തങ്ങളുടെ ഒരു കെട്ടിലും അളവുപാത്രം ഇല്ലെന്നായിരുന്നു അവരുടെ വിശ്വാസം. അവരാരും അത് മോഷ്ടിച്ചിട്ടില്ല. പരസ്യമായ പരിശോധനയാണ് പിന്നെ നടന്നത്. പത്ത് സഹോദരന്മാരുടെ കെട്ടുകളും പരിശോധിച്ചു. അവയിലൊന്നും പാത്രം കണ്ടില്ല. അവസാനം ബിൻയാമിന്റെ കെട്ടഴിച്ചു...
അതാ കിടക്കുന്നു പാത്രം. ബിൻയാമിൻ കുറ്റവാളിയായി. പിടിച്ചുവെക്കാൻ കൽപ്പനയായി. മറ്റുള്ളവർക്ക് പോവാം. അവർ കുറ്റവാളികളല്ല. അവരെങ്ങിനെ പോവും..? പണ്ട് യൂസുഫിനെ കൊണ്ട് പോയികളഞ്ഞു. ഇപ്പോൾ ബിൻയാമിനെയും കളഞ്ഞു. അങ്ങനെയല്ലേ ഉപ്പ പറയുക.
സഹോദരന്മാർ സങ്കടത്തിലായി...
കൻആനിലെ നിയമമനുസരിച്ച് കട്ടവനെ തടഞ്ഞുവെക്കുകയും അടിമയാക്കുകയും ചെയ്യാം. ഈ നിയമം അവരെക്കൊണ്ട് തന്നെ പറയിപ്പിച്ചു. അല്ലാഹു ﷻ പഠിപ്പിച്ചുകൊടുത്ത തന്ത്രം തന്നെയാണിത്...
ഈജിപ്തിലെ നിയമം മറ്റൊന്നാണ്. കട്ടവനെ അടിക്കുകയും സാധനത്തിന്റെ ഇരട്ടി വില ഈടാക്കുകയും ചെയ്യുക. അതാണ് ഈജിപ്തിലെ നിയമം. ഈ നിയമമനുസരിച്ചല്ല ശിക്ഷ നൽകുന്നത്...
വിശുദ്ധ ഖുർആൻ പറയുന്നു: "അങ്ങനെ അദ്ദേഹം തന്റെ സഹോദരന്റെ കെട്ട് പരിശോധിക്കുന്നതിന് മുമ്പായി മറ്റുള്ളവരുടെ കെട്ടുകൾ പരിശോധിച്ചു. പിന്നെ തന്റെ സഹോദരന്റെ കെട്ടിൽ നിന്ന് അളവുപാത്രം കണ്ടെടുത്തു. അപ്രകാരം യൂസുഫ് നബിക്ക് നാം തന്ത്രം പഠിപ്പിച്ചു കൊടുത്തു. ഈജിപ്ത് രാജാവിന്റെ മതം (നിയമമനുസരിച്ച് തന്റെ സഹോദരനെ പിടിച്ചു വെക്കാൻ യൂസുഫ് നബിക്ക് നിവൃത്തിയുണ്ടായിരുന്നില്ല. അല്ലാഹുﷻ ഉദ്ദേശിച്ചതിനാൽ അതിന് കഴിഞ്ഞു. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികൾ ഉയർത്തുന്നു. എല്ലാ അറിവുള്ളവർക്കും ഉപരിയായി എല്ലാം അറിയുന്ന ഒരുവനുണ്ട്. (12:76)
പത്ത് സഹോദരന്മാരും വെപ്രാളത്തിലാണ്. അവർ പരസ്പരം കൂടിയാലോചന നടത്തി. അവരിലൊരാൾ ഒരു സൂത്രം പറഞ്ഞു. നമ്മളിലൊരാൾ തടവുകാരനാവുക. ബിൻയാമീനു പകരം അവർ ആ നിർദ്ദേശം സമർപ്പിച്ചു...
അസീസ് ഞങ്ങൾക്കു വൃദ്ധനായൊരു പിതാവുണ്ട്. ബിൻയാമീനെ കണ്ടില്ലെങ്കിൽ വല്ലാതെ വിഷമിക്കും. ബിൻയാമീനെ വിട്ടയക്കണം. പകരം ഞങ്ങളിലൊരാളെ പിടിച്ചു വെച്ചോളൂ...
