കൻആൻ പ്രദേശം. വിശാലമായ മരുഭൂമി. അങ്ങിങ്ങ് മണൽകുന്നുകൾ. പാറക്കൂട്ടങ്ങൾ നിറഞ്ഞ വിശാലമായ മലഞ്ചരിവുകൾ. മേഞ്ഞു നടക്കുന്ന ആട്ടിൻപറ്റങ്ങൾ. ഒട്ടകക്കൂട്ടങ്ങൾ. പരുക്കൻ പ്രകൃതി. അതിനോട് മല്ലിട്ട് ജീവിക്കുന്ന മരുഭൂമിയുടെ മക്കൾ. അങ്ങിങ്ങ് ജലസ്രോതസ്സുകൾ. അവയുടെ തണുപ്പിൽ വളരുന്ന ഈത്തപ്പനകളും മുന്തിരിവള്ളികളും...
ആ പ്രദേശത്താണ് യഅ്ഖൂബ് (അ) താമസിക്കുന്നത്. അല്ലാഹുﷻവിന്റെ പുണ്യപ്രവാചകൻ. പ്രസിദ്ധനായ ഇസ്ഹാഖ് നബി (അ)ന്റെ പുത്രൻ. ഇസ്ഹാഖ് നബി(അ) ന്റെ പിതാവ് ഇബ്രാഹിം (അ). യഅ്ഖൂബിന്റെ മറ്റൊരു പേരാണ് ഇസ്രാഈൽ. അദ്ദേഹത്തിന്റെ സന്താനപരമ്പര ബനൂഇസ്രാഈൽ (ഇസ്രാഈലിസന്തതികൾ) എന്ന പേരിൽ അറിയപ്പെടുന്നു...
അദ്ദേഹത്തിന് പുത്രന്മാരുണ്ട്. പത്ത് പേരും വളർന്നു വലുതായി. സ്വന്തം കാര്യം നോക്കാൻ പ്രാപ്തരായി. ആട്ടിനെ മേയ്ക്കാൻ കൊണ്ടുപോകും. മറ്റ് പല ജോലികളും ചെയ്യും. നന്നായി അധ്വാനിക്കും. ആഹാരത്തിന്റെ വക നേടും. നന്നായി ആഹാരം കഴിച്ച് സുഖമായി കഴിഞ്ഞുകൂടുന്നു...
അവസാനത്തെ രണ്ട് കുട്ടികൾ വളരെ ചെറുപ്പമാണ്. യഅ്ഖൂബ് (അ) ന് മറ്റൊരു ഭാര്യയിൽ ജനിച്ച കുഞ്ഞുങ്ങൾ യൂസുഫ്, ബിൻയാമിൻ.
ഈ കുട്ടികളോടാണ് യഅ്ഖൂബ് (അ)ന് കൂടുതൽ സ്നേഹം. അവരെ മടിയിലിരുത്തും. ഓമനിക്കും. വാത്സല്യത്തോടെ കെട്ടിപ്പിടിക്കും. ഒരേ ഉമ്മയിൽ നിന്നുള്ള ഈ കുഞ്ഞുങ്ങൾക്ക് പരസ്പരം വലിയ ഇഷ്ടമാണ്...
യൂസുഫ് എന്തൊരഴകുള്ള കുട്ടി. അത്രയും അഴകുള്ള ഒരു കുട്ടിയെ അന്നാട്ടുകാർ കണ്ടിട്ടേയില്ല. യൂസുഫിന്റെ സൗന്ദര്യം നാട്ടിലാകെ വാർത്തയായിത്തീർന്നു. മുതിർന്ന സഹോദരന്മാർ ഒന്നിച്ചിരുന്നു യൂസുഫിന്റെ കാര്യം ചർച്ച ചെയ്തു...
ഉപ്പയുടെ സ്നേഹം മുഴുവൻ യൂസുഫ് നേടിയെടുത്തു. അവന്റെ സൗന്ദര്യം കണ്ട് ഉപ്പ മയങ്ങിപ്പോയി. അവൻ വളർന്നാൽ എല്ലാവരും അവനെ സ്നേഹിക്കും. നാം അവഗണിക്കപ്പെടും. ഉപ്പായുടെ സ്നേഹം നമുക്കു ലഭിക്കണം. യൂസുഫിനുനേരെ ഒഴുകുന്ന കാരുണ്യത്തിന്റെ നീരുറവ നമുക്കു നേരെ തിരിച്ചു വിടണം. അതിനെന്തു വഴി?
ഒരു വഴി കാണാതെ നിരാശപ്പെട്ടു. സഹോദരങ്ങൾ പിരിഞ്ഞു പോയി. ഇത് പലതവണ ആവർത്തിച്ചു...