Wednesday - 22 April, 2026 4-Dhu al-Qadah-1447

ജയിൽ ജീവിതം (2)

   ഒരു സ്ത്രീയല്ല, പല സ്ത്രീകൾ തന്നെ വല വീശിപ്പിടിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു. നീചമായ കാര്യത്തിലേക്കവർ തന്നെ നിർബന്ധിച്ചു ക്ഷണിക്കുന്നു. ഇതിൽ നിന്നു തന്നെ രക്ഷിക്കാൻ അല്ലാഹുﷻവിനോട് മനസ്സുരുകി പ്രാർത്ഥിക്കുന്നു...


 വിശുദ്ധ ഖുർആനിൽ ആ പ്രാർത്ഥന കാണാം: "അദ്ദഹം പറഞ്ഞു: എന്റെ റബ്ബേ... ഈ സ്ത്രീകൾ എന്നെ ഏതൊന്നിലേക്കാണോ ക്ഷണിക്കുന്നത് അതിനേക്കാൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കാരാഗ്രഹമാകുന്നു. അവരുടെ തന്ത്രം എന്നിൽ നിന്ന് നീ തിരിച്ചു വിട്ടുതരാത്തപക്ഷം ഞാൻ അവരിലേക്ക് ചാഞ്ഞുപോയേക്കും. ഞാൻ വിവരമില്ലാത്ത വിഡ്ഢികളിൽ പെട്ടുപോവുകയും ചെയ്യും." (12:33)


 മനുഷ്യപ്രകൃതി തെറ്റ് ചെയ്യുവാൻ പ്രേരിപ്പിക്കുന്നതാണ്. ദൃഢമായ മനസ്സും അല്ലാഹുﷻവിൽ വിശ്വാസമുള്ളവർ സ്വയം നിയന്ത്രിക്കുന്നു. പിശാച് തെറ്റിലേക്ക് പ്രേരിപ്പിക്കും. സൗന്ദര്യവതികളായ സ്ത്രീകൾ തെറ്റിലേക്ക് ക്ഷണിക്കുകകൂടി ചെയ്താലോ? ഇത്തരം സന്ദർഭങ്ങളിൽ അല്ലാഹുﷻവിന്റെ  സഹായം തേടുക. അവൻ സഹായിച്ചാൽ രക്ഷപ്പെട്ടു. തെറ്റിലേക്ക് നീങ്ങാൻ നിർബന്ധിക്കപ്പെടുന്ന അനേകം  സന്ദർഭങ്ങൾ മനുഷ്യ ജീവിതത്തിൽ വന്നുചേരും. അപ്പോഴെല്ലാം യൂസുഫ് (അ) ന്റെ ചരിത്രം വഴികാട്ടിയായിത്തീരണം...  


 അന്ത്യനാളിൽ അർശിന്റെ തണൽ ലഭിക്കുന്ന ഏഴ് വിഭാഗത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. അവർ ആരൊക്കെയാണെന്ന് നബി ﷺ തങ്ങൾ പറഞ്ഞുതരുന്നു:


1) നീതിമാനായ നേതാവ് 

2) അല്ലാഹുﷻവിന്റെ ആരാധനയിലായി വളർന്നു വന്ന യുവാവ് 

3) ഹൃദയം പള്ളിയുമായി ബന്ധപ്പെട്ടവൻ. പള്ളിയിൽ നിന്ന് പുറത്തു പോയാൽ തിരിച്ചെത്താൻ മനസ്സ് വെമ്പൽ കൊള്ളും.

4) അല്ലാഹുﷻവിന്റെ കാര്യത്തിൽ പരസ്പരം സ്നേഹിക്കുന്ന രണ്ടു കൂട്ടുകാർ. അവർ ഒരുമിച്ചുകൂടുന്നതും പിരിഞ്ഞുപോവുന്നതും അല്ലാഹുﷻവിന്റെ ഇഷ്ടത്തിലായിരിക്കും 

5) വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയാത്തവിധം സ്വകാര്യമായി ധർമ്മം ചെയ്യുന്നവർ.

6) പദവിയും സൗന്ദര്യവുമുള്ള ഒരു സ്ത്രീ ക്ഷണിച്ചിട്ട് ഞാൻ അല്ലാഹുﷻവിനെ ഭയപ്പെടുന്നു എന്ന് പറഞ്ഞൊഴിഞ്ഞവൻ. 

