Wednesday - 22 April, 2026 4-Dhu al-Qadah-1447

ബിൻയാമീൻ (2)

 "രാജാവിന്റെ അളവുപാത്രം കാണാതായിരിക്കുന്നു. അതുകൊണ്ട് വന്നു തരുന്നവർക്ക് ഒരു ഒട്ടകം ചുമക്കുന്നത്ര ധാന്യം സമ്മാനം ലഭിക്കും."  


 സഹോദരന്മാർ താഴെയിറങ്ങി. അവരുടെ കെട്ടുകൾ പരിശോധിക്കാൻ തുടങ്ങി. പത്തുപേരുടെ ചരക്കും നോക്കി ഒന്നുമില്ല. ഒടുവിൽ ബിൻയാമിന്റെ ചാക്കിൽ നിന്ന് അളവുപാത്രം പുറത്തെടുത്തു...  


 മേൽപറഞ്ഞ സംഭവങ്ങൾ വിശുദ്ധ ഖുർആൻ എങ്ങനെ അവതരിപ്പിക്കുന്നുവെന്ന് നോക്കാം... ബിൻയാമീനെ വിട്ടുകൊടുക്കാൻ പിതാവിനെ നിർബന്ധിക്കുന്ന രംഗം കാണുക: 


 "അങ്ങനെ അവർ തങ്ങളുടെ പിതാവിന്റെയടുക്കൽ മടങ്ങിച്ചെന്നപ്പോൾ അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ (ഞങ്ങളുടെ സഹോദരനെകൊണ്ടുചെല്ലാത്ത പക്ഷം) ഞങ്ങൾക്ക് ധാന്യം നിരോധിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ഞങ്ങളുടെ സഹോദരനെ ഞങ്ങളോടൊന്നിച്ച് അയച്ചുതന്നാലും. എന്നാൽ ഞങ്ങൾ ധാന്യം അളന്നു വാങ്ങാം. അവനെ ഞങ്ങൾ ശരിക്ക് സൂക്ഷിച്ച് സംരക്ഷിക്കുകയും ചെയ്യാം." (12:63)


"(യഅ്ഖൂബ്) പറഞ്ഞു: ഇവന്റെ സഹോദരന്റെ കാര്യത്തിൽ മുമ്പ് ഞാൻ നിങ്ങളെ വിശ്വസിച്ചതുപോലെയല്ലാതെ ഇവന്റെ കാര്യത്തിൽ നിങ്ങളെ ഞാൻ വിശ്വസിക്കുമോ? എന്നാൽ അല്ലാഹുﷻവാണ് ഏറ്റവും നല്ല സംരക്ഷകൻ. അവൻ കാരുണികരിൽ വെച്ചേറ്റവും കരുണ ചെയ്യുന്നവനാകുന്നു." (12:64)


"അവർ അവരുടെ സാമാനം തുറന്നപ്പോൾ അവരുടെ ചരക്ക് (പാരിതോഷികമായി നൽകിയ സാധനങ്ങൾ) തങ്ങൾക്കു തന്നെ മടക്കപ്പെട്ടതായി കണ്ടെത്തി. അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ (അതിനപ്പുറം ) നമുക്കെന്താണ് വേണ്ടത്? നാം കൊടുത്ത സാധനങ്ങൾ നമുക്കുതന്നെ മടക്കിത്തന്നിരിക്കുന്നു. (താങ്കൾ ഞങ്ങളുടെ സഹോദരനെക്കൂടി അയക്കുന്നപക്ഷം) നമ്മുടെ കുടുംബത്തിന് ഞങ്ങൾ ആഹാരം കൊണ്ടുവരാം. ഞങ്ങളുടെ സഹോദരനെ ശരിക്ക് സൂക്ഷിച്ച് സംരക്ഷിക്കുകയും ചെയ്തുകൊള്ളാം. ഒരൊട്ടകം ചുമക്കുന്ന ധാന്യം നമുക്കു കൂടുതൽ ലഭിക്കുകയും ചെയ്യും. അത് (രാജാവിന്) നിസ്സാരമായ അളവാകുന്നു." (12:65)


 "അദ്ദേഹം പറഞ്ഞു: നിങ്ങളെ വല്ല ആപത്തും വലയം ചെയ്തില്ലെങ്കിൽ, നിങ്ങളവനെ തിരിച്ചു കൊണ്ടുവരുമെന്ന് നിങ്ങളെനിക്ക് അല്ലാഹുﷻവിനെക്കൊണ്ട് സത്യം ചെയ്തു ഉറപ്പ് തന്നാൽ അല്ലാതെ അവനെ നിങ്ങളുടെ കൂടെ ഞാൻ അയച്ചുതരുന്നതല്ല. അങ്ങനെ അവർ അദ്ദേഹത്തിന് ഉറപ്പ് കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു: നാം പറയുന്ന ഇക്കാര്യത്തിന് അല്ലാഹുﷻ സാക്ഷിയാണ്." 

