Saturday - 13 June, 2026 26-Dhu al-Hijjah-1447

സഫലമായ സായം സന്ധ്യ (1)

   സഹോദരന്മാർ മറ്റ് യാത്രക്കാരോടൊപ്പം ഈജിപ്ത് വിട്ടു. അല്പ ദൂരം യാത്ര ചെയ്തു. യഅ്ഖൂബ് (അ) വീട്ടിൽ വിശ്രമിക്കുകയാണ്. പേരക്കുട്ടികളും മറ്റ് ബന്ധുക്കളും വീട്ടിലുണ്ട്. വളരെ സന്തോഷപൂർവ്വം യഅ്ഖൂബ് (അ) തന്റെ ബന്ധുക്കളെ വിളിച്ചു. എല്ലാവരും ഓടിയെത്തി... 


"മക്കളേ യൂസുഫിന്റെ വാസന. കാറ്റിലൂടെ യൂസുഫിന്റെ വാസന വരുന്നു. വാർദ്ധക്യം മൂത്ത് ബുദ്ധി നഷ്ടപ്പെട്ടുവെന്ന് നിങ്ങളെന്നെപ്പറ്റി പറയും. അത് ശരിയല്ല. ശരിക്കും യൂസുഫിന്റെ വാസന ഞാനനുഭവിക്കുന്നു. നിങ്ങൾക്ക് വിശ്വസിക്കാം."


 ബന്ധുക്കൾ വിശ്വസിച്ചില്ല.  "താങ്കളിപ്പോഴും പിഴച്ച ധാരണയിൽ തന്നെയാണ്." യഅ്ഖൂബ് (അ) ന്റെ വാക്കുകൾ അവർ തള്ളിക്കളഞ്ഞു... 


 വിശുദ്ധ ഖുർആൻ പറയുന്നു: "വാഹന സംഘം പിരിഞ്ഞുപോന്നപ്പോൾ അവരുടെ പിതാവ് (അടുത്തുള്ളവരോട് ) പറഞ്ഞു: നിശ്ചയമായും യൂസുഫിന്റെ വാസന ഞാൻ അനുഭവിക്കുന്നു. നിങ്ങൾ എന്നെ വാർദ്ധക്യം മൂത്ത് ബുദ്ധി നഷ്ടപ്പെട്ടവൻ എന്നു കുറ്റപ്പെടുത്തുന്നില്ലെങ്കിൽ (എന്നെ നിങ്ങൾക്ക് വിശ്വസിക്കാം)." (12:94)


"അവർ പറഞ്ഞു: അല്ലാഹുﷻവിനെ തന്നെയാണെ സത്യം ; നിശ്ചയമായും നിങ്ങൾ നിങ്ങളുടെ പഴയ വഴികേടിൽ തന്നെയാകുന്നു." (12:95)


 യാത്രസംഘം മുന്നേറിവരികയാണ്. അവരുടെ ആഗമനം അറിയിക്കാൻ ഒരാൾ മുമ്പെ വരുന്നുണ്ടായിരുന്നു. അദ്ദേഹം വീട്ടിലെത്തി. യൂസുഫ് (അ) ന്റെ കുപ്പായം അയാൾ വശമായിരുന്നു. കുപ്പായം യഅ്ഖൂബ് (അ) ന്റെ മുഖത്തിട്ടു. ഉടനെ കാഴ്ച തിരിച്ചു കിട്ടി... 


 പഴയ ഉത്സാഹവും പ്രസരിപ്പും മടങ്ങിയെത്തി. യഅ്ഖൂബ് (അ)ന്റെ വാക്കുകൾ വെറുതെയായില്ലെന്ന് ബന്ധുക്കൾ മനസ്സിലാക്കി. നിങ്ങൾക്കറിയാത്ത പലതും എനിക്കറിയാമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു... 


