Wednesday - 22 April, 2026 4-Dhu al-Qadah-1447

ജയിൽ ജീവിതം (1)

   ഈജിപ്തിലെ രാജാവിന്റെ കൊട്ടാരത്തിൽ സുലൈഖയെത്തി. രാജാവ് തന്റെ സഹോദരി പുത്രിയെ സ്നേഹപൂർവ്വം സ്വീകരിച്ചു...  


"സുലൈഖാ.... എന്തൊക്കെയുണ്ട് വിശേഷങ്ങൾ..?"


"വിശേഷിച്ചൊന്നുമില്ല ഞങ്ങളുടെ അടിമയുടെ കാര്യം പറയാൻ വന്നതാണ്."


"അടിമയുടെ കാര്യമോ? അതെന്താണ്?"


"അവനൊരു കുഴപ്പക്കാരനാണ് കുറച്ചുകാലം ജയിലിലിടുന്നതാണ് നല്ലത്."


"എങ്കിൽ അങ്ങനെയാവട്ടെ!"


സുലൈഖ ഭർത്താവിനോട് വിവരം പറഞ്ഞു. അസീസിനും അതാണ് നല്ലതെന്നു തോന്നി. കുറച്ചു കാലം സുലൈഖയും യൂസുഫും തമ്മിൽ കാണാതിരിക്കുന്നതാണ് നല്ലത്. യൂസുഫിനെ ജയിലിലിടുന്നു. യൂസുഫ് എന്തോ കുറ്റം ചെയ്തു കാണും...


 അടിമയെ ജയിലിടക്കാൻ അത്ര വലിയ കുറ്റമൊന്നും വേണ്ട. ആളുകൾ പല അഭിപ്രായങ്ങൾ പറഞ്ഞു. കൊട്ടാരജീവിതത്തോട് വിട. ഇനി കാരാഗ്രഹ ജീവിതം. ജയിൽപുള്ളികളുടെ വസ്ത്രം. അവരുടെ ആഹാരം. ആളുകൾ നോക്കിനിൽക്കെ, യൂസുഫിനെ പോലീസുകാർ ജയിലിലേക്ക് കൊണ്ടുപോയി... 


 ശാന്തമായ മുഖത്തോടെ നടന്നുപോയി. ജയിലിലെ പാറാവുകാർ, മറ്റു ഉദ്യോഗസ്ഥന്മാർ, പോലീസുകാർ, പാചകക്കാർ, എല്ലാവരും യൂസുഫിനെ കണ്ടു. ജയിൽ വളപ്പിലെ ഒരുണങ്ങിയമരം അതിന് താഴെയിരുന്ന് യൂസുഫ് (അ) ആരാധന നടത്തി. നിസ്കാരം, ദുആ, ദിക്റുകൾ. 


 മറ്റ് തടവുകാർ അത് നോക്കിനിൽക്കും.  അവർക്ക് ആ മരം നന്നായറിയാം. ഒരു കാലത്ത് അതിൽ ധാരാളം ഇലകളുണ്ടായിരുന്നു. മരത്തിന്റെ പ്രതാപകാലം വർഷങ്ങളോളം ആ നില തുടർന്നു. പിന്നെ ഇലകൾ പഴുത്തു ഒന്നൊന്നായി കൊഴിഞ്ഞു തീർന്നു. ചെറിയ ശിഖരങ്ങൾ ഉണങ്ങിവീണു. തടിമരവും ഉണങ്ങിപ്പോയി...


 യൂസുഫ് (അ) എല്ലാ ദിവസവും മരത്തിന്റെ ചുവട്ടിലിരിക്കും. ആരാധിക്കും. മരത്തിന്റെ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഇലകൾ തളിർത്തുവന്നു. ധാരാളം ഇലകൾ. മരം അതിന്റെ പ്രതാപകാലത്തിലേക്ക് മടങ്ങി വരികയാണ്. ജയിലിലുള്ളവർക്കെല്ലാം അതിശയം. മരം തളിർത്തുകഴിഞ്ഞു... 