  (12:66)


 "അദ്ദേഹം പറഞ്ഞു: എന്റെ മക്കളേ നിങ്ങൾ (ഈജിപ്ത് കൊട്ടാരത്തിലേക്ക് ) ഒരു വാതിലിലൂടെ പ്രവേശിക്കരുത്. വിവിധ വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുﷻവിൽ നിന്നുണ്ടാവുന്ന യാതൊന്നിനെയും നിങ്ങളിൽ നിന്ന് തടയുവാൻ എനിക്കു കഴിയുകയില്ല. അധികാരശക്തി അല്ലാഹുﷻവിന് മാത്രമാകുന്നു. അവനെത്തന്നെയാണ് ഞാൻ ഭരമേല്പിച്ചിരിക്കുന്നത്. ഭരമേല്പിക്കുന്നവർ അവനെത്തന്നെ ഭരമേല്പിച്ചുകൊള്ളട്ടെ."  

(12:67)


 "അവരുടെ പിതാവ് കല്പിച്ച അതേ രൂപത്തിൽ അവർ പട്ടണത്തിൽ പ്രവേശിച്ചപ്പോൾ. അല്ലാഹുﷻവിന്റെ വിധിയിൽ നിന്ന് യാതൊന്നിനെയും അവരിൽ നിന്ന് അത് തടഞ്ഞില്ല. യഅ്ഖൂബ് നബിയുടെ ഹൃദയത്തിൽ അദ്ദേഹം കരുതിയ ഒരാവശ്യം നിർവ്വഹിച്ചു എന്നതൊഴികെ അദ്ദേഹത്തിന് നാം പഠിപ്പിച്ചു കൊടുത്തിട്ടുള്ളതിനാൽ അദ്ദേഹം നല്ല അറിവുള്ളവനാകുന്നു. എങ്കിലും മനുഷ്യരിൽ അധികമാളുകളും അറിയുന്നില്ല." (12:68) 


 "അവർ(സഹോദരന്മാർ) യൂസുഫിന്റെ അടുക്കൽ പ്രവേശിച്ചപ്പോൾ അദ്ദേഹം (യൂസുഫ്) തന്റെ സഹോദരനെ എന്നിലേക്ക് അണച്ചുകൂട്ടി. അദ്ദേഹം പറഞ്ഞു: നിശ്ചയമായും ഞാൻ നിന്റെ സഹോദരൻ തന്നെ. അതുകൊണ്ട് അവർ പ്രവർത്തിച്ചുവരുന്നതിനെപ്പറ്റി നീ സങ്കടപ്പെടേണ്ട." (12:69)


 "അങ്ങനെ അവരുടെ സാമാനങ്ങൾ കെട്ടി ഒരുക്കി അയച്ചപ്പോൾ ഒരു പാനപാത്രം (അളവുപാത്രം) അദ്ദേഹത്തിന്റെ സഹോദരന്റെ കെട്ടിലിട്ടു. പിന്നെ അവർ പോയി കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ വിളിച്ചു പറഞ്ഞു: ഓ യാത്രക്കാരേ നിങ്ങൾ മോഷ്ടാക്കൾ തന്നെയാണ്" (12:70)


"അപ്പോൾ ഇവരുടെ നേരെ തിരിഞ്ഞു നിന്നുകൊണ്ട് അവർ ചോദിച്ചു: എന്താണ്  നിങ്ങൾക്ക് കാണാതെ പോയത് ?" (12:71)


"അവർ പറഞ്ഞു : രാജാവിന്റെ അളവുപാത്രം ഞങ്ങൾ  കാണുന്നില്ല അത് കൊണ്ടുവരുന്നവന് ഒരു ഒട്ടകം ചുമക്കുന്നത്ര ധാന്യം സമ്മാനമായി നൽകുന്നതാണ് ഞാനതേറ്റിരിക്കുന്നു" (12:72)


"അവർ പറഞ്ഞു:  അല്ലാഹുﷻവിനെത്തന്നെയാണ് സത്യം, ഈ നാട്ടിൽ നാശമുണ്ടാക്കുവാനല്ല ഞങ്ങൾ വന്നിട്ടുള്ളതെന്നും ഞങ്ങൾ മോഷണം നടത്തുന്നവരല്ലെന്നും നിങ്ങൾ നല്ലവണ്ണം ഗ്രഹിച്ചിട്ടുള്ളതാണ്" (12:73)


 രാജാവിന്റെ അളവുപാത്രമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അവരിലൊരാൾ അത് മോഷ്ടിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷ അവരുടെ മതവിധിയനുസരിച്ചുതന്നെ നടത്തണം. അതുകൊണ്ട് അവർ ചോദിച്ചു നിങ്ങളുടെ വിധിയനുസരിച്ചു പാനപാത്രത്തിന്റെ മോഷ്ടാവിന് നൽകേണ്ട ശിക്ഷയെന്ത്? മോഷ്ടിച്ചവനെ തടവിലാക്കുക അതാണ് ശിക്ഷ... 


 വിശുദ്ധ ഖുർആൻ പറയുന്നത് നോക്കാം:  "അവർ ചോദിച്ചു: നിങ്ങൾ പറയുന്നത് കളവാണെങ്കിൽ അതിനെന്താണ് ശിക്ഷ" (12:74)


 "അവർ പറഞ്ഞു: അതിനുള്ള ശിക്ഷ ആരുടെ കെട്ടിൽ നിന്ന് അത് കിട്ടിയോ അവൻ തന്നെയാണ്. അതാണ് ആ കളവിനുള്ള ശിക്ഷ അങ്ങനെയാണ് അക്രമികൾക്ക് ഞങ്ങൾ നൽകാറുള്ള ശിക്ഷ." (12:75)