Wednesday - 22 April, 2026 4-Dhu al-Qadah-1447

ക്രൂരത

   യഅ്ഖൂബ് (അ) യൂസുഫിനെ യാത്ര അയച്ച രംഗം വളരെ ഹൃദയ സ്പർശിയായിരുന്നു. യൂസുഫിനെ കുളിപ്പിച്ചു. തലമുടി ചീകിയൊതുക്കി. നല്ല വെളുത്ത ഉടുപ്പ് ധരിപ്പിച്ചു. തലപ്പാവ് കെട്ടിക്കൊടുത്തു.


 അപ്പോഴെല്ലാം പിതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അദ്ദേഹത്തിന് സ്വന്തം പിതാവായ ഇസ്ഹാഖ്(അ) നൽകിയ ഒരു ബെൽറ്റ് ഉണ്ടായിരുന്നു. ആ ബെൽറ്റ് കൈയിലെടുത്തു. അപ്പോൾ പിതാവിന്റെ ഓർമ്മകൾ മനസ്സിലേക്കൊഴുകിയെത്തി...  


 ആ ബെൽറ്റ് യൂസുഫിന്റെ അരയിൽ കെട്ടിക്കൊടുത്തു. യഅ്ഖൂബ് (അ) യൂസുഫിനോട് ഇങ്ങനെ പറഞ്ഞു: "പൊന്നുമോനേ... എന്റെ ഉപ്പ എന്നോടിങ്ങനെ പറഞ്ഞിരുന്നു. നിനക്ക് ആദമിന്റെ രൂപത്തിൽ ഒരു മകൻ ജനിക്കും. അവന് ഇബ്രാഹിം നബിയുടെ ജ്ഞാനം ഉണ്ടായിരിക്കും. നൂഹ് നബിയുടെ സങ്കടം ആ കുട്ടി അനുഭവിക്കേണ്ടി വരും. ഇസ്മാഈൽ നബിയെപ്പോലെ അവന് ബന്ധുക്കളെ പിരിഞ്ഞ് താമസിക്കേണ്ടിവരും. മോനേ... എന്റെ ഉപ്പ ഇസ്ഹാഖ് നബി എന്നോടവസാനമായി പറഞ്ഞതിങ്ങനെയായിരുന്നു. മോനേ... നീ നിന്റെ മകന്റെ വേർപാടിൽ വളരെയേറെ സങ്കടപ്പെടും..."


 ഇസ്ഹാഖ്(അ) കണ്ണു തുടച്ചു  ദുഃഖം മറച്ചു വെച്ചു. പിതാവിനെ പിരിയാൻ മകനും ദുഖമായിരുന്നു. ഇക്കാക്കമാർ കൂടെയുണ്ടല്ലോ എന്ന ആശ്വാസം. യൂസുഫ് വീട്ടിലുള്ളവരോടെല്ലാം യാത്ര പറഞ്ഞു. എല്ലാവരും ഇറങ്ങി... 


 ഭക്ഷ്യവസ്തുക്കൾ നിറച്ച കെട്ടുകൾ. വെള്ളത്തിന്റെ പാത്രങ്ങൾ. ആട്ടിൻപറ്റങ്ങളെ തെളിച്ചു സംഘം നീങ്ങി. പിതാവ് കൂടെ നടന്നു. തണൽ വൃക്ഷത്തിന്റെ സമീപത്തെത്തി. ഉപ്പ പുത്രനെ കെട്ടിപ്പിടിച്ചു. ചുംബിച്ചു.  യഅ്ഖൂബ്(അ) തനിക്ക് ലഭിച്ച വടി യൂസുഫിന് നൽകി. അദ്ദേഹം തന്റെ മക്കളോടിങ്ങനെ പറഞ്ഞു: 


 "എന്റെ മക്കളേ യൂസുഫിനെ നിങ്ങൾ നല്ലവണ്ണം ശ്രദ്ധിക്കണം. അവന് ദാഹം വരുമ്പോൾ വെള്ളം നൽകണം. വിശക്കുമ്പോൾ ആഹാരം നൽകണം. അവന്റെ കാര്യത്തിൽ നിങ്ങൾ അശ്രദ്ധ കാണിക്കരുത്."