7) ഏകനായിരുന്ന് അല്ലാഹുﷻവിനെ ധ്യാനിച്ചു കരയുന്നവൻ.


 ദൃശ്യമാധ്യമങ്ങളിൽ സ്ത്രീ സൗന്ദര്യം പ്രദർശന വസ്തുവായി മാറിയ ഇക്കാലത്ത് യൂസുഫ് (അ) ന്റെ ചരിത്രം എത്ര പ്രസക്തമാണെന്നോർക്കുക. യൂസുഫ് (അ) ന്റെ പ്രാർത്ഥന അല്ലാഹുﷻ സ്വീകരിച്ചു. അദ്ദേഹത്തിന് ജീവിതം കാരാഗ്രഹത്തിലേക്ക് മാറ്റിക്കൊണ്ടാണ് അല്ലാഹു ﷻ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്... 


 വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: "അപ്പോൾ അദ്ദേഹത്തിന്റെ റബ്ബ് അദ്ദേഹത്തിന് ഉത്തരം നൽകി.  സ്ത്രീകളുടെ തന്ത്രം അദ്ദേഹത്തിൽ നിന്ന് തിരിച്ചു വിട്ടുകൊടുക്കുകയും ചെയ്തു. നിശ്ചയമായും അവൻ തന്നെയാണ് എല്ലാം കേൾക്കുന്നവനും അറിയുന്നവനും." (12:34)


 യൂസുഫ് (അ) നിരപരാധിയാണെന്ന് അസീസിനും ബന്ധുക്കൾക്കുമെല്ലാം ബോധ്യമുണ്ടായിരുന്നു. തെളിവുകളെല്ലാം അവർ പരിശോധിച്ചതുമാണ്. എന്നിട്ടും അവരുടെ തീരുമാനമെന്തായിരുന്നു? കുറച്ചു കാലം യൂസുഫ് തടവിൽ കഴിയട്ടെ..!  


 വിശുദ്ധ ഖുർആൻ പറയുന്നു: "ദൃഷ്ടാന്തങ്ങൾ കണ്ടതിനുശേഷം അവർക്ക് തോന്നി കുറെ കാലത്തേക്ക് അദ്ദേഹത്തെ ജയിലിലടക്കാം." (12:35)


 യൂസുഫ് (അ) നെ ജയിലധികൃതർ മാന്യമായി സംരക്ഷിച്ചു. താമസിക്കാൻ പ്രത്യേക മുറി നൽകി. സുലൈഖ ചിലപ്പോൾ ജയിലിൽ വരും. ആളുകൾ ഓടിക്കൂടും. അതിസുന്ദരിയായ സുലൈഖയെ കാണുന്നത് തന്നെ ജനങ്ങൾക്കൊരു ഹരമായിരുന്നു... 


 ആളുകൾ കേൾക്കെ സുലൈഖ ഇങ്ങനെ പറയും. "ആ അടിമയോട് ഒരു കരുണയും കാണിക്കേണ്ടതില്ല. ധിക്കാരിയാണവൻ"


 ആളുകൾ പിരിഞ്ഞു പോയാൽ ജയിൽ സൂക്ഷിപ്പുകാരോട് സ്വകാര്യം പറയും: "യൂസുഫിനെ മാന്യമായി നോക്കണം. അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും വരാതെ സൂക്ഷിക്കണം." 


 ജയിലധികാരികൾ വളരെ നല്ല നിലയിലാണ് പ്രവാചകനോട് പെരുമാറിയത്. യൂസുഫ് (അ) ജയിലിൽ ചിട്ടയാർന്ന ജീവിതമാണ് നയിച്ചിരുന്നത്. സ്വപ്നം വ്യാഖ്യാനിക്കുവാനുള്ള കഴിവും യൂസുഫ് (അ) ന് സിദ്ധിച്ചു. ജയിലിലെ തടവുകാരോട് യൂസുഫ് (അ) പല കാര്യങ്ങളും ചർച്ച ചെയ്തു. അവർ സ്വപ്നം കണ്ടാൽ അത് പറയും. യൂസുഫ് അതിന്റെ വ്യാഖ്യാനം പറഞ്ഞു കൊടുക്കും...