യൂസുഫ് നബി (അ) എല്ലാ വിഭാഗം ജനങ്ങൾക്കും മാതൃകാ പുരുഷനാകുന്നു. മികച്ച ഭരണാധികാരിയും വന്ദ്യരായ പ്രവാചകനുമായിരുന്നു...
യഅ്ഖൂബ് നബി (അ)ന്റെ മറ്റൊരു പേരായിരുന്നു ഇസ്രാഈൽ. അദ്ദേഹത്തിന്റെ സന്താന പരമ്പരക്ക് ബനൂ ഇസ്രാഈൽ എന്ന് പേർ വിളിക്കുന്നു. ഇസ്രാഈല്യരുടെ ഒന്നാമത്തെ പ്രവാചകനെന്ന് യഅ്ഖൂബ് നബിയെ വിളിക്കാമെങ്കിൽ. അദ്ദേഹത്തിന്റെ മകനായ യൂസുഫ് നബി(അ) നെ രണ്ടാമത്തെ പ്രവാചകനെന്ന് വിളിക്കാം...
കടുത്ത ത്യാഗത്തിന്റെയും അത്ഭുതകരമായ ക്ഷമയുടെയും ഇതിഹാസങ്ങളായിരുന്നു ആ പിതാവും പുത്രനും. നിത്യജീവിതത്തിന്റെ നേർകാഴ്ചകളായ പിതൃ-പുത്ര ബന്ധത്തിന്റെ അതിമനോഹരമായ അവതരണം സൂറത്ത് യൂസുഫിലുണ്ട്...
മകൻ നഷ്ടപ്പെട്ട വേദനക്ക് പതിറ്റാണ്ടുകൾ പഴക്കം ചെല്ലുമ്പോഴും പിതാവ് പറയുന്നത്, താൻ എല്ലാ കാര്യങ്ങളും അല്ലാഹുﷻവിൽ ഭരമേൽപിച്ച് ഭംഗിയായി ക്ഷമിക്കുന്നുവെന്നാണ്. ക്ഷമാശീലരുടെ പ്രതിഫലം പാഴായിപ്പോവുകയില്ലെന്ന് കഥാന്ത്യത്തിൽ നാമറിയുന്നു...
നിസ്സഹായനായിരുന്ന കാലത്ത് തന്നെ ദ്രോഹിച്ചവർക്ക് അധികാരവും ശക്തിയും കിട്ടിയപ്പോൾ മാപ്പു നൽകുന്ന വിശാലമനസ്കനെയും യൂസുഫ് (അ)ൽ നാം കാണുന്നു. പ്രതിയോഗികൾ ദുർബലരാവുമ്പോൾ അവരോടെങ്ങനെ വർത്തിക്കണമെന്നതിന്റെ ഉത്തമ മാതൃക...
മനുഷ്യ സ്നേഹത്തിന്റെ മൂന്നു മുഖങ്ങൾ അനാവരണം ചെയ്യപ്പെടുന്നു. സുലൈഖയിലൂടെ പ്രേമപ്രകടനത്തിലൂടെ സ്നേഹത്തിന്റെ പ്രാകൃത രൂപം. യൂസുഫ് (അ)ന്റെ സഹധർമ്മിണിയെന്ന നിലയിൽ സ്നേഹത്തിന്റെ പരിശുദ്ധ രൂപം ആത്മീയ പദവികൾ നേടിയ സുലൈഖയുടെ സ്നേഹം മുഴുവൻ അല്ലാഹുﷻവിനുനേരെയാണ് ഒഴുകിയത്. അത് മൂന്നാമത്തെ രൂപം...
ആദ്യഘട്ടത്തിൽ സുലൈഖ യൂസുഫിനെ ഏത് അളവിൽ സ്നേഹിച്ചിരുന്നുവോ അതേ അളവിൽ യൂസുഫ് (അ) രണ്ടാം ഘട്ടത്തിൽ സുലൈഖയെ സ്നേഹിക്കാൻ തുടങ്ങി. അപ്പോഴേക്കും സുലൈഖയുടെ സ്നേഹമത്രയും അല്ലാഹുﷻവിനുനേരെ ഒഴുകിത്തുടങ്ങിയിരുന്നു...
പ്രേമപാരവശ്യത്താൽ യൂസുഫിന്റെ പിന്നാലെ ഓടിയ സുലൈഖ, വാതിൽക്കൽവെച്ച് അദ്ദേഹത്തെ പിടികൂടുകയും പിടി വലിയിൽ അദ്ദേഹത്തിന്റെ ഉടുപ്പിന്റെ പിൻഭാഗം കീറിപ്പോവുകയും ചെയ്തു...
അല്ലാഹുﷻവിന്റെ സ്നേഹത്താൽ പരവശയായ സുലൈഖയുടെ പിന്നാലെ യൂസുഫ് (അ) ഓടുകയും പിടിവലിയിൽ സുലൈഖയുടെ ഉടുപ്പിന്റെ പിൻഭാഗം കീറിപ്പോവുകയും ചെയ്തു...
വിശുദ്ധ സ്നേഹത്തിന്റെ മനോഹര ദൃശ്യങ്ങൾ അനാവരണം ചെയ്യപ്പെടുകയാണിവിടെ. എത്ര ഹൃദ്യമായ അനുഭവം. സ്നേഹമാണ് ശക്തി. സ്നേഹത്തിലൂടെ മനുഷ്യൻ വളർന്നു വികസിക്കുന്നു സാമൂഹിക ജീവിതം ഭദ്രമാക്കുന്നതും, കുടുംബ ജീവിതത്തിനുറപ്പ് നൽകുന്നതും സ്നേഹത്തിന്റെ ചങ്ങലകളാണ്. സ്നേഹത്തിന്റെ നീരുറവയില്ലാത്ത ലോകം സങ്കല്പിക്കാനാവില്ല.
പിതാവിന് പുത്രനോടും തിരിച്ചുമുള്ള സ്നേഹം,സഹോദര സ്നേഹം, വിവാഹത്തിന് മുമ്പും പിന്നീടുമുള്ള സ്നേഹം, ഒടുവിൽ എല്ലാ സ്നേഹവും അല്ലാഹുﷻവിനുവേണ്ടി ഇവയെല്ലാം യൂസുഫ് (അ)ന്റെ ചരിത്രത്തിൽ കണ്ടെത്തുന്നു...
അല്ലാഹു ഇതൊരു സൽക്കർമ്മമായി സ്വീകരിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ...