മൂത്ത സഹോദരന്റെ ഉപദേശമനുസരിച്ച് ഒമ്പത് പേരും മടങ്ങിപ്പോന്നു. ബിൻയാമീൻ യൂസുഫിനൊപ്പം താമസിച്ചു. ഒന്നിച്ചു കഴിയാൻ കഴിഞ്ഞതിൽ അവർക്കാശ്വാസമായി. പിതാവിനെക്കുറിച്ചോർത്തു ഇരുവരും ദുഃഖിച്ചു...
സഹോദരങ്ങൾ പിതാവിന്റെ സമീപത്തെത്തി. നടന്ന സംഭവങ്ങൾ വിവരിച്ചു. പിതാവിന്റെ മുഖം മങ്ങി. കണ്ണുകൾ നിറഞ്ഞു. ദുഃഖത്തോടെ അദ്ദേഹം പറഞ്ഞു: "എന്തൊരു കാര്യം ചെയ്യാൻ നിങ്ങളുടെ മനസ്സ് പ്രേരിപ്പിച്ചുവോ ഇത് വളരെ ഭംഗിയുള്ളതായി നിങ്ങൾക്ക് തോന്നി. ഭംഗിയായ ക്ഷമ. അല്ലാതെ എനിക്കെന്ത് ഗതി ?" അതുകേട്ട് മക്കൾ ദുഃഖിച്ചു...
വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ: "അങ്ങനെ അവർ വന്നു വിവരം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: അല്ല എന്തൊരു കാര്യം ചെയ്യുവാൻ നിങ്ങളുടെ മനസ്സുകൾ പ്രേരിപ്പിച്ചുവോ അത് വളരെ നല്ലതായി നിങ്ങൾക്ക് തോന്നി. അതിനാൽ ഭംഗിയായ ക്ഷമയാണ് (ഞാൻ കൈകൊള്ളുന്നത്) അല്ലാഹു അവരെല്ലാവരേയും എന്റെ അടുക്കലേക്ക് കൊണ്ടുവന്നേക്കാം. നിശ്ചയമായും അവൻ സർവ്വജ്ഞനും മഹായുക്തിമാനുമാകുന്നു." (12:83)
മക്കളിൽ നിന്നു വിട്ടുമാറിയ യഅ്ഖൂബ് (അ) അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. വല്ലാത്ത വിരഹ ദുഃഖം. യൂസുഫിനെ കുറിച്ചുള്ള ദുഃഖം. അത് വർഷങ്ങളായി തുടരുന്നു. ബിൻയാമിനെക്കുറിച്ചുള്ള ദുഃഖം. മൂത്ത മകനെ കാണാത്തതിലുള്ള ദുഃഖം. എല്ലാം കൂടെ മനസ്സിനെ ഇളക്കിമറിക്കുന്നു. അല്ലാഹുവേ ക്ഷമിക്കാനുള്ള ശക്തി നൽകേണമേ... കണ്ണീരൊഴുക്കി. കണ്ണുകൾ വെളുത്തുപോയി. കാഴ്ചശക്തി പറ്റെ കുറഞ്ഞു...
വിശുദ്ധ ഖുർആൻ പറയുന്നു: "അദ്ദേഹം അവരിൽ നിന്ന് വിട്ട് മാറുകയും യൂസുഫിന്റെ പേരിലുള്ള എന്റെ സങ്കടമേ എന്നു പറയുകയും ചെയ്തു. വ്യസനം മൂലം അദ്ദേഹത്തിന്റെ രണ്ട് കണ്ണുകൾ വെളുത്ത് അങ്ങനെ അദ്ദേഹം നിറഞ്ഞ ദുഃഖം ഒതുക്കുന്നവനായി." (12:84)
പിതാവിന്റെ ദുഃഖം മക്കളെ അസ്വസ്ഥരാക്കി. അവർ പിതാവിനോട് പറഞ്ഞ വാക്കുകൾ വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: "അവർ പറഞ്ഞു: അല്ലാഹുﷻവിനെ തന്നെയാണെ സത്യം അങ്ങ് ക്ഷീണിച്ചു മരിക്കാറാവുകയോ അല്ലെങ്കിൽ മരിച്ചവരിൽ പെട്ടുപോവുകയോ ചെയ്യുന്നത് വരെ യൂസുഫിനെ ഓർത്തുകൊണ്ടിരിക്കും." (12:85)
യഅ്ഖൂബ് (അ) നിറഞ്ഞ പ്രതീക്ഷയിലാണ്. അല്ലാഹുﷻ തന്റെ പ്രാർത്ഥന കേൾക്കുമെന്നുറപ്പുണ്ട്. അദ്ദേഹം മക്കളോട് പറഞ്ഞ കാര്യം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: "അദ്ദേഹം പറഞ്ഞു: നിശ്ചയം അല്ലാഹുﷻവിങ്കൽ മാത്രം എന്റെ വ്യസനവും ദുഃഖവും ഞാൻ ബോധിപ്പിക്കുന്നു. നിങ്ങൾ അറിയാത്ത കാര്യങ്ങൾ അല്ലാഹുﷻവിങ്കൽ നിന്ന് ഞാൻ അറിയുന്നു." (12:86)
"എന്റെ മക്കളേ നിങ്ങൾ പോവുക. എന്നിട്ട് യൂസുഫിനെയും അവന്റെ സഹോദരനെയും പറ്റി സൂക്ഷ്മാന്വേഷണം നടത്തുക. അല്ലാഹുﷻവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിങ്ങൾ നിരാശരാവരുത്. നിശ്ചയമായും സത്യനിഷേധികളായ ജനതയല്ലാതെ അല്ലാഹുﷻവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിരാശരാവുകയില്ല." (12:87)
യൂസുഫിനെയും ബിൻയാമിനെയും അന്വേഷിക്കാൻ വേണ്ടി വീണ്ടും മക്കളോടാവശ്യപ്പെട്ടു. അല്ലാഹുﷻവിന്റെ അനുഗ്രഹത്തെക്കുറിച്ച് ആശ മുറിയരുത് എന്നു ഉപദേശിക്കുകയും ചെയ്തു...
അങ്ങനെ അവർ വീണ്ടും ഈജിപ്തിൽ എത്തിച്ചേർന്നു. കൊണ്ടുപോയ ധാന്യമെല്ലാം തീർന്നിരിക്കുന്നു. അവർക്ക് ധാന്യം വേണം. വിലയായി നൽകാൻ കുറച്ചു സാധനങ്ങൾ മാത്രമേ കൊണ്ടുവന്നിട്ടുള്ളൂ. അവർ യൂസുഫ് (അ)ന്റെ മുമ്പിലെത്തി. തങ്ങളുടെ ദൈന്യമായ അവസ്ഥ തുറന്നു പറഞ്ഞു...
അവരുടെ വചനങ്ങൾ വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: "അവർ യൂസുഫിന്റെ അടുക്കൽ പ്രവേശിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു. ഓ അസീസ്, ഞങ്ങളെയും, ഞങ്ങളുടെ കുടുംബത്തെയും കടുത്ത ക്ഷാമം ബാധിച്ചിരിക്കുന്നു. അൽപം വില മാത്രമാണ് ഞങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. അതിനാൽ ഞങ്ങൾക്കു വേണ്ട ധാന്യം നൽകിയാലും. ഞങ്ങൾക്ക് ദാനം നൽകിയാലും. നിശ്ചയമായും ദാനധർമ്മങ്ങൾ ചെയ്യുന്നവർക്ക് അല്ലാഹു ﷻ പ്രതിഫലം നൽകുന്നതാണ്." (12:88)