സൂറത്ത് യൂസുഫിലെ 52,53 വചനങ്ങൾ കൂടുതൽ വിവരണം അർഹിക്കുന്നതാണ്. ആ വചനങ്ങൾ സുലൈഖയുടേതാണോ? അതോ യൂസുഫ് (അ)ന്റെതാണോ? ഖുർആൻ വ്യാഖ്യാതാക്കൾ രണ്ടുവിധത്തിൽ ഉത്തരം നൽകുന്നു...
താൻ യൂസുഫിനുനേരെ ചെല്ലുകയായിരുന്നു. അദ്ദേഹം നിരപരാധിയാണ് എന്നു വെളിപ്പെടുത്തിയശേഷം സുലൈഖ ഇങ്ങനെ പറയുന്നു: വിശുദ്ധ ഖുർആൻ വചനം കാണുക:
"അത് (ഞാൻ പറഞ്ഞത്) അദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹത്തെ ഞാൻ വഞ്ചിച്ചിട്ടില്ലെന്നും വഞ്ചകന്മാരുടെ കുതന്ത്രങ്ങളെ അല്ലാഹു ﷻ ഒരിക്കലും ഫലപ്പെടുത്തുകയില്ലെന്നും അദ്ദേഹം അറിയേണ്ടതിനാകുന്നു." (12:52)
തന്റെ ഭർത്താവായ അസീസിന്റെ അഭാവത്തിൽ സുലൈഖ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ല...
യൂസുഫ് (അ) ജയിലിൽ അടക്കപ്പെട്ടശേഷം അദ്ദേഹത്തിനെതിരെ സുലൈഖ കുതന്ത്രങ്ങളൊന്നും പ്രയോഗിച്ചില്ല...
മീതെ കൊടുത്ത വചനം സുലൈഖയുടേതാണെന്നുവെച്ചാൽ ഇങ്ങനെ രണ്ടുവിധത്തിൽ വ്യാഖ്യാനിക്കാം...
മീതെ കൊടുത്ത വചനം യൂസുഫ് (അ) ന്റേതാണെന്നാണ് മറ്റൊരഭിപ്രായം. അസീസിന്റെ അഭാവത്തിൽ ഭാര്യയെ വശീകരിച്ച് താനദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്താനാണ് സ്ത്രീകളെ വിളിച്ചു സംസാരിക്കാൻ പറഞ്ഞത്...
രാജാവ് സ്ത്രീകളെ വിളിച്ചു ചോദ്യം ചെയ്തപ്പോൾ അസീസിന് അക്കാര്യം ബോധ്യമായി. ജനങ്ങളും സത്യമറിഞ്ഞു. മേൽ വചനത്തിന്റ തുടർച്ചയാണ് തൊട്ടടുത്ത വചനവും വിശുദ്ധ ഖുർആൻ പറയുന്നു:
"കുറ്റങ്ങളിൽ നിന്ന് എന്റെ മനസ്സിനെ ഞാൻ ഒഴിവാക്കുന്നില്ല. നിശ്ചയമായും മനുഷ്യമനസ്സ് തിന്മകളിലേക്ക് വളരെയേറെ പ്രേരിപ്പിക്കുന്നതുതന്നെയാകുന്നു. എന്റെ രക്ഷിതാവ് കരുണ ചെയ്തവനൊഴികെ. നിശ്ചയമായും എന്റെ രക്ഷിതാവ് ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാണ്." (12:53)
ഈ വചനം യൂസുഫ് (അ) ന്റേതാണെന്ന് ചിലരും സുലൈഖയുടേതാണെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടിട്ടുണ്ട്...
ജയിലിൽ നിന്ന് കൊട്ടാരത്തിലേക്കുള്ള യൂസുഫ് (അ) ന്റെ യാത്രയെ വളരെയേറെ വർണിച്ച് ചിലർ എഴുതിയിട്ടുണ്ട്. യൂസുഫിന്റെ അകമ്പടിക്കായി എഴുപത് അശ്വഭടന്മാരെ അയച്ചു. യൂസുഫിന് സഞ്ചരിക്കാൻ രാജാവ് സ്വന്തം കുതിരയെ അയച്ചു കൊടുത്തു...