 ലാവി എന്ന മകനെ വിളിച്ചു ഒരു പൊതി നൽകി. "മോനേ....ലാവീ.... ഇത് യൂസുഫിനുള്ള ആഹാരമാണ്. നീ ഇത് സൂക്ഷിക്കണം. അവന് വിശന്നാൽ കൊടുക്കണം."  


 ശംഊൻ എന്ന മകനെ വിളിച്ചു. ഒരു തോൽപാത്രം വെള്ളം നൽകി. "മോനേ... ഇത് യൂസുഫിനുള്ള വെള്ളമാണ് ദാഹിക്കുമ്പോൾ കൊടുക്കണം."


 യഹൂദാ എന്ന മകനെ വിളിച്ചു. "മോനേ... യൂസുഫ് നിന്റെ സംരക്ഷണയിലായിരിക്കണം."


 റുബീൽ എന്ന മകൻ മുമ്പോട്ടു വന്നു. യൂസുഫിനെ ചുമലിൽ കയറ്റിയിരുത്തി. "ഞാൻ എന്റെ ജീവനെക്കാളേറെ യൂസുഫിനെ സ്നേഹിക്കുന്നു."


 മക്കൾ യാത്രയായി. പിതാവ് ദുഃഖിതനായി നിന്നു. കണ്ണീരൊഴുക്കി. ഇദ്ദേഹം ദുഃഖത്തോടെ ഇങ്ങനെ പറഞ്ഞു. "യൂസുഫിന്റെ ഗന്ധം ഇത് വേർപാടിന്റെ ഗന്ധം"

യഅ്ഖൂബ് (അ)വീട്ടിൽ വന്നിരുന്നു. യാത്രാസംഘം യാത്ര തുടരുന്നു. മരുഭൂമി ചൂടുപിടിച്ചു തുടങ്ങി... 


 റുബീൻ ചുമലിൽ നിന്ന് യൂസുഫിനെ താഴെയിറക്കി. "നടക്കെടാ... മര്യാദക്ക്" റുബീൽ ഗൗരവത്തോടെ പറഞ്ഞു. സഹോദരന്റെ സ്വരമാറ്റം യൂസുഫിനെ അത്ഭുതപ്പെടുത്തി. ഇത്രയും നേരം കാണിച്ച സ്നേഹവും വാത്സല്യവുമെവിടെ..?


 ആടുകളെ തെളിച്ചു കൊണ്ട് സഹോദരന്മാർ വേഗത്തിൽ നടക്കുന്നു. യൂസുഫിന് അവരോടൊപ്പമെത്താൻ കഴിയുന്നില്ല. കൊച്ചു കാലുകളിൽ  വളരെ വേഗം നടക്കാൻ ശ്രമിച്ചു. പറ്റുന്നില്ല. ഒരു പരിചയവുമില്ലാത്ത പ്രദേശം. ഇക്കാക്കമാർ തിരിഞ്ഞു നോക്കുന്നില്ല. വല്ലാത്ത സങ്കടം വന്നു. കാൽ വേദനിക്കുന്നു. എന്തൊരു ദാഹം. 


 "ഇക്കാക്കമാരേ.... ഒന്നു നിൽക്കണേ ഞാനൊന്നു നടന്നെത്തട്ടെ"  


 അവർ നിന്നില്ല. യൂസുഫ് ഓടാൻ നോക്കി കഴിയുന്നില്ല വിയർത്തു കുളിച്ചു. ക്ഷീണിച്ചു അവശനായി. ആ കൊച്ചുകുട്ടിയുടെ ദുഃഖം കാണാൻ സഹോദരന്മാർ തിരിഞ്ഞു നിന്നു. യൂസുഫിന്റെ അവശത കണ്ട് അവർ പൊട്ടിച്ചിരിച്ചു... 


