്ള ആഹാരം കിട്ടി. എന്തൊരാശ്വാസം. പേര് വിവരങ്ങൾ കുറിച്ചെടുത്തു. അസീസിനെ കാണാൻ അനുമതി കിട്ടി...
കൊട്ടാരവാതിൽക്കലെത്തി. അസീസിനെ കാണാൻ വളരെപ്പേർ വന്നിട്ടുണ്ട്. വട്ടിയും സഞ്ചിയുമായി പലരും വന്നിട്ടുണ്ട്. ഒട്ടകങ്ങൾ, കുതിരകൾ, സ്വദേശികൾ, വിദേശികൾ, പല തരക്കാർ. പത്ത് സഹോദരങ്ങൾ ഊഴം കാത്തുനിന്നു. അവർക്ക് അകത്ത് കടക്കാൻ കല്പന വന്നു. ഉപ്പ പറഞ്ഞതെല്ലാം ഓർത്തു. അതുപോലെ പെരുമാറി.
യൂസുഫ് (അ)തന്റെ സഹോദരങ്ങളുടെ മുഖത്തേക്ക് കൃപയോടെ നോക്കി. ഒരു സേവകനെ വിളിച്ചു.
"ഇവരെ ഭക്ഷണഹാളിൽ കൊണ്ടുപോയി സൽക്കരിക്കുക"
യൂസുഫ്(അ) സൽക്കാരപ്രിയനാണെങ്കിലും ഇപ്പോൾ അതിനെല്ലാം നിയന്ത്രണമുണ്ട്. ഇവരെ നന്നായി സൽക്കരിക്കാനാണ് കല്പന. രുചികരമായ ഭക്ഷണം വേണ്ടുവോളം കഴിച്ചു. തൃപ്തരായി...