Wednesday - 22 April, 2026 4-Dhu al-Qadah-1447

രണ്ട് തടവുകാർ (1)

   സർഹിയ... 

ഈജിപ്തിലെ രാജാവിന് റൊട്ടി പാചകം ചെയ്തു കൊടുക്കുന്ന പാചകക്കാരന്റെ പേരാണത്. രാജാവിന് ശത്രുക്കളുണ്ട്. അവർ രാജാവിനെ ചതിയിൽ പെടുത്താൻ പല അടവുകളും നടത്തുന്നുണ്ട്...


 സർഹിയായെ അവർ സമീപിച്ചു മോഹനവാഗ്ദാനങ്ങൾ നൽകി വശീകരിച്ചു. റൊട്ടിയിൽ വിഷം കലർത്തുക. ആ റൊട്ടി തിന്നാൽ രാജാവ് മരിക്കും. രാജാവ് മരിച്ചുകിട്ടിയാൽ സർഹിയാക്ക് സ്ഥാനമാനങ്ങളും വിലപിടിച്ച പാരിതോഷികങ്ങളും ലഭിക്കും. സർഹിയ പ്രലോഭനങ്ങളിൽ വീണുപോയി. റൊട്ടിയിൽ വിഷം ചേർത്തു...  


 രാജാവിന്റെ ഭാഗ്യം അദ്ദേഹം റൊട്ടി കഴിച്ചില്ല. തക്ക സമയത്ത് വിവരം കിട്ടി. സർഹിയ പിടിക്കപ്പെട്ടു. രാജാവിന് മുന്തിരിച്ചാറുണ്ടാക്കിക്കൊടുക്കുന്ന ഒരു പരിചാരകനുണ്ട്. ആവശ്യം വരുമ്പോൾ മദ്യം നൽകണം. വിശ്വസ്ഥനാണ്  പേര് ബർഹിയ...


 രാജാവിന്റെ ശത്രുക്കൾ ബർഹിയയെ സമീപിച്ചു. രാജാവിന് വിഷം കലർത്തിയ മദ്യം നൽകണം. മരിച്ചുകിട്ടിയാൽ സ്ഥാനമാനങ്ങളും പണവും കിട്ടും.  ബർഹിയ വഴങ്ങിയില്ല രാജാവിനെ കൊന്നിട്ട് ഒരു പദവിയും വേണ്ട. പക്ഷെ ബർഹിയായും സംശയത്തിന്റെ നിഴലിലായി. ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് രാജാവ് കരുതി. ബർഹിയായെയും അറസ്റ്റ് ചെയ്തു...


 സർഹിയായും ബർഹിയായും ജയിലിൽ അകപ്പെട്ടു. യൂസുഫ് (അ) ജയിലിലെത്തിയ ഘട്ടത്തിൽ തന്നെ  ജയിലിൽ വെച്ചു മൂന്നു പേരും കണ്ടുമുട്ടി. കാലം കടന്നു പോയി യൂസുഫ് (അ)അവരെ ഉപദേശിച്ചു.  ആ വാക്കുകൾ അവരെ സ്വാധീനിച്ചു... 


 ദിവസങ്ങൾ കടന്നുപോയി യൂസുഫ് (അ) അവർക്ക് വളരെ പ്രിയങ്കരനായിത്തീർന്നു. ഒരു ദിവസം രണ്ടുപേരും യൂസുഫ് (അ) നോടിങ്ങനെ പറഞ്ഞു: "യൂസുഫ് താങ്കൾ സത്യം പറയുന്നവനാണ്. ഞങ്ങൾ ഒരു സ്വപ്നം കണ്ടു. അതിന്റെ വ്യാഖ്യാനം പറഞ്ഞു തരണം..."


 സർഹിയ കണ്ട സ്വപ്നമെന്താണ്..? 


"ഞാൻ രാജാവിന് റൊട്ടി ചുട്ടുകൊടുക്കുന്ന പാചകക്കാരനായിരുന്നു. എന്റെ നിർഭാഗ്യം ഞാൻ ഇവിടെയെത്തി. ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു. ഞാൻ എന്റെ തലയിൽ റൊട്ടികൾ ചുമന്നുകൊണ്ട് പോവുന്നു. പക്ഷികൾ പറന്നുവന്ന് റൊട്ടികൾ കൊത്തിവലിച്ചു തിന്നുന്നു."  


 യൂസുഫ് (അ)ന് കാര്യം മനസ്സിലായി. ഉടനെ കാര്യം പറഞ്ഞില്ല. രാജാവിനെ കൊല്ലാൻ ശ്രമിച്ചവനാണ്. ഇവനെ തൂക്കിക്കൊല്ലും. പക്ഷികൾ ശരീരം കൊത്തിപ്പറിച്ചു തിന്നും...  


 ബർഹിയ ഇങ്ങനെ പറഞ്ഞു: 

"ഞാൻ രാജാവിന് മുന്തിരിച്ചാർ ഒഴിച്ചുകൊടുക്കുന്നതായി സ്വപ്നം കണ്ടു." 


 അതിന്റെ സംഗതിയും മനസ്സിലായി. ബർഹിയ കുറ്റക്കാരനല്ലെന്ന് തെളിയും. ജയിൽ മോചിതനാവും. പഴയ ജോലിയിൽ പ്രവേശിക്കും. സ്വപ്നത്തിന്റെ വ്യാഖ്യാനം പറയാതെ മറ്റൊരു വിഷയത്തിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചു വിട്ടു...


 "നിങ്ങൾക്ക് കിട്ടാൻ പോവുന്ന ഭക്ഷണം എന്തായിരിക്കുമെന്ന് കൃത്യമായി പറയാൻ എനിക്ക് കഴിയും. അതിന്റെ തെളിവ് രുചി, വർണ്ണം എല്ലാം പറഞ്ഞുതരാം."


 അടുത്ത നേരത്തെ ഭക്ഷണം ഏതൊക്കെയായിരിക്കുമെന്ന് പറഞ്ഞു കൊടുത്തു. അതുപോലെ തന്നെ സംഭവിച്ചു.  ബർഹിയായും സർഹിയായും അത്ഭുതപ്പെട്ടു.  തുടർന്നുള്ള നേരങ്ങളിലും അങ്ങനെ തന്നെ സംഭവിച്ചു. യൂസുഫ്(അ)ൽ അവർക്കുള്ള വിശ്വാസം വർദ്ധിച്ചു... 


അവർ അത്ഭുതത്തോടെ ഇങ്ങനെ ചോദിച്ചു: "താങ്കൾ ഇതൊക്കെ എങ്ങനെ പഠിച്ചു?"


"ഇതെല്ലാം അല്ലാഹു ﷻ എന്നെ പഠിപ്പിച്ചതാകുന്നു." 


 പിന്നെ അല്ലാഹുﷻവിന്റെ ഗുണങ്ങൾ പറഞ്ഞു കൊടുത്തു. അല്ലാഹുﷻ ഏകനാണെന്നും അവനിൽ നിന്ന് മനുഷ്യർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ എണ്ണിക്കണക്കാക്കാൻ കഴിയാത്തത്ര കൂടുതലാണെന്നും അവരറിഞ്ഞു. മറ്റ് തടവുകാരും അതൊക്കെ അറിഞ്ഞു. അവരുടെ മനസ്സിൽ വിശ്വാസം വന്നു...


 അല്ലാഹുﷻ ഏകനാണെന്നും യൂസുഫ് (അ)അവന്റെ പ്രവാചകനാണെന്നും അവർ മനസ്സിലാക്കി...