Wednesday - 22 April, 2026 4-Dhu al-Qadah-1447

സഹോദരന്മാർ

   സഹോദരങ്ങൾ യൂസുഫിനെതിരെ രഹസ്യാലോചന നടത്തി. അവർ കൂടിയിരുന്നു സംസാരിച്ചു. യൂസുഫും അവന്റെ സഹോദരനുമാണ് നമ്മുടെ പിതാവിന് കൂടുതൽ ഇഷ്ടപ്പെട്ടവർ.  


 തടിമിടുക്കുള്ള നല്ലൊരു സംഘമാണ് നാം. എന്നിട്ട് നമ്മെ ഉപ്പ അവർക്ക് തുല്യം സ്നേഹിക്കുന്നില്ല.  അദ്ദേഹം വഴികേടിൽ തന്നെയാണുള്ളത്. അവരുടെ ചർച്ചയുടെ ചുരുക്കം അതായിരുന്നു... 


 വിശുദ്ധ ഖുർആൻ പറയുന്നു: "അവർ തമ്മിൽ പറഞ്ഞ സന്ദർഭം ഓർക്കുക! നാം നല്ലൊരു സംഘമുണ്ടായിരുന്നിട്ടും യൂസുഫും അവന്റെ സഹോദരനും തന്നെയാകുന്നു നമ്മുടെ പിതാവിന് നമ്മെക്കാൾ ഇഷ്പ്പെട്ടവർ. നിശ്ചയമായും നമ്മുടെ പിതാവ് സ്പഷ്ടമായ വഴികേടിൽ തന്നെയാകുന്നു." (12:8)


 യൂസുഫ് (അ)ന്റെ സഹോദരൻ ബിൻയാമീൻ എന്ന കുട്ടിയാകുന്നു. ആ കുട്ടിയോടും അവർക്ക് വെറുപ്പായിരുന്നു...


 യൂസുഫിനെ പിതാവിൽ നിന്നകറ്റണം. അതിനെക്കുറിച്ചാണ് ഗൗരവമായ ചർച്ച നടക്കുന്നത്. യൂസുഫിനെ കൊന്നുകളയുക  അതായിരുന്നു ചിലരുടെ അഭിപ്രായം. വിദൂരമായ ഏതെങ്കിലും മരുഭൂമിയിൽ കൊണ്ടുപോയി ഉപേക്ഷിക്കുക. ഇത് മറ്റൊരഭിപ്രായം. 


 ചെയ്യുന്നത് തെറ്റാണെന്നറിയാം. മനുഷ്യർ തെറ്റ് ചെയ്യും. പിന്നെ പശ്ചാത്തപിക്കും. നമുക്കും പിന്നീട് പശ്ചാത്തപിക്കാം. അവരുടെ മനസ്സിൽ പിശാച് ആ ചിന്ത ഇട്ടുകൊടുത്തു...  


 അവരുടെ കൂട്ടത്തിൽ നിന്നൊരാൾ ഇങ്ങനെ പറഞ്ഞു: "നിങ്ങൾ യൂസുഫിനെ കൊല്ലരുത്. അവനെ ഒരു കിണറ്റിൽ എറിയുക. ഏതെങ്കിലും യാത്രക്കാർ അവനെ രക്ഷപ്പെടുത്തി കൊണ്ടുപോയ്ക്കൊള്ളും. പിന്നെ അവനെക്കൊണ്ട് ഒരു ശല്യവും ഉണ്ടാകില്ല...


 വിശുദ്ധ ഖുർആൻ പറയുന്നു: "നിങ്ങൾ യൂസുഫിനെ കൊലപ്പെടുത്തുക. അല്ലെങ്കിൽ അവനെ വല്ല സ്ഥലത്തും കൊണ്ടുപോയി ഉപേക്ഷിക്കുക. എന്നാൽ നിങ്ങളുടെ പിതാവിന്റെ മുഖം നിങ്ങൾക്ക് ഒഴിവായിക്കിട്ടും. അതിനുശേഷം നിങ്ങൾക്ക് നല്ലവരായിത്തീരുകയും ചെയ്യാം." (12:9)

 

 "അവരിൽ നിന്നൊരു വക്താവ് പറഞ്ഞു: നിങ്ങൾ യൂസുഫിനെ കൊലപ്പെടുത്തരുത്. അവനെ ഒരു കിണറ്റിന്റെ അഗാധതയിൽ ഇട്ടേക്കുക. ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്ത് കൊണ്ടു പോയിക്കൊള്ളും." (12:10)  


 യൂസുഫിനോട് അല്പം കരുണയുള്ള ഒരു സഹോദരനാണ് ഇത് പറഞ്ഞത്. റുബീൻ എന്ന സഹോദരനോ അല്ലെങ്കിൽ യഹൂദാ എന്ന സഹോദരനോ ആണ് അങ്ങനെ പറഞ്ഞത്...


 പിതാവിനെ സമീപിക്കണം. സ്നേഹത്തോടെ സംസാരിക്കണം. യൂസുഫിനോടും സ്നേഹം പ്രകടിപ്പിക്കണം. എങ്ങനെയെങ്കിലും പിതാവിൽ നിന്ന് അവനെ മോചിപ്പിക്കണം...


ഒരു ദിവസം  എല്ലാവരുംകൂടി ഉപ്പായെ സമീപിച്ചു.

 

 "ഉപ്പാ.... താങ്കളെന്തിനാണ് യൂസുഫിനെ വീട്ടിൽ തന്നെയിരുത്തുന്നത്? പുറത്തേക്കൊക്കെ അയച്ചുകൂടേ? അവൻ ഓടിച്ചാടി വളരട്ടെ. മലയും കുന്നും പരിചയപ്പെടട്ടെ. ഞങ്ങളുടെ കൂടെ വന്നുകൊള്ളട്ടെ. അവൻ കൂടെയുണ്ടെങ്കിൽ ഞങ്ങൾക്കൊക്കെ എന്തൊരു സന്തോഷമായിരിക്കും. ഞങ്ങളവനെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഉപ്പാക്ക് അറിയാമോ?" ഉപ്പ ഒന്നും മിണ്ടിയില്ല. അവർ പിരിഞ്ഞുപോയി... 


 ആട്ടിനെ മേയ്ക്കാൻ പോവുമ്പോൾ അവർ അത് തന്നെ ചർച്ച ചെയ്തു. അവർ വസന്തകാലം വരാൻ കാത്തിരുന്നു. അക്കാലത്ത് കാട്ടു ചെടികൾ പൂത്തുനിൽക്കും. കാണാൻ നല്ല ഭംഗിയായിരിക്കും. കാഴ്ച കാണാൻ യൂസുഫിനെ കൊണ്ടുപോകാം... 


 മാസങ്ങൾ കടന്നുപോയി വസന്തകാലം വന്നു. അവർ ഉപ്പായെ സമീപിച്ചു. യൂസുഫിനെ കൂടെ അയക്കാൻ നിർബന്ധിച്ചു. വീണ്ടും വീണ്ടും അഭ്യർത്ഥിച്ചു. ഇതിന്നിടയിൽ അവർ യൂസുഫിനെ പറഞ്ഞു വശത്താക്കിയിരുന്നു. കാട്ടിലെ കാഴ്ചകൾ കാണാൻ യൂസുഫിനാഗ്രഹമുണ്ടായി. ഉപ്പയോട് സമ്മതം ചോദിച്ചു. അതോടെ സഹോദരന്മാരുടെ സമ്മർദ്ദം വർദ്ധിച്ചു...


 "ഉപ്പാ.... അങ്ങ് എന്താണാലോചിക്കുന്നത് ? ഞങ്ങൾ ഇത്രയുംപേരില്ലേ? ഞങ്ങളവനെ സംരക്ഷിക്കില്ലേ? കാട്ടു കനികൾ ഭക്ഷിച്ച് ഉത്സാഹത്തോടെ അവൻ ഓടിച്ചാടി രസിക്കട്ടെ!" 


 "നിങ്ങൾ കളികളിൽ ഏർപ്പെടും. നിങ്ങൾ നിങ്ങളുടെ കാര്യങ്ങളിൽ വ്യാപൃതരാവും. അവന്റെ കാര്യം നിങ്ങൾ മറന്നുപോകും. വല്ല ചെന്നായയും വന്ന് അവനെ ഉപദ്രവിക്കുമോയെന്നാണെന്റെ പേടി." യഅ്ഖൂബ്(അ) അവരെ തടയാൻ നോക്കി.


 "ഉപ്പാ...ഒരു ചെന്നായയും അവനെ ഉപദ്രവിക്കില്ല. ഞങ്ങളില്ലേ കൂടെ. ഉപ്പ ഞങ്ങളെ  വിശ്വസിക്കൂ... യൂസുഫ് വരൂ മോനെ നമുക്കു പോകാം..."  


 ദുഃഖിതനായ യഅ്ഖൂബ് (അ) തന്റെ മുമ്പിൽ  നിൽക്കുന്ന യൂസുഫിനെ ഇമവെട്ടാതെ നോക്കിനിന്നു. എന്തൊരു സ്നേഹവാത്സല്യമാണവർ പ്രകടിപ്പിക്കുന്നത്. അവയെല്ലാം സംശയാസ്പദമാണ്. എന്നിട്ടും അവരുടെ നിർബന്ധത്തിന് വഴങ്ങേണ്ടിവരുന്നു...  


 വിശുദ്ധ ഖുർആൻ പറയുന്നു: "അവർ പറഞ്ഞു: ഞങ്ങളുടെ ഉപ്പാ... താങ്കൾക്കെന്തുപറ്റി? താങ്കളെന്താണ് യൂസുഫിന്റെ കാര്യത്തിൽ ഞങ്ങളെ വിശ്വസിക്കാത്തത്? തീർച്ചയായും ഞങ്ങൾ അവന്റെ ഗുണകാംക്ഷികളാകുന്നു." (12:11)


"നാളെ അവനെ ഞങ്ങളുടെ കൂടെ അയക്കുക. അവൻ തിന്നും കുടിച്ചും ആനന്ദിക്കട്ടെ കളിച്ചു രസിക്കട്ടെ! ഞങ്ങളവനെ കാത്തുസൂക്ഷിച്ചുകൊള്ളാം." (12:12)


 "അദ്ദേഹം പറഞ്ഞു: നിങ്ങളവനെ കൊണ്ടുപോവുന്നത് തീർച്ചയായും എന്നെ വ്യസനിപ്പിക്കു


കതന്നെ ചെയ്യും. നിങ്ങൾ അശ്രദ്ധരായിരിക്കെ അവനെ ചെന്നായ പിടിച്ചു തിന്നുന്നതിനെ ഞാൻ ഭയപ്പെടുകയും ചെയ്യുന്നു". (12:13)


 "അവർ പറഞ്ഞു: ഞങ്ങൾ ഒരു ശക്തമായ സംഘം ഉണ്ടായിട്ടും അവനെ ചെന്നായ പിടിച്ചു തിന്നുന്നുവെങ്കിൽ അപ്പോൾ ഞങ്ങൾ നഷ്ടക്കാർ തന്നെയാണ്." (12:14)