കൊട്ടാരത്തിലേക്കുള്ള പാതയുടെ ഇരുവശവും ഭടന്മാർ അണിനിരന്നു. അവർക്കു പിന്നിൽ ആബാലവൃദ്ധം ജനങ്ങൾ മന്ത്രിമാരും ഉന്നതന്മാരും കൊട്ടാരത്തിലെത്തി. രാജാവ് സിംഹാസനത്തിലിരുന്നു...
ജയിലിൽ നിന്നിറങ്ങിയ യൂസുഫ് (അ) അല്ലാഹുﷻവിനെ വാഴ്ത്തി. മനസ്സ് തുറന്നു പ്രാർത്ഥന നടത്തി. കുതിരപ്പുറത്ത് കയറി വീണ്ടും അല്ലാഹുﷻവിനെ സ്തുതിച്ചു. കുതിര മുമ്പോട്ട് ഗമിച്ചു. പ്രതാപത്തിന്റെ പ്രകടനമായിമാറി ആ യാത്ര. കൊട്ടാരം കൺമുമ്പിൽ കാണുന്നു...
യൂസുഫ് (അ) നെ കണ്ടവരെല്ലാം അമ്പരന്നു.. ആകാശത്തിൽ നിന്നിറങ്ങിയ മാലാഖയോ..?!! രാജാവും പരിവാരങ്ങളും എഴുന്നേറ്റുനിന്നു. യൂസുഫിന് സ്വാഗതം. യൂസുഫ്(അ) രാജാവിനെ അഭിവാദ്യം ചെയ്തു...
"ഇരിക്കൂ..." രാജാവ് ക്ഷണിച്ചു. യൂസുഫ് (അ) ഇരുന്നു. കൂടെ മറ്റുള്ളവരും. രാജാവും യൂസുഫ് (അ)നോട് സംഭാഷണം തുടങ്ങി. അവർ പല ഭാഷകളിൽ സംസാരിച്ചു. എഴുപത് ഭാഷ സംസാരിക്കാൻ കഴിവുള്ള രാജാവ് സംഭാഷണത്തിന്നിടയിൽ രാജാവ് ഇങ്ങനെ ചോദിച്ചു: "ഇനി ഞാനെന്റെ സ്വപ്നത്തെക്കുറിച്ച് പറയട്ടെയോ?"
"വേണ്ട. ഞാൻ തന്നെ സ്വപ്നം എന്താണെന്ന് പറയാം. താങ്കൾ നൈൽ നദീതീരത്ത് നിൽക്കുകയായിരുന്നു. പാൽ നിറഞ്ഞ അകിടുകളോടുകൂടിയ തടിച്ചു കൊഴുത്ത ഏഴ് പശുക്കൾ നദിയിൽ നിന്ന് കയറി വന്നു.
ഉടനെ മൈതാനിയിൽ നിന്ന് വിശന്ന് വലഞ്ഞ വയറൊട്ടിയ ഏഴ് പശുക്കൾ ആർത്തിയോടെ വന്നു. അവയുടെ പല്ലുകൾ കരടിയുടേതുപോലെയായിരുന്നു. അവ കൊഴുത്ത പശുക്കളെ ആക്രമിച്ചു കീഴ്പ്പെടുത്തി കൊന്നു തിന്നു.
വൃക്ഷത്തിൽ ഏഴ് പച്ചക്കതിർ കുലകൾ കണ്ടു. അതിന്നടുത്ത് തന്നെ ഉണങ്ങിയ ഏഴ് കതിർക്കുലകളും കണ്ടു. ഉണങ്ങിയ കതിർക്കുലകൾ ചലിച്ചു. അതിൽ അഗ്നി പടർന്നു. ആ അഗ്നി പച്ചക്കതിർ കുലകളെ നശിപ്പിച്ചു."
രാജാവ് അമ്പരന്നുപോയി..!!