 യൂസുഫ് തളർന്നു. പരവേശത്തോടെ ശംഊനിന്റെ വസ്ത്രത്തിൽ പിടിച്ചു. പിതാവ് വെള്ളം ഏൽപിച്ചത് ശംഊനിനെയായിരുന്നു... 


 "എന്ത് വേണമെടാ?" ശംഊൻ ഗൗരവത്തോടെ ചോദിച്ചു.  


"വല്ലാത്ത ദാഹം...വെള്ളം...വെള്ളം..."


"വെള്ളമോ നിനക്ക് വെള്ളമില്ല പോടാ..." ശംഊൻ അട്ടഹസിച്ചു. യൂസുഫ് പേടിച്ചുപോയി. ദയനീയമായി മുഖത്തേക്കു നോക്കി. യാചനാസ്വരത്തിൽ പറഞ്ഞു. 


"ഇക്കാക്കാ...ഉപ്പ....ഇക്കാക്കയെ ഏൽപിച്ച വെള്ളം..."


"ങാ...ഹാ...ഉപ്പ ഏൽപിച്ച വെള്ളം ഞാൻ കാണിച്ചു തരാം..." ഉപ്പ ഏൽപിച്ച വെള്ളപ്പാത്രമെടുത്ത് ശംഊൽ ശക്തിയായി പാറക്കല്ലിൽ എറിഞ്ഞു പൊട്ടിച്ചു. വെള്ളം നാലുപാടും ഒഴുകിപ്പോയി... 


യൂസുഫ് ഉറക്കെ നിലവിളിച്ചു.  

"ഉപ്പാ....എന്റയുപ്പാ...." 


"നിർത്തെടാ കരച്ചിൽ" ഒരാൾ വാ പൊത്തിപ്പിടിച്ചു. മറ്റൊരാൾ ആഞ്ഞടിച്ചു. മൂന്നാമൻ ചെവി തിരുമ്മി. യൂസുഫ് പേടിച്ചു വിറച്ചു.  


 യഹൂദ മാത്രം അല്പം ദയ കാണിക്കാൻ നോക്കി. യൂസുഫ് യഹൂദയെ കെട്ടിപ്പിടിച്ചു നിന്നു. ഒരാൾ കത്തിയെടുത്തു മൂർച്ച കൂട്ടി.  


"യഹൂദാ.... അവനെ വിടൂ..."  


"അവനെ കൊല്ലരുത്." 


"കൊന്നാൽ നിനക്കെന്താ?"


"നിഷ്കളങ്കനായ കുട്ടിയെ എന്തിന് കൊല്ലുന്നു?"


 യൂസുഫ് ബിൻയാമിനെ ഓർത്തു. മാതാപിതാക്കളെ ഓർത്തു. സങ്കടം സഹിക്കാൻ വയ്യ


. യൂസുഫിന്റെ ഉടുപ്പ്  ഊരിയെടുത്തു. ഒരാൾ കയറെടുത്തു.  

മറ്റുള്ളവർ യൂസുഫിന്റെ കൈകാലുകൾ ബന്ധിച്ചു. വഴിയരികിലുള്ള കിണറ്റിനടുത്തേക്ക് വലിച്ചു കൊണ്ടുപോയി. തൊട്ടിയിൽ ഇരുത്തി. തൊട്ടി കിണറ്റിലേക്ക് താഴ്ത്തി. പകുതി വഴിയായി. പെട്ടെന്ന് കയർ വിട്ടു. തൊട്ടി കിണറ്റിലേക്ക് വീണു. പിന്നീടവർ വലിയൊരു കല്ലും കിണറ്റിലേക്ക് എടുത്തിട്ടു.