യൂസുഫ് (അ) തന്റെ സഹോദരങ്ങളുടെ മുഖത്തേക്ക് കൃപയോടെ നോക്കി. ഒരു സേവകനെ വിളിച്ചു.
"ഇവരെ ഭക്ഷണഹാളിൽ കൊണ്ടുപോയി സൽക്കരിക്കുക" യൂസുഫ് (അ) സൽക്കാരപ്രിയനാണെങ്കിലും ഇപ്പോൾ അതിനെല്ലാം നിയന്ത്രണമുണ്ട്. ഇവരെ നന്നായി സൽക്കരിക്കാനാണ് കല്പന. രുചികരമായ ഭക്ഷണം വേണ്ടുവോളം കഴിച്ചു. തൃപ്തരായി...
ദാരിദ്ര്യം പിടിച്ച കാലത്ത് ഇത് മറക്കാനാവാത്ത സംഭവം തന്നെ. വിശേഷപ്പെട്ട വിരിപ്പുകൾ വിരിച്ചു. അവരെ ഇരുത്തി. യൂസുഫ് (അ) അവരുടെ വീട്ടു വിശേഷങ്ങൾ ചോദിച്ചു...
ഞങ്ങൾ പത്ത് സഹോദരങ്ങളാണ്. ഞങ്ങളുടെ കുഞ്ഞുങ്ങൾ പട്ടിണിയിലാണ്. ഞങ്ങൾക്ക് വൃദ്ധനായ പിതാവുണ്ട്. ഞങ്ങൾക്ക് ഒരു ചെറിയ സഹോദരൻ കൂടിയുണ്ട്. അവൻ കൂടെ വന്നിട്ടില്ല. കുടുംബകഥകൾ പറഞ്ഞെങ്കിലും യൂസുഫിനെ കിണറ്റിലിട്ട സംഭവം പറഞ്ഞില്ല...
അവർക്ക് നല്ല അളവിൽ ധാന്യം നൽകി. അവർ നൽകിയ പാരിതോഷികം അവരുടെ ചാക്കിൽ തന്നെയിട്ടു. അസീസിന് നന്ദി പറഞ്ഞു...
"ഇനി വരുമ്പോൾ അനുജനെകൂടി കൊണ്ടുവരണം. അവനെ കൊണ്ടുവരാതെ നിങ്ങൾ മാത്രം വന്നാൽ ധാന്യം തരില്ല." ഈ നിർദ്ദേശം അവരെ അസ്വസ്ഥരാക്കി. തങ്ങളെ സൽക്കരിച്ചതും ധാന്യം നൽകി സഹായിച്ചതും ഇതുവരെ സംസാരിച്ചിരുന്നതും യൂസുഫ് ആണെന്ന് അവർക്ക് മനസ്സിലായില്ല. അവർ നന്ദി പറഞ്ഞു. സന്തോഷത്തോടെ മടങ്ങിപ്പോയി...
ഇനി വിശുദ്ധ ഖുർആൻ പറയുന്നത് ശ്രദ്ധിക്കാം : "യൂസുഫ് നബിയുടെ സഹോദരന്മാർ (ഈജിപ്തിൽ) വരികയും എന്നിട്ട് അവർ അദ്ദേഹത്തിന്നടുത്തേക്ക് കടന്നുചെല്ലുകയും ചെയ്തു. അപ്പോൾ അവരെ അദ്ദേഹം മനസ്സിലാക്കി. അവർക്ക് അദ്ദേഹത്തെ മനസ്സിലായതുമില്ല." (12:58)
"അവർക്ക് വേണ്ട സാമാനങ്ങളെല്ലാം തയ്യാറാക്കിക്കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ പിതാവൊത്ത സഹോദരനെ കൂടി എന്റെ അടുക്കൽ നിങ്ങൾ കൊണ്ടുവരണം. ഞാൻ ധാന്യങ്ങൾ പൂർത്തിയാക്കി അളന്നുതരുമെന്നും (അതിഥികളെ) സൽക്കരിക്കുന്നവരിൽ ഉത്തമനാണെന്നും നിങ്ങൾ കാണുന്നില്ലേ." (12:59)
