Wednesday - 22 April, 2026 4-Dhu al-Qadah-1447

കാത്തിരിപ്പ് (2)

   ജനങ്ങൾ ഓരോ കാര്യങ്ങൾ ഓർത്തെടുത്തു പറഞ്ഞു. "അല്ലാഹുﷻവാണ് സൃഷ്ടാവ്. അവൻ ആകാശ ഭൂമികളെ സൃഷ്ടിച്ചു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവന്റെ സൃഷ്ടികൾ. ആകാശഭൂമികളുടെ രക്ഷിതാവ് അവനാകുന്നു. വായുവും വെള്ളവും തൽകുന്നത് അവനാകുന്നു. അവന് പങ്കുകാരില്ല. ആരാധനക്കർഹൻ അവൻ മാത്രം. ബിംബാരാധന വെടിയുക. ഏകനായ അല്ലാഹുﷻവിനെ ആരാധിക്കുക അവന്റെ കൽപനകൾ അനുസരിക്കുക...


 രാജാവിന്റെ ശബ്ദമുയർന്നു.. "ജനങ്ങളേ യൂനുസ് പറഞ്ഞതെല്ലാം നമുക്കു വിശ്വസിക്കാം. വിശാലമായ മൈതാനിയിൽ നാം ഒരുമിച്ചുകൂടുക. എന്നിട്ട് നമ്മുടെ വിശ്വാസം പ്രഖ്യാപിക്കാം. എങ്കിൽ മാത്രമേ ഈ ശിക്ഷ നീങ്ങിക്കിട്ടുകയുള്ളൂ." 


 രാജകൽപന ജനങ്ങൾക്ക് വലിയ ആശ്വാസം നൽകി. ചുരുങ്ങിയ സമയംകൊണ്ട് വാർത്ത പട്ടണത്തിലാകെ പരന്നു. പട്ടണത്തിന് പുറത്തുള്ള വിശാലമായ മൈതാനം. എല്ലാവരും മൈതാനി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. വൃദ്ധന്മാർ ആടിയാടി നടക്കുന്നു. വൃദ്ധകളും ഇങ്ങനെ തന്നെ. നടക്കാൻ പറ്റാത്തവരെ താങ്ങിക്കൊണ്ട് പോവുന്നു. 


 കൈക്കുഞ്ഞുങ്ങളുമായി നടന്നുപോവുന്ന അമ്മമാർ. ചുറുചുറുക്കോടെ ഓടിപ്പോവുന്ന കുട്ടികൾ. ഒരു ജനസമൂഹമാകെ ഒഴുകിപ്പോവുകയാണ്. അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണ് നടക്കാൻ പോവുന്നത്. ചരിത്രത്തിൽ നടന്ന സംഭവങ്ങളെന്താണ്..? 


 എത്രയോ പ്രവാചകന്മാർ നിയോഗിക്കപ്പെട്ടു. അവർ ജനങ്ങളെ സത്യമാർഗത്തിലേക്കു ക്ഷണിച്ചു. ജനം അഹങ്കാരപൂർവം തള്ളിക്കളഞ്ഞു. പ്രവാചകന്മാർ ശിക്ഷയെക്കുറിച്ചു താക്കീത് നൽകി. ജനം പരിഹസിച്ചു തള്ളി. ശിക്ഷ കൊണ്ടുവരാൻ ധൃതി കൂട്ടി. ശിക്ഷക്ക് ധൃതി കൂട്ടരുതെന്ന് ഉപദേശിച്ചു. ഫലമുണ്ടായില്ല. ശിക്ഷക്കുവേണ്ടി ധൃതി കൂട്ടിക്കൊണ്ടിരുന്നു. ഒടുവിൽ ശിക്ഷ വന്നു. 


 നാടിനെ അടിമേൽ മറച്ചു. കൊടുങ്കാറ്റടിച്ചു. വെള്ളപ്പൊക്കമുണ്ടായി. രോഗങ്ങൾ വന്നു. അങ്ങനെ ശിക്ഷകൾ പലവിധമിറങ്ങി. സമൂഹങ്ങൾ നശിച്ചു. ചരിത്ര ശ്മശാന ഭൂമിയിൽ അവർ ഒടുങ്ങി. 


 നീനവയിൽ അതല്ല സംഭവിക്കാൻ പോവുന്നത്. കാലം വിസ്മയിച്ച് നിന്നുപോയ സംഭവം. മൈതാനം തിങ്ങിനിറഞ്ഞു. രാജാവും പ്രജകളും ഒന്നുചേർന്നു. എല്ലാവരും പൊട്ടിക്കരയുന്നു. പാപമോചനത്തിന് കേഴുന്നു. യൂനുസ് (അ)പറഞ്ഞ വാക്കുകൾ അവർ ആവർത്തിക്കുന്നു. 


 വിശ്വാസത്തിന്റെ പരസ്യമായ പ്രഖ്യാപനം : 


 "പടച്ചവനേ... അല്ലാഹുവേ ..... നീ ഏകനാണെന്ന് യൂനുസ് ഞങ്ങൾക്ക് പറഞ്ഞു തന്നു. അല്ലാഹുവേ.... നീ ഏകനാണെന്ന് ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു. ഞങ്ങളെ കാത്തു രക്ഷിച്ചാലും. യൂനുസ് നിന്റെ ദൂതനാണെന്ന് ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു. യൂനുസ് പറഞ്ഞ ഓരോ കാര്യത്തിനും ഞങ്ങൾ സാക്ഷികളാകുന്നു. നിന്റെ ഏകത്വം ഞങ്ങൾ അംഗീകരിച്ചു. നിനക്ക് പങ്കുകാരില്ല. നിന്റെ കൽപനകളനുസരിച്ചു ഞങ്ങൾ ജീവിച്ചു കൊള്ളാം. ഞങ്ങളിനി ബിംബാരാധനയിലേക്കില്ല. ഈ ദിവസത്തോടെ അതവസാനിച്ചു കഴിഞ്ഞു. ഇന്നുമുതൽ നീയാണ് ഞങ്ങളുടെ ആരാധ്യൻ. നിന്റെ കാരുണ്യം വർഷിപ്പിച്ചു തരേണമേ. നിന്റെ കോപം ഞങ്ങളിൽ നിന്നകറ്റേണമേ...." 


 മനസ്സു തുറന്നുള്ള പ്രാർത്ഥന. നിഷ്കളങ്കമായ പശ്ചാത്താപം. അല്ലാഹുﷻവത് സ്വീകരിച്ചു. ആകാശം തെളിഞ്ഞു തുടങ്ങി. കാറ്റിന്റെ ശക്തി കുറഞ്ഞു. ചൂടു കുറഞ്ഞുവന്നു. എത്ര കണ്ണീരാണ് ഒഴുകിപ്പോയത്. അതിലൂടെ പാപങ്ങൾ നീങ്ങിപ്പോയി. എല്ലാ മനസ്സുകളും ശാന്തമായി. മനസ്സിൽ വല്ലാത്തൊരു മോഹം വളർന്നു. അല്ലാഹുﷻവിന്റെ ദൂതനെ ഒരു നോക്കു കാണണം. എല്ലാ കണ്ണുകളും തുടിക്കുന്നു. ആ സമൂഹം പ്രതീക്ഷയോടെ കാത്തിരുന്നു...