വിശുദ്ധ ഖുർആൻ പറയുന്നു: "അവർ പറഞ്ഞു: ഓ... അസീസ് ഇവന്ന് വയസ്സനായ ഒരു പിതാവുണ്ട്. അതുകൊണ്ട് ഇവനു പകരം ഞങ്ങളിൽ ഏതെങ്കിലുമൊരാളെ അങ്ങ് പിടിച്ചു വെക്കുക. വളരെ ഉപകാരശീലനായിട്ടാണ് അങ്ങയെ ഞങ്ങൾ കാണുന്നത്." (12:78)
ഈ നിർദ്ദേശം യൂസുഫ് (അ) സ്വീകരിച്ചില്ല. ആരുടെ കെട്ടിൽ നിന്നാണോ അളവുപാത്രം കിട്ടിയത് അയാൾ തന്നെയാണ് തടവുകാരനാകേണ്ടത്. വിശുദ്ധ ഖുർആൻ പറയുന്നു:
"അദ്ദേഹം പറഞ്ഞു: നമ്മുടെ സാധനം ആരുടെ പക്കൽ നിന്ന് നമുക്ക് കണ്ടുകിട്ടിയോ അവനെയല്ലാതെ മറ്റൊരാളെ പിടിച്ചുവെക്കുന്നതിനെക്കുറിച്ച് നാം അല്ലാഹുﷻവിനെ അഭയം പ്രാപിക്കുന്നു. നാം അങ്ങനെ ചെയ്യുന്നപക്ഷം നിശ്ചയമായും നാം അക്രമികൾ തന്നെയാണ്." (12:79)
പത്ത് പേരും സങ്കടത്തിലും രോഷത്തിലുമായി. ബിൻയാമീനോട് വല്ലാത്ത കോപം വന്നു. അവർ രോഷത്തോടെ ഇങ്ങനെ പറഞ്ഞു: ഇവൻ മോഷണം നടത്തിയിട്ടുണ്ടെങ്കിൽ പണ്ട് ഇവന്റെ സഹോദരൻ മോഷണം നടത്തിയിട്ടുണ്ട്...
യൂസുഫ് (അ) അത് കേട്ടു. തന്നെപ്പറ്റിയാണ് ഇവർ മോഷണം ആരോപിക്കുന്നത്. അദ്ദേഹം പ്രതികരിച്ചില്ല. വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ: "അവൻ പറഞ്ഞു: ഇവൻ മോഷ്ടിച്ചെങ്കിൽ ഇവന്റെ സഹോദരനും മുമ്പ് മോഷ്ടിച്ചിട്ടുണ്ട്. അന്നേരം യൂസുഫ് അത് മനസ്സിൽ മറച്ചുവെച്ചു. അവർക്കത് വെളിവാക്കിക്കൊടുത്തില്ല. അദ്ദേഹം (സ്വയം) പറഞ്ഞു. നിങ്ങളാണ് മോശമായ സ്ഥാനത്ത് നിലകൊള്ളുന്നത്. അല്ലാഹു ﷻ നിങ്ങൾ വിശേഷിപ്പിക്കുന്നതിനെക്കുറിച്ച് നന്നായി അറിയുന്നവനാണ്." (12:77)
യൂസുഫിനോടും ബിൻയാമിനോടും അവരുടെ മാതാവിനോടും പത്ത് സഹോദരന്മാരുടെ മനസ്സിലുള്ള വെറുപ്പാണ് ഈ മോഷണ ആരോപണത്തിലൂടെ പുറത്തുവന്നത്...
യൂസുഫിന്റെ മാതാവിന്റെ ഉപ്പാക്ക് ഒരു ചെറിയ ബിംബം ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് ആരും കാണാതെ യൂസുഫ് ആ ബിംബത്തെ എടുത്തുകൊണ്ടുപോയി നശിപ്പിച്ചു. ഈ സംഭവം സൂചിപ്പിച്ചുകൊണ്ടാണ് അവർ യൂസുഫ് മോഷ്ടിച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. ബിൻയാമിന്റെ കാര്യത്തിൽ അവർ നിരാശരായി...