 വിശുദ്ധ ഖുർആൻ പറയുന്നു:  "അങ്ങനെ സന്തോഷവാർത്ത അറിയിക്കുന്ന ആൾ വന്നപ്പോൾ ആ ഉടുപ്പ് അദ്ദേഹത്തിന്റെ മുഖത്ത് ഇട്ടു. അപ്പോൾ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. അദ്ദേഹം പറഞ്ഞു: ഞാൻ നിങ്ങളോട് പറഞ്ഞില്ലേ, നിശ്ചയമായും നിങ്ങൾക്കറിഞ്ഞുകൂടാത്തത് അല്ലാഹുവിങ്കൽ നിന്നും എനിക്കറിയാമെന്ന്." (12:96)


 അപ്പോഴേക്കും യാത്രാസംഘം എത്തിക്കഴിഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാരെല്ലാം വന്നുചേർന്നു. ആഹ്ലാദം നിറഞ്ഞ അന്തരീക്ഷം... 


 മക്കൾ ഉപ്പയോട് പറഞ്ഞു: കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഉപ്പയുടെ മനസ്സിൽ ഞങ്ങളോട് വെറുപ്പുണ്ടാകരുത്. ഉപ്പ പൊറുത്തുതരണം. ഞങ്ങളുടെ തെറ്റുകളും പാപങ്ങളും പൊറുത്തുതരാൻ അല്ലാഹുﷻവിനോട് പ്രാർത്ഥിക്കണം... 


 അത് കേട്ടപ്പോൾ ഉപ്പ പറഞ്ഞു: "തെറ്റുകളും പാപങ്ങളും പൊറുക്കേണ്ടത് അല്ലാഹുﷻവാണ്. നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരാൻവേണ്ടി ഞാൻ അല്ലാഹുﷻവിനോട് പ്രാർത്ഥിക്കാം."  


 ഈ സംഭാഷണം വിശുദ്ധ ഖുർആനിൽ കാണുക: "അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ ഞങ്ങൾക്കുവേണ്ടി ഞങ്ങളുടെ പാപങ്ങൾക്കു താങ്കൾ പാപമോചനം തേടേണമേ നിശ്ചയമായും ഞങ്ങൾ തെറ്റ് ചെയ്തവരായിരുന്നു." (12:97)


 "അദ്ദേഹം പറഞ്ഞു: നിങ്ങൾക്കു വേണ്ടി ഞാൻ എന്റെ റബ്ബിനോട് പിന്നീട് പാപമോചനം തേടുന്നതാണ്. നിശ്ചയമായും അവൻ തന്നെയാണ് വളരെ പൊറുക്കുന്നവനും കരുണാനിധിയും." (12:98)


 എല്ലാവരുടെയും മനസ്സ് തണുത്തു. എത്രയോ വർഷങ്ങളായി അവരുടെ മനസ്സ് എരിയുകയായിരുന്നു. എല്ലാം ശാന്തമായി. പിതാവിന്റെ മുഖം പ്രസന്നമായി. മക്കൾ ചിരിക്കുന്നു... 


 ഈജിപ്തിൽ നിന്ന് ധാരാളം ഭക്ഷ്യവസ്തുക്കളും പാരിതോഷികങ്ങളും കൊണ്ടുവന്നിട്ടുണ്ട്.  അവയെല്ലാം ബന്ധുക്കൾക്കിടയിൽ വിതരണം ചെയ്യപ്പെട്ടു. രുചികരമായ ആഹാരമുണ്ടാക്കി. സദ്യ വിളമ്പി. മനസ്സു തുറന്ന ആഹ്ലാദം, ആശ്വാസം  ആ ആശ്വാസത്തിൽ എല്ലാവരും ആഹാരം കഴിച്ചു... 


 കുടുംബാംഗങ്ങൾക്കിടയിൽ ആഹ്ലാദം അലയടിച്ചുയർന്നു. എല്ലാവരും പോവുകയാണ്. ഈജിപ്തിലേക്ക്...