മക്കളുടെ സ്നേഹപൂർവ്വ നിർബന്ധം കൂടിക്കൂടി വന്നപ്പോൾ യഅ്ഖൂബ് നബിക്ക് സമ്മതിക്കേണ്ടിവന്നു. അദ്ദേഹം തന്റെ മക്കളെ നോക്കി. പതിനൊന്നു മക്കൾ. നല്ല സൗന്ദര്യം, ആരോഗ്യം, ആരും നോക്കിനിന്നുപോവും. ഇവർ ഈജിപ്തിലേക്ക് ഒന്നിച്ചു കടന്നുചെന്നാൽ പലരും ശ്രദ്ധിക്കും. അവർ പല തരക്കായിരിക്കും. ചിലരുടെ കണ്ണ് തട്ടിയാൽ കുഴപ്പമാണ്. കണ്ണേറ് തട്ടാനുള്ള സാധ്യതയുണ്ട്. ഒരു സൂക്ഷ്‌മത നല്ലതാണ്.
യഅ്ഖൂബ് (അ) മക്കളെ ഇങ്ങനെ ഉപദേശിച്ചു...
"നിങ്ങൾ പട്ടണത്തിലേക്ക് ഒരേ വാതിലിലൂടെ പ്രവേശിക്കരുത്. പല വാതിലിലൂടെ പ്രവേശിക്കണം. അല്ലാഹുﷻവിന്റെ വിധി നടക്കും. അത് തടുക്കാൻ ആർക്കുമാവില്ല. അവന്റെമേൽ ഞാൻ എല്ലാ കാര്യങ്ങളും ഭരമേല്പിക്കുന്നു." പിതാവ് ഉപദേശിച്ചതെല്ലാം അനുസരിക്കാമെന്നവർ ഉറപ്പ് പറഞ്ഞു...
സന്തോഷകരമായ യാത്ര. വിശാലമായ മരുഭൂമിയിലൂടെ പതിനൊന്നംഗ സംഘം യാത്ര തുടർന്നു. പിതാവ് ഉപദേശിച്ചതുപോലെ പല കവാടങ്ങളിലൂടെ അവർ പട്ടണത്തിൽ പ്രവേശിച്ചു. കൊട്ടാരത്തിലേക്ക് ഹൃദ്യമായ സ്വീകരണം...
ബിൻയാമിനെ യൂസുഫ് (അ) നോക്കിനിന്നു.
അന്ന് കൊച്ചു കുഞ്ഞായിരുന്നു. ഇന്നിപ്പോൾ വളർന്നു വലുതായിരിക്കുന്നു. സഹോദരന്മാർ അവിടെയെല്ലാം ചുറ്റിനടന്നു കാണുകയാണ്. അതിന്നിടയിൽ യൂസുഫ് (അ) ബിൻയാമീനോട് സംസാരിച്ചു...
"മോനേ....ബിൻയാമീൻ....നിനക്കെന്നെ മനസ്സിലായോ? ഞാനാണ് നിന്റെ ഇക്കാക്ക..."
"എന്റെ ഇക്കാക്കാ...." ബിൻയാമീൻ പരിസരം മറന്നു ഇക്കാക്കയെ കെട്ടിപ്പിടിച്ചു. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു...
"ഇക്കാക്കാ....നമ്മുടെ ഉപ്പ....ഇക്കാക്കയെ കാണാതായതിൽ പിന്നെ ഉപ്പായുടെ കണ്ണീർ വറ്റിയിട്ടില്ല. എന്തൊരു ദുഃഖം. ഇക്കാക്കാ....എനിക്ക് നിങ്ങളുടെ വിട്ടുപോവാൻ തോന്നുന്നില്ല."
"വേണ്ട, നീ പോവണ്ട. നിന്നെ ഇവിടെത്തന്നെ നിർത്താൻ ഞാനൊരു ഉപായം പ്രയോഗിക്കും."
സഹോദരന്മാരെ നന്നായി സൽക്കരിച്ചു. അവർക്ക് വേണ്ട ധാന്യങ്ങൾ അളന്നു ചാക്കിൽ നിറക്കാൻ ഉദ്യോഗസ്ഥരോട് കല്പിച്ചു. നേരത്തെ യൂസുഫ് (അ) വെള്ളം കുടിക്കാന് ഉപയോഗിച്ചിരുന്ന ഒരു പാത്രം ഇപ്പോൾ ധാന്യം അളക്കാൻ ഉപയോഗിക്കുന്നു. അതുകൊണ്ട് ആ പാത്രത്തെ പാനപാത്രമെന്നും അളവുപാത്രമെന്നും വിളിക്കാം...
ആ പാത്രം ബിൻയാമിന്റെ ചാക്കിൽ ധാന്യത്തോടൊപ്പം ഇടുവാൻ യൂസുഫ് (അ) ഉദ്യോഗസ്ഥരോട് കല്പിച്ചു. ഒരാളും അറിയാത്തവിധം പാത്രം ചാക്കിലിട്ടു കെട്ടി. ചാക്കുകൾ ഒട്ടകപ്പുറത്ത് ബന്ധിച്ചു. യാത്ര പറഞ്ഞു സഹോദരന്മാരും ഒട്ടകപ്പുറത്ത് കയറി. അവർ യാത്ര തുടങ്ങി. പെട്ടെന്ന് ഒരാൾ വിളിച്ചു പറഞ്ഞു.
"ഹേ വാഹന സംഘമേ..! നിങ്ങൾ മോഷ്ടാക്കൾ തന്നെയാണ്."
സഹോദരന്മാർ തിരിഞ്ഞു നിന്നു. എന്നിട്ടു ചോദിച്ചു: "എന്താണ് മോഷ്ടിക്കപ്പെട്ടത്..?"