"ഇനി അവനെ എന്റെ അടുക്കൽ കൊണ്ടുവന്നില്ലെങ്കിൽ, നിങ്ങൾക്ക് ധാന്യം തന്നെയില്ല. നിങ്ങൾ എന്നെ സമീപിക്കുകയും അരുത്." (12:60)
"അവനെ അയച്ചുതരാൻ അവന്റെ പിതാവിനോട് ഞങ്ങൾ ആവശ്യപ്പെട്ടുനോക്കാം. ഞങ്ങളത് തീർച്ചയായും ചെയ്യാം." (12:61)
"യൂസുഫ് തന്റെ സേവകന്മാരോട് പറഞ്ഞു: അവർ തന്ന സാധനങ്ങൾ അവരുടെ ചരക്കുകളിൽ തന്നെ വെക്കുക. അവർ സ്വന്തം കുടുംബത്തിൽ തിരിച്ചെത്തിയാൽ അവർക്കത് മനസ്സിലാവുകയും അവർ മടങ്ങിവരികയും ചെയ്തേക്കാം." (12:62)
മടക്കയാത്ര വളരെ ആഹ്ലാദകരമായിരുന്നു. അവർ പിതാവിനെ സമീപിച്ചു. കിട്ടിയ സാധനങ്ങൾ തുറന്നു കാണിച്ചു. ചാക്കിൽ നിന്ന് സ്വന്തം പാരിതോഷികങ്ങൾ അവർക്ക് കിട്ടി...
"ഉപ്പാ... ഇത് കണ്ടോ? നാം അസീസിന് നൽകിയ സമ്മാനങ്ങൾ ഇതാ തിരിച്ചു തന്നിരിക്കുന്നു. അസീസ് വലിയ മഹാൻ തന്നെ. ഞങ്ങളെ സൽക്കരിച്ചു. കുടുംബവിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ഇനി വരുമ്പോൾ ബിൻയാമീനെ കൊണ്ടുചൊല്ലണമെന്ന് പ്രത്യേകം പറഞ്ഞു."
"അതുവേണ്ട മക്കളേ ബിൻയാമിനെ ഞാൻ നിങ്ങൾക്ക് വിട്ടുതരില്ല. അക്കാര്യം പറയുകയേ വേണ്ട."
"ഉപ്പാ... അസീസ് നല്ല ആളാണ്. ബിൻയാമിനെ കാണാൻ എന്തൊരു മോഹം. ഞങ്ങളുടെ കൂടെ പറഞ്ഞയക്കണം. ഉപ്പ പേടിക്കയൊന്നും വേണ്ട."
"യൂസുഫിനെകൊണ്ടുപോയപ്പോഴും നിങ്ങളിതൊക്കെത്തന്നെയാണ് പറഞ്ഞത്."
"ഇത്തവണ അങ്ങനെയൊന്നും സംഭവിക്കില്ല."
അവരുടെ വീട്ടിൽ നിന്ന് കുറച്ചു ദിവസത്തേക്ക് ദാരിദ്ര്യം അകന്നുനിന്നു. അടുത്ത തവണ ബിൻയാമീനെ കൊണ്ടുപോവണം. എന്നാൽ കൂടുതൽ സാധനങ്ങൾ കിട്ടും. ഉപ്പ സമ്മതിക്കണ്ടേ? സമ്മതിച്ചില്ലെങ്കിൽ......
ബിൻയാമീനെ കൊണ്ടുപോവാൻ പറ്റില്ല. ബിൻയാമീൻ ഇല്ലാതെ വന്നാൽ ഒരു മണി ധാന്യം കിട്ടില്ല. വല്ലാത്ത പ്രതിസന്ധി...
എല്ലാവരും കൂടി ഉപ്പയെ സമീപിച്ചു. ബിൻയാമീനെ കൂടെ അയക്കാൻ നിർബന്ധിച്ചു. അവർ അല്ലാഹുﷻവിന്റെ പേരിൽ കരാർ ചെയ്തു. ഉപ്പ തളർന്നു ദുഃഖം അണപൊട്ടി. സഹോദരന്മാർ ബിൻയാമീനെ കൊണ്ടുപോവാൻ തയ്യാറായിക്കഴിഞ്ഞു.
"എന്റെ യൂസുഫ്......
എന്റെ ബിൻയാമീൻ....."
യഅ്ഖൂബ് (അ) കരഞ്ഞു നെടുവീർപ്പിട്ടു...