Wednesday - 22 April, 2026 4-Dhu al-Qadah-1447

സ്വപ്നം (2)

   യൂസുഫിന് ഏഴ് വയസ്സായി. വീട്ടിലാകെ ഓടിച്ചാടി നടക്കും. ഇക്കാക്കമാരോടൊക്കെ വലിയ സ്നേഹമാണ്. അവർ സ്നേഹം അഭിനയിക്കും...


 യൂസുഫ് ഇടക്കിടെ സ്വപ്നങ്ങൾ  കാണും. കാണുന്ന സ്വപ്നങ്ങൾ അതുപോലെ ഉപ്പയോട് പറയും.  കുട്ടി പറയുന്നതൊക്കെ ഉപ്പ ശ്രദ്ധിച്ചു കേൾക്കും. ഇത് സാധാരണ കുട്ടിയല്ല. സാധാരണ കുട്ടികൾ ഇങ്ങനെയുള്ള സ്വപ്നങ്ങൾ കാണാറില്ല. ഇവൻ ഭാവിയിൽ വലിയ മഹാനായിത്തീരും. കുട്ടിയുടെ  സംസാരം, പെരുമാറ്റം, ജീവിത ക്രമം എല്ലാം എത്ര ആകർഷകം... 


 യഅ്ഖൂബ് (അ) സ്നേഹിനിധിയായ പിതാവാണ്. എല്ലാ പുത്രന്മാരെയും മനസ്സ് നിറയെ സ്നേഹിക്കുന്നുണ്ട്. യൂസുഫിനോട് പ്രത്യേക വാത്സല്യം വന്നുപോയി. ഇളയ കുട്ടികളെ ആരും അറിയാതെ സ്നേഹിച്ചുപോകും. ഭംഗി കൂടുതലുള്ളവരെയും സ്നേഹിച്ചു പോകും. സഹോദരന്മാർക്കത് സഹിക്കാനായില്ല. അവരുടെ മനസ്സിൽ അസൂയ വളർന്നു. അവരുടെ നോട്ടത്തിലും ഭാവത്തിലും സംസാരത്തിലും അത് പ്രകടമായി...


 അത് ഉപ്പ മനസ്സിലാക്കി. പൊന്നുമോന്റെ കാര്യത്തിൽ ഉൽക്കണ്ഠയുണ്ടായി. ഒരു ദിവസം യൂസുഫ് മോൻ ഉപ്പായുടെ സമീപത്തേക്ക് ഓടിവന്നു. മുഖത്ത് വല്ലാത്തൊരു ജിജ്ഞാസ. ഉപ്പ മോനെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു... 


"ഉപ്പാ......"


"എന്താ മോനെ വിശേഷം?" 


"ഉപ്പാ....ഞാനൊരു സ്വപ്നം കണ്ടു."

 

"സ്വപ്നമോ? എന്താ മോൻ കണ്ടത്?"


"പതിനൊന്നു നക്ഷത്രങ്ങൾ പിന്നെ സൂര്യനും ചന്ദ്രനും അവയെല്ലാം എനിക്കു മുമ്പിൽ കുമ്പിടുന്നു."  ഉപ്പ ശ്രദ്ധിച്ചു കേട്ടു. പിന്നെ ചിന്തയിലാണ്ടു. മുഖത്ത് ഗൗരവം നിറഞ്ഞ സന്തോഷം... 


 മഹാന്മാരെ കാണുമ്പോൾ വന്ദിക്കും. ചിലർ തല കുനിക്കും മറ്റ് ചിലർ കുമ്പിടും മുട്ടുകുത്തി നിൽക്കും. കുട്ടി അതൊക്കെ കണ്ടിട്ടുണ്ട്. കൂമ്പിടുന്നതിന് സുജൂദ് എന്നു പറയും... 


 പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും തനിക്കു മുമ്പിൽ സുജൂദ് ചെയ്യുന്നു. ഉപ്പാക്ക് കാര്യം പിടികിട്ടി. പതിനൊന്നു നക്ഷത്രങ്ങൾ പതിനൊന്നു സഹോദരന്മാരാണ്. സൂര്യനും ചന്ദ്രനും മാതാപിതാക്കൾ...


 ഉപ്പയും ഉമ്മയും പതിനൊന്നു സഹോദരന്മാരും ഈ കുട്ടിയുടെ മുമ്പിൽ വിനയത്തോടെ വന്നുനിൽക്കും. വണങ്ങും.  കുട്ടിയുടെ കാരുണ്യത്തിനുവേണ്ടി കാത്തുനിൽക്കും. അങ്ങനെയൊരു കാലം വരും... 


 ഈ വിവരം മൂത്ത പുത്രന്മാർ അറിയരുത്. അറിഞ്ഞാൽ അസൂയക്ക് അതിരുണ്ടാവില്ല. കുട്ടിയെ ഇപ്പോൾ തന്നെ അവർ വെറുക്കുന്നു.  ഇതും കൂടി അറിഞ്ഞാൽ... 


 നിഷ്കളങ്കനായ കുട്ടി ഇക്കാക്കമാരെ സ്നേഹിക്കുന്നു. അവരോടടുത്തു പെരുമാറുന്നു. സംസാരിക്കുന്നു. സ്വപ്നത്തിന്റെ കാര്യം അവരറിഞ്ഞാൽ?  ഉപ്പ  മോനെ ചേർത്തുപിടിച്ചു. എന്നിട്ടിങ്ങനെ ഉപദേശിച്ചു... 


 "പൊന്നുമോനേ നിന്റെ സ്വപ്നത്തിന്റെ കാര്യം ഇക്കാക്കമാരോട് മിണ്ടിപ്പോകരുത്."  

 

"ഞാനാരോടും പറയില്ല." ഉപ്പാക്ക് ആശ്വാസമായി... 


 കുട്ടിയല്ലേ? രഹസ്യം ചോർന്നുപോകും. മൂത്ത സഹോദരന്മാർ അറിയും. പിന്നെ എന്തൊക്കെയായിരിക്കും നടക്കുക..?