 യൂസുഫ് (അ) സാധാരണ മനുഷ്യനല്ല. യൂസുഫ് (അ) ദുഃഖിതരായ  തടവുകാരെ ആശ്വസിപ്പിക്കും. അല്ലാഹുﷻവിനെക്കുറിച്ചും അന്ത്യദിനത്തെക്കുറിച്ചും സംസാരിക്കും. തടവുകാരുടെ മനസ്സിൽ ഈമാനിന്റെ പ്രകാശം...


 രോഗം വന്നാൽ ചികിത്സിക്കും. സുഖം വരും.  യൂസുഫ് (അ) എല്ലാവർക്കും പ്രിയപ്പെട്ടവനായിത്തീർന്നു. മേൽ പറഞ്ഞ സംഭവങ്ങൾ വിശുദ്ധ ഖുർആൻ എങ്ങനെ അവതരിപ്പിക്കുന്നുവെന്ന് നോക്കാം... 


"പട്ടണത്തിലെ ചില കുലീന സ്ത്രീകൾ പറഞ്ഞു: അസീസിന്റെ ഭാര്യ അവളുടെ ഭൃത്യന്റെ ഹൃദയത്തെ കുതന്ത്രം പ്രയോഗിച്ചു വശീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവനോടുള്ള പ്രേമം അവളുടെ മനം കവർന്നിരിക്കുന്നു. നാം അവളെ വ്യക്തമായ വഴികേടിലായിട്ടാണ് കാണുന്നത്." (12:30)


"എന്നിട്ട് അവരുടെ കുതന്ത്രങ്ങളെക്കുറിച്ച് അവൻ കേട്ടറിഞ്ഞപ്പോൾ, അവരുടെ അടുത്തേക്ക് ആളെ അയച്ചു ക്ഷണിച്ചു. അവർക്ക് ഇരിപ്പിടം ഒരുക്കിവെക്കുകയും ചെയ്തു. അവരിൽ ഓരോരുത്തർക്കും ഓരോ കത്തി നൽകുകയും ചെയ്തു. നീ അവരുടെ മുമ്പിലേക്ക് ചെല്ലുക എന്നു യൂസുഫിനോട് സുലൈഖ പറഞ്ഞു. അങ്ങനെ അവർ അദ്ദേഹത്തെ കണ്ടപ്പോൾ അവരുടെ കൈകൾ അവർ തന്നെ മുറിച്ചു. അവർ (അമ്പരന്നുകൊണ്ട്) പറഞ്ഞു : അല്ലാഹുﷻ പരിശുദ്ധൻ ഇത് മാന്യനായ ഒരു മലക്കല്ലാതെ മറ്റാരുമല്ല." (12:31)


"സുലൈഖ പറഞ്ഞു: നിങ്ങൾ ആരുടെ കാര്യത്തിൽ എന്നെ കുറ്റപ്പെടുത്തിയിരുന്നുവോ അവനാണിത്. ഇവന്റെ ഹൃദയത്തെ വശീകരിച്ചു സ്വാധീനപ്പെടുത്തുവാൻ നിശ്ചയമായും ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇവൻ ചെറുത്തുനിൽക്കുകയാണ് ചെയ്തത്. അവനോട് ഞാൻ  കല്പിക്കുന്നത് അവൻ ചെയ്തില്ലെങ്കിൽ നിശ്ചയമായും അവൻ തടവിലാക്കപ്പെടുകതന്നെ ചെയ്യും. അവൻ നിസ്സാരന്മാരിൽ പെട്ടവനായിത്തീരുകയും ചെയ്യും." (12:32)


 ഒരു സ്ത്രീയല്ല, പല സ്ത്രീകൾ തന്നെ വല വീശിപ്പിടിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു. നീചമായ കാര്യത്തിലേക്കവർ തന്നെ നിർബന്ധിച്ചു ക്ഷണിക്കുന്നു. ഇതിൽ നിന്നു തന്നെ രക്ഷിക്കാൻ അല്ലാഹുﷻവിനോട് മനസ്സുരുകി പ്രാർത്ഥിക്കുന്നു...