യൂസുഫ് (അ)ന്റെ സ്വപ്നവിവരണം കേട്ട് രാജാവ് അമ്പരന്നു പോയി. എത്ര കൃത്യമായ വിവരണം. പിന്നീട് സ്വപ്നത്തിന്റെ വ്യാഖ്യാനം നൽകി. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ രാജാവ് ചോദിച്ചു. "താങ്കൾ ഇതൊക്കെ എങ്ങനെ പഠിച്ചു?"
"എനിക്ക് ജിബ്രീൽ എന്ന മലക്ക് പഠിപ്പിച്ചുതന്നു."
"ജിബ്രീൽ അതാരാണ്?"
"സർവശക്തനായ അല്ലാഹു ﷻ അവന്റെ പ്രവാചകന്മാർക്ക് ദിവ്യസന്ദേശം എത്തിച്ചുകൊടുക്കാൻ വേണ്ടി നിയോഗിച്ച മലക്കാണ് ജിബ്രീൽ." രാജാവിന്റെ അതിശയം വർദ്ധിച്ചു. യൂസുഫ് (അ) ഇങ്ങനെ തുടർന്നു...
"കൃഷിഭൂമി ഒട്ടും വെറുതെയിടരുത്. മുഴുവനായും കൃഷി ചെയ്യണം. പരമാവധി വിളവെടുക്കണം. കർഷകരെ അതിന് പ്രേരിപ്പിക്കണം. വിളവെടുക്കുമ്പോൾ ആവശ്യത്തിനുള്ളത് മാത്രമേ എടുക്കാവൂ. ബാക്കിയെല്ലാം കതിരിൽ തന്നെ സൂക്ഷിക്കണം. ഭക്ഷണം വളരെ സൂക്ഷിച്ചു ഉപയോഗിക്കണം. ധാന്യം മനുഷ്യരും. തവിട് മൃഗങ്ങളും പക്ഷികളും ഉപയോഗിക്കട്ടെ. വളരെ സൂക്ഷിച്ചില്ലെങ്കിൽ ക്ഷാമകാലത്ത് മനുഷ്യരും മൃഗങ്ങളും നശിക്കും."
രാജാവ് അസ്വസ്ഥനായി മാറി. അദ്ദേഹം സങ്കടത്തോടെ പറയാൻ തുടങ്ങി. "ദാരിദ്ര്യം പടർന്നു പിടിക്കുന്ന കാലത്ത് ഞാനെങ്ങനെ ജനങ്ങളുടെ കഷ്ടപ്പാടുകൾ തീർക്കും. ഞാനെങ്ങനെ ധാന്യം വിതരണം ചെയ്യും? ഓരോ കുടുംബത്തിനും വേണ്ട അളവ് ഞാനെങ്ങനെ അറിയും? അക്കാലത്ത് എന്നെ ആര് സഹായിക്കും?" നിസ്സഹായനായി രാജാവ് ചോദിച്ചു...
"അല്ലാഹുﷻവിന്റെ അനുഗ്രഹത്താൽ ഞാൻ സഹായിക്കും." യൂസുഫ് (അ) പ്രഖ്യാപിച്ചു...
രാജാവിന്റെ മുഖം തെളിഞ്ഞു. ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. ആ ആശ്വാസവും സന്തോഷവും കൊട്ടാരത്തിൽ നിന്ന് പുറത്തേക്കൊഴുകി. ഈജിപ്ത് രാജ്യമാകെ അത് വ്യാപിച്ചു. യൂസുഫ് (അ)ന്റെ സാന്നിധ്യം രാജാവിന് വളരെയേറെ ആശ്വാസം നൽകി. ദിവസം ചെല്ലുംതോറും യൂസഫിനെക്കുറിച്ച് രാജാവിന്റെ മനസ്സിൽ മതിപ്പ് കൂടിക്കൂടിവന്നു...
യൂസുഫ് (അ) അപ്പോഴും അസീസിന്റെ അടിമയാണെന്ന നിലക്കാണ് കഴിഞ്ഞിരുന്നത്. രാജാവ് യൂസുഫ് നബിയെ സ്വതന്ത്രനാക്കി. രാജ്യത്തെവിടെയും സഞ്ചരിക്കാം. താമസിക്കാം. രാജ്യത്തിന്റെ സാമ്പത്തിക ഭരണം അസീസിന്റെ കൈകളിലായിരുന്നു. ആ വകുപ്പ് യൂസുഫിന് നൽകാൻ രാജാവ് തീരുമാനിച്ചു...
ആ വകുപ്പ് ഏറ്റെടുക്കുന്നതിനേക്കാൾ രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനമാണ് യൂസുഫ് (അ) ലക്ഷ്യമാക്കിയത്. അതിനുള്ള ചില പദ്ധതികൾ തയ്യാറാക്കി. അതോടെ രാജാവിന് യൂസഫിനെക്കുറിച്ചുള്ള മതിപ്പ് വീണ്ടും വർദ്ധിച്ചു. എല്ലാ വകുപ്പും കൈകാര്യം ചെയ്യാനുള്ള അധികാരം നൽകിക്കൊണ്ട് രാജാവ് ഇങ്ങനെ ഉത്തരവായി...
