Wednesday - 22 April, 2026 4-Dhu al-Qadah-1447

പ്രതികാരമില്ലാത്ത ദിവസം (2)

   ജനങ്ങളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും വർദ്ധിച്ചുകൊണ്ടിരുന്നു. കൻആനിലെ അവസ്ഥയും വളരെ ദയനീയമായിരുന്നു. തന്റെ സഹോദരങ്ങളുടെ ദയനീയമായ അവസ്ഥ യൂസുഫ് (അ) നെ സങ്കടപ്പെടുത്തി. 


 തങ്ങളുടെ കൂട്ടുകുടുംബം പട്ടിണിയിലാണെന്നും ധാന്യത്തിന്റെ വില പിടിപ്പുള്ള വസ്തുക്കളൊന്നും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്നും അവർ അറിയിച്ചു. തങ്ങൾക്ക് അളവ് പൂർത്തിയാക്കിത്തരണമെന്നും, സൗജന്യമായി എന്തെങ്കിലും കൂട്ടിത്തരണമെന്നും അവർ അപേക്ഷിച്ചു...


 യൂസുഫ് (അ)ന്റെ മനസ്സിളകി അദ്ദേഹം ചോദിച്ചു: "യൂസുഫിനോടും അവന്റെ സഹോദരനോടും നിങ്ങൾ എത്ര ക്രൂരമായാണ് പെരുമാറിയത്? നിങ്ങൾക്കിപ്പോഴും അതൊക്കെ ഓർമ്മയില്ലേ?" ചോദ്യം അവരെ ഞെട്ടിച്ചു കളഞ്ഞു. സ്വരത്തിലെ ഗാംഭീര്യം മനസ്സിനെ തൊട്ടുണർത്തി... 


 "ഇതാരാണ്? യൂസുഫ് തന്നെയോ" മനസ്സിൽ വികാരങ്ങളുടെ തിരതല്ലൽ... വെപ്രാളത്തോടെ അവർ ചോദിച്ചു: "താങ്കൾ യൂസുഫ് തന്നെയോ?" 


 യൂസുഫ് (അ) ശാന്തമായി മറുപടി പറഞ്ഞു: "അതെ, ഞാൻ യൂസുഫ് തന്നെ. ഇത് എന്റെ സഹോദരൻ ബിൻയാമിൻ. അല്ലാഹു ﷻ ഞങ്ങൾക്ക് കൃപ ചെയ്തു."  


 സഹോദരങ്ങളുടെ മനസ്സ് പതറി. കാലിടറി. തൊണ്ട വരണ്ടു. ചെയ്തുപോയ തെറ്റിനെക്കുറിച്ചോർത്തു പശ്ചാതാപവിവശരായി. അവർ പറഞ്ഞു: "അല്ലാഹു ﷻ ഞങ്ങളെക്കാൾ നിങ്ങളെ ശ്രേഷ്ഠരാക്കി ഞങ്ങൾ തെറ്റുകാർ തന്നെ"


 വിശുദ്ധ ഖുർആൻ വചനങ്ങൾ കാണുക: "യൂസുഫ് ചോദിച്ചു നിങ്ങൾ അറിവില്ലാത്തവരായിരുന്ന കാലത്ത് യൂസുഫിനെക്കൊണ്ടും അവന്റെ സഹോദരനെ കൊണ്ടും നിങ്ങൾ എന്തെല്ലാം ചെയ്തുവെന്ന് നിങ്ങൾക്ക് ഓർമ്മയുണ്ടോ?" (12:89)


"അവർ ചോദിച്ചു: അങ്ങ് തന്നെയാണോ യൂസുഫ്? അദ്ദേഹം പറഞ്ഞു: അതെ, ഞാൻ യൂസുഫാണ് ഇത് എന്റെ സഹോദരനും. തീർച്ചയായും അല്ലാഹു ﷻ ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. നിശ്ചയമായും വല്ലവനും സൂക്ഷിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന പക്ഷം അത്തരം സുകൃതികളുടെ പ്രതിഫലം അല്ലാഹു ﷻ ഒരിക്കലും പാഴാക്കുകയില്ല." (12:90)


