Wednesday - 22 April, 2026 4-Dhu al-Qadah-1447

വീണ്ടും വസന്തം (1)

   യൂസുഫ് (അ) ഈജിപ്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യും. അവശരെയും രോഗികളെയും കാണും. അവരുടെ പരാതികൾ കേൾക്കും. അവയ്ക്കു പരിഹാരമുണ്ടാക്കും. പതിനായിരക്കണക്കായ പരിവാരങ്ങളോടുകൂടിയാണ് യാത്ര ചെയ്യുക. ഓരോ യാത്രയും ഓരോ സംഭവം തന്നെയാണ്... 


 പട്ടണത്തിൽ നിന്ന് അകലെയുള്ള ഒരു കുഗ്രാമത്തിലൂടെ യാത്ര ചെയ്യുകയാണ്. സാധാരണക്കാരുടെ ഗ്രാമം. പലരും യൂസുഫ് (അ)നെ കാണുന്നു. സങ്കടം പറയുന്നു. അക്കൂട്ടത്തിൽ ഒരു വൃദ്ധയുമുണ്ട്. കണ്ണിന് കാഴ്ച മങ്ങിപ്പോയിരിക്കുന്നു. വടി കുത്തിപ്പിടിച്ചാണ്. നടപ്പ്  അവർ എന്തോ വിളിച്ചു പറയുന്നു... 


 "അടിമകളെ അസീസാക്കുകയും രാജാക്കന്മാരെ നിസ്സാരന്മാരാക്കുകയും ചെയ്യുന്ന അല്ലാഹു ﷻ പരിശുദ്ധനാകുന്നു."


 യൂസുഫ് (അ) അത് കേട്ടു. കാറ്റ് എത്തിച്ചു കൊടുത്തു. യൂസുഫ് (അ) വൃദ്ധയെ അടുത്തേക്ക് വിളിച്ചു ചോദിച്ചു: 


 "നിങ്ങൾ ആരാണ്..?"


 "എന്നെ മറന്നുപോയോ? ഞാൻ സുലൈഖയാണ്."


"എന്നെ സകല കുഴപ്പങ്ങളിലും ചാടിച്ച സുലൈഖയാണോ നീ ?"


 "അങ്ങയെ അല്ലാഹുﷻ രക്ഷിച്ചു. അടിമയായി വന്ന ആളെ അല്ലാഹുﷻ രാജപദവിയിലെത്തിച്ചു. അങ്ങ് കാരണമായി എനിക്കെല്ലാം നഷ്ടമായി. ഞാൻ കുഴപ്പത്തിലായി. രാജാത്തിയായ ഞാൻ അടിമയുടെ അവസ്ഥയിലായി." 


"നിനക്കെന്തുപറ്റി? നീ ധനികയല്ലേ..?" 


 "എനിക്ക് കണക്കില്ലാത്ത സ്വർണവും രത്നങ്ങളുമെല്ലാം ഉണ്ടായിരുന്നു. എല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഭർത്താവിന്റെ മരണശേഷം കൊട്ടാരവും നഷ്ടപ്പെട്ടു. ഞാൻ വെറും പാവം സ്ത്രീയായി മാറി." 


 "എങ്ങനെ?"


 യൂസുഫിനെക്കുറിച്ചു ആരെങ്കിലും സംസാരിച്ചാൽ ഞാനവർക്ക് ഒരു രത്നം സമ്മാനം നൽകുമായിരുന്നു. ക്ഷാമകാലത്ത് ഞാൻ പാവങ്ങളെ സഹായിച്ചിട്ടുണ്ട്. യൂസുഫ് എന്ന ചിന്ത മാത്രം മനസ്സിൽ. ചുണ്ടുകളിൽ അതുമാത്രം. യൂസുഫിനു വേണ്ടി ഞാൻ എനിക്കുള്ളതെല്ലാം ചെലവാക്കി. എനിക്കൊരു ബിംബം ഉണ്ടായിരുന്നു ഞാനതിനെ ആരാധിച്ചു. സങ്കടം പറഞ്ഞു...


 യൂസുഫിനെ എന്നിലേക്ക് എത്തിച്ചു തരേണമേ എന്നു പറഞ്ഞു. ഞാനിത്രയും കാലം പ്രാർത്ഥിച്ചു. ഒരു ഫലവുമുണ്ടായില്ല. ഞാൻ ബിംബത്തെ തകർത്തുകളഞ്ഞു. എന്നിട്ട് യൂസുഫിന്റെ ഇലാഹിൽ വിശ്വസിച്ചു. പിന്നെ ഞാൻ പ്രാർത്ഥിച്ചത് ഇങ്ങനെയായിരുന്നു. അല്ലാഹുﷻവേ യൂസുഫിനെ എന്നിലേക്ക് എത്തിക്കേണമേ... 


 അദ്ദേഹത്തിന്റെ മനസ്സിൽ എന്റെ സ്മരണ ഉണ്ടാക്കേണമേ... അല്ലാഹുﷻ എന്റെ പ്രാർത്ഥന കേട്ടു അവന് സ്തുതി. എന്റെ കണ്ണിന്റെ കാഴ്ച പോയി. എന്റെ ധനമെല്ലാം നഷ്ടപ്പെട്ടു. എന്റെ സൗന്ദര്യവും ആരോഗ്യവും കൈവിട്ടുപോയി. യൂസുഫിനോടുള്ള സ്നേഹം മാത്രമേ ബാക്കിയുള്ളൂ..."  


 സുലൈഖയെ തന്റെ കൊട്ടാരത്തിലെത്തിക്കുവാൻ അനുചരന്മാരോട് കല്പിച്ചു. സുലൈഖ കൊട്ടാരത്തിലെത്തി. യൂസുഫ് (അ) യാത്ര കഴിഞ്ഞ് വരുന്നതുവരെ കാത്തിരുന്നു...