"യൂസുഫ് നാമും താങ്കളും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഒരു സിംഹാസനത്തിന്റെ വ്യത്യാസമല്ലാതെ"
അതെ.., രാജാവ് സിംഹാസനത്തിലിരിക്കും. വകുപ്പുകൾ കൈകാര്യം ചെയ്യാൻ യൂസുഫ് (അ)തന്നെ. ലോകഭരണാധികാരികൾക്കുള്ള മാതൃക ഇവിടെ കാണാം. തൊഴിലിന്റെ മഹാത്മ്യം ജനങ്ങളെ ബോധ്യപ്പെടുത്തി. കൃഷി വർദ്ധിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിച്ചു. വേണ്ട സഹായങ്ങൾ വേണ്ട സമയത്ത് നൽകി. മിതവ്യയം ശീലിപ്പിച്ചു...
അദ്ദേഹം ഭരണസിരാകേന്ദ്രത്തിൽ ഒതുങ്ങിനിന്നില്ല. രാജ്യം മുഴുവൻ സഞ്ചരിച്ചു കൊണ്ടിരുന്നു. എല്ലാ വിഭാഗം ജനങ്ങളിലേക്കും ഇറങ്ങിച്ചെന്നു. കൈത്തൊഴിലുകൾ വളർത്തിയെടുത്തു. ധാന്യങ്ങൾ സൂക്ഷിക്കാനുള്ള വലിയ ഗോഡൗണുകൾ പല ഭാഗത്തും സ്ഥാപിച്ചു...
ദാരിദ്ര്യത്തിന്റെ ഏഴ് വർഷങ്ങൾ വരാൻ പോകുന്നു. ആ വസ്തുത എല്ലാവർക്കുമറിയാം. അതുകൊണ്ടവർ കഠിനാധ്വാനത്തിന് സന്നദ്ധരായി. വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ...
"രാജാവ് കൽപിച്ചു അദ്ദേഹത്തെ എന്റെ അടുക്കൽ കൊണ്ടുവരിക. ഞാനദ്ദേഹത്തെ എന്റെ സ്വന്തം ഉപദേഷ്ടാവായി നിയോഗിക്കട്ടെ..! അങ്ങനെ (അദ്ദേഹത്തെ കൊണ്ടു വന്നു) അദ്ദേഹവുമായി സംസാരിച്ചപ്പോൾ രാജാവ് പറഞ്ഞു: നിശ്ചയമായും താങ്കൾ ഇന്ന് നമ്മുടെ അടുക്കൽ ഉന്നത സ്ഥാനമുള്ളവരും വിശ്വസ്ഥനുമാകുന്നു." (12:54)
"യൂസുഫ് നബി (അ) പറഞ്ഞു: ഈ നാട്ടിലെ ഖജനാവുകളുടെ മേൽ എന്നെ ആധികാരപ്പെടുത്തുക. ഞാൻ ശരിക്ക് സൂക്ഷിച്ച് സംരക്ഷിക്കുന്നവനും അതിനെക്കുറിച്ച് വേണ്ടതെല്ലാം അറിയുന്നവനുമാകുന്നു." (12:55)
ധാന്യങ്ങൾ സൂക്ഷിക്കുന്ന അറകളും ഖജനാവുകളും മറ്റും യൂസുഫ് (അ)ന്റെ സംരക്ഷണയിൽ വന്നു. കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തുന്നവരെ പിടികൂടാനും ശിക്ഷിക്കാനും ഏർപ്പാടുണ്ടായി. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിലക്കുനിർത്തി. നാട്ടിലാകെ നവചൈതന്യം കളിയാടി. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും റിപ്പോർട്ടുകൾ ലഭ്യമാക്കി...
ഇതെല്ലാം അല്ലാഹുﷻ ചെയ്തു കൊടുത്ത സൗകര്യങ്ങളാണ്. എവിടെയും സഞ്ചരിക്കാം. നടപടികൾ സ്വീകരിക്കാം. പൂർണമായ നിയന്ത്രണം കൈകളിൽ വന്നു. വിശുദ്ധ ഖുർആൻ പറയുന്നു:
"അങ്ങനെ ഈജിപ്ത് നാട്ടിൽ തനിക്കിഷ്ടമുള്ള ഏത് സ്ഥലത്തും താമസിക്കത്തക്കവിധം യൂസുഫ് (അ)ന് നാം സ്വാധീനം നൽകി. നാം ഉദ്ദേശിക്കുന്നവർക്ക് നമ്മുടെ അനുഗ്രഹം നാം എത്തിച്ചു കൊടുക്കും. സുകൃതികളുടെ പ്രതിഫലം നാം ഒരിക്കലും പാഴാക്കുന്നതല്ല." (12:56)
"സത്യത്തിൽ വിശ്വസിക്കുകയും സൂക്ഷിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് പരലോക പ്രതിഫലമാണ് (ഇതിനെക്കാളെല്ലാം) ഉത്തമം." (12:57)
കാലം കടന്നുപോയി. അസീസ് ഒരുനാൾ മരണപ്പെട്ടു. അദ്ദേഹം ഭരിച്ചിരുന്ന വകുപ്പ് പൂർണ്ണമായി യൂസുഫ് (അ) ഏറ്റെടുത്തു. അസീസ് മരിച്ചതോടെ സുലൈഖ ഒറ്റക്കായി. വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. അസ്വസ്ഥതയുണ്ടാക്കുന്ന ശൂന്യത അപ്പോഴും ഹൃദയം തുടിച്ചിരുന്നത് യൂസുഫിനുവേണ്ടിയായിരുന്നു...