 "അവർ പറഞ്ഞു: അല്ലാഹുﷻവിനെക്കൊണ്ട് സത്യം ഞങ്ങൾക്കില്ലാത്ത പല ശ്രേഷ്ഠതകളും അല്ലാഹു ﷻ താങ്കൾക്ക് നൽകിയിരിക്കുന്നു. ഞങ്ങൾ കുറ്റക്കാർ തന്നെയാണ്." (12;91)


 തങ്ങൾ പണ്ട് ചെയ്ത കൊടും ക്രൂരതകൾക്കെല്ലാം ഇന്ന് പ്രതികാരം ചെയ്യുമെന്ന് അവർ കരുതി വിധി കാത്തിരുന്നു. അവർ ഭയത്തോടെ യൂസുഫിനെ നോക്കി. അദ്ദേഹം പുഞ്ചിരിയോടെ ഇങ്ങനെ മൊഴിഞ്ഞു. "ഇന്ന് നിങ്ങൾക്കെതിരെ യാതൊരു പ്രതികാര നടപടിയുമില്ല അല്ലാഹു ﷻ പൊറുത്തുതരട്ടെ." 


 വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: "അദ്ദേഹം പറഞ്ഞു: ഇന്ന് നിങ്ങളുടെ മേൽ യാതൊരക്ഷേപവുമില്ല. അല്ലാഹു ﷻ നിങ്ങൾക്ക് പൊറുത്തുതരട്ടെ.. ! അവൻ കരുണ ചെയ്യുന്നവരിൽ ഏറ്റവുമധികം കരുണ ചെയ്യുന്നവനാകുന്നു." (12:92)


 "നിങ്ങൾ എന്റെ ഉടുപ്പ് കൊണ്ടുപോവുക. എന്നിട്ടത് എന്റെ പിതാവിന്റെ മുഖത്ത് വെച്ചുകൊടുക്കുക. എന്നാൽ അദ്ദേഹം കാഴ്ചയുള്ള ആളായി മാറും. എന്നിട്ട് നിങ്ങളെ കുടുംബങ്ങളെ എല്ലാം കൂട്ടി എന്റെ അടുക്കലേക്ക് വരിക." (12:93)


 യൂസുഫ് (അ)ന്റെ വിശാല മനസ്കത, എന്തൊരു മഹാ മനസ്കത. ഈജിപ്തിന്റെ അധികാരിയാണ്. എന്ത് പ്രതികാര നടപടിയും കൈക്കൊള്ളാം. ആരും ചോദ്യം ചെയ്യില്ല. അദ്ദേഹം തന്റെ സഹോദരന്മാർക്ക് മാപ്പ് നൽകി. അവർക്ക് പൊറുത്തുകൊടുക്കാൻ വേണ്ടി അല്ലാഹുﷻവിനോട് തേടി...


 കൻആനിലേക്ക് മടങ്ങിപോവാനും കുടുംബാംഗങ്ങളെയെല്ലാം കൂട്ടി ഈജിപ്തിലെത്താനും ആവശ്യപ്പെട്ടു. കൊടും ദാരിദ്ര്യം പിടിപെട്ട കാലത്ത് അതൊരു വല്ലാത്ത അനുഗ്രഹം തന്നെയായിരുന്നു. പല സാധനങ്ങൾ കൊടുത്തയക്കുകയും ചെയ്തു...  


 യൂസുഫ് (അ)തന്റെ ഉടുപ്പ് അവരെ ഏൽപ്പിച്ചു. അത് യഅ്ഖൂബ് (അ)ന്റെ മുഖത്തിടണം. അപ്പോൾ കാഴ്ച കിട്ടും. പഴയ അവസ്ഥയാവും. എന്തതിശയം. അവർ ആവേശത്തോടെ യാത്ര ചെയ്തു...