ഇനിയെന്ത്..? എല്ലാവരും ഒരുമിച്ചിരുന്നു. അപ്പോൾ മൂത്ത സഹോദരനായ റുബീൻ പറഞ്ഞു, അല്ലാഹുﷻവിന്റെ പേരിൽ നിങ്ങൾ കരാർ ചെയ്തിട്ടില്ലേ? ഓർമ്മയില്ലേ? ബിൻയാമിൻ ഇല്ലാതെ ഞാൻ ഉപ്പായുടെ അടുത്തേക്ക് വരില്ല. വരണമെങ്കിൽ ഉപ്പായുടെ സമ്മതം വേണം. അല്ലെങ്കിൽ അല്ലാഹു ﷻ തന്നെ ഒരു പരിഹാരം ഉണ്ടാക്കിത്തരട്ടെ...
വിശുദ്ധ ഖുർആൻ പറയുന്നത് ശ്രദ്ധിക്കാം: "അങ്ങനെ ബിൻയാമിനെ സംബന്ധിച്ച് അവർ നിരാശരായി കഴിഞ്ഞപ്പോൾ അവർ ഒരു ഒഴിഞ്ഞ സ്ഥലത്തിരുന്ന് കൂടിയാലോചന നടത്തി. അവരിൽ മൂത്തവൻ പറഞ്ഞു : അല്ലാഹുﷻവിനെ മുൻനിർത്തികൊണ്ട് നിങ്ങളുടെ പിതാവ് (ബിൻയാമിന്റെ കാര്യത്തിൽ) നിങ്ങളോട് ഉറപ്പ് വാങ്ങിയത് നിങ്ങൾക്കോർമ്മയില്ലേ? ഇതിന്റെ മുമ്പുതന്നെ യൂസുഫിന്റെ കാര്യത്തിൽ നിങ്ങൾ വീഴ്ച കാ
ണിച്ചിട്ടുണ്ട്. അതുകൊണ്ട് എന്റെ പിതാവ് എനിക്ക് അനുവാദം തരികയോ അല്ലെങ്കിൽ അല്ലാഹു ﷻ എനിക്കൊരു തീരുമാനം തരികയോ ചെയ്യുന്നത് വരെ ഞാൻ ഈ രാജ്യം വിടുന്നതല്ല. അല്ലാഹു ﷻ വിധി കർത്താക്കളിൽ ഏറ്റവും നന്നായി വിധിക്കുന്നവനാകുന്നു." (12:80)
റൂബിൻ തന്റെ അനുജന്മാരെ ഇങ്ങനെ ഉപദേശിച്ചു നിങ്ങൾ മടങ്ങിപ്പോവുക. ഞാനിവിടെ തന്നെ നിൽക്കാം. നിങ്ങൾ പിതാവിനോട് വിവരമെല്ലാം പറയുക. ബിൻയാമിൻ മോഷ്ടിച്ചു അവന്റെ കെട്ടിൽ നിന്ന് പാത്രം കണ്ടെടുത്തു. ഞങ്ങൾ സാക്ഷിയാണ്. ഈജിപ്തുകാർ കണ്ടതാണ്. കൻആനിൽ നിന്നുവന്ന കച്ചവടക്കാരും കണ്ടതാണ്. സത്യം എന്താണെന്നറിയാൻ ഉപ്പ അവരോട് ചോദിച്ചു നോക്കട്ടെ..."
വിശുദ്ധ ഖുർആൻ പറയുന്നത് നോക്കാം: "മൂത്ത സഹോരൻ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ പിതാവിങ്കലേക്ക് മടങ്ങിക്കൊള്ളുക. എന്നിട്ട് അദ്ദേഹത്തോട് പറയുക ഞങ്ങളുടെ പിതാവേ നിശ്ചയമായും അങ്ങയുടെ മകൻ മോഷണം നടത്തി. ഞങ്ങൾ ശരിക്ക് അറിഞ്ഞ കാര്യത്തിന് മാത്രമാണ് ഞങ്ങൾ സാക്ഷി നിൽക്കുന്നത്. ഞങ്ങൾ അദൃശ്യ കാര്യങ്ങൾ സൂക്ഷിക്കുന്നവരായിട്ടില്ലല്ലോ." (12:81)
"ഞങ്ങൾ താമസിച്ചിരുന്ന ആ നാട്ടുകാരോടും ഞങ്ങൾ ഇങ്ങോട്ട് പോരുമ്പോൾ കൂടെയുണ്ടായിരുന്ന യാത്രക്കാരോടും അങ്ങ് അന്വേഷിക്കുക. നിശ്ചയം ഞങ്ങൾ സത്യം പറയുന്നവർ തന്നെയാകുന്നു. (12:82)