യൂനുസ് (അ) നീനവ വിട്ടുപോയ ശേഷം അവിടെ എന്തൊക്കെ സംഭവിച്ചുവെന്നാണ് നമുക്കിനി നോക്കേണ്ടത്. യൂനുസ് (അ) പറഞ്ഞ വാക്കുകളെല്ലാം അവരുടെ ചെവിയിൽ അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു...
ഫലസ്തീനിൽ നിന്ന് പിടിച്ചു കൊണ്ടുവന്ന് അടിമകളാക്കിവെച്ച ഇസ്രാഈല്യരെ വിട്ടുകൊടുക്കണമെന്ന് യൂനുസ് (അ) പറയാറുണ്ടായിരുന്നു. അതിന് നീനവാ നിവാസികൾ തയ്യാറല്ല.
അല്ലാഹുﷻവിനെ ആരാധിക്കാനും ബിംബാരാധന വെടിയാനും അവർ സന്നദ്ധരല്ല. അല്ലാഹുﷻവിനെയും അവന്റെ പ്രവാചകനെയും അവർ വകവെച്ചില്ല. ശിക്ഷ വരുമെന്ന താക്കീത് അവർ മറന്നിട്ടില്ല. നാൽപത് നാളുകൾക്കകം ശിക്ഷ വരുമോ..?
ആ ചോദ്യം മനസ്സിൽ കിടന്ന് പുകയുന്നു. നാളുകൾ ഓരോന്നായി കടന്നുപോയിക്കൊണ്ടിരുന്നു. നാൽപ്പത് നാളുകൾ തീരാറായി ശിക്ഷ വരുമോ..?
ഒരു ദിവസം ആകാശം കണ്ട് നീനവക്കര ഞെട്ടി. കറുത്തിരുണ്ട ആകാശം. ഭയാനകമായ കാഴ്ച. വല്ലാത്ത ചൂട്. അത് അസഹ്യമായി വരുന്നു. ശക്തമായ കാറ്റ് വീശി. ചൂടുകാറ്റ്. ഇത് യൂനുസ് പറഞ്ഞ ശിക്ഷ തന്നെ. ഇനിയെന്താണ് രക്ഷ എങ്ങോട്ടാണ് പോവേണ്ടത്..?
കൊട്ടാരാത്തിനു മുമ്പിൽ ജനങ്ങൾ തടിച്ചുകൂടി. സങ്കടം പറയാൻ ആളുകൾ പിന്നെയും വന്നുകൊണ്ടിരുന്നു. രാജാവ് സങ്കടം കേൾക്കുന്നു. പ്രകൃതി കോപിച്ചാൽ അത് തടുക്കാൻ രാജാവിന്നാവുമോ? തീക്കാറ്റടിച്ചാൽ രാജാവും പ്രജയും കരിഞ്ഞുപോവില്ലേ..?
രാജാവ് ഉൽക്കണ്ഠ കലർന്ന സ്വരത്തിൽ ചോദിച്ചു. "കമ്പിളി പുതച്ചുവന്ന ഫഖീർ എവിടെ..?"
"കുറച്ചു നാളായി അദ്ദേഹത്തെ കാണാനേയില്ല." ആളുകൾ പറഞ്ഞു.
"അതു പറഞ്ഞാൽ പറ്റില്ല. പോകൂ അദ്ദേഹത്തെ കണ്ടുപിടിക്കൂ... നമ്മുടെ മുമ്പിൽ ഹാജരാക്കൂ..."
ആളുകൾ പല വഴി ഓട്ടമായി. എല്ലാ വഴികളിലൂടെയും ഓടി. കാടും മേടും താണ്ടി മലഞ്ചരിവുകളും പാറക്കെട്ടുകളും കയറിയിറങ്ങി. എവിടെയുമില്ല. ആർക്കും ഒരു വിവരവുമില്ല. താമസിച്ച വീട്ടിൽ നിന്ന് പോയിട്ട് കുറെ നാളായി. എങ്ങോട്ട് പോയെന്ന് വിവരമില്ല. കൊട്ടാരത്തിൽ ആകാംഷയോടെ രാജാവും മന്ത്രിമാരും കാത്തിരുന്നു...
തിരയാൻ പോയവർ നിരാശയോടെ മടങ്ങിയെത്തി. പ്രതീക്ഷയുടെ നേരിയ സാധ്യത പോലുമില്ല. ഒരുതരം ഭയം എവിടെയും തങ്ങിനിന്നു. രാജാവും പ്രജകളും ഭയന്നു...
"യൂനുസ് എന്തൊക്കെയാണ് പറഞ്ഞിരുന്നത്..?" രാജാവ് ചോദിച്ചു...
ജനങ്ങൾ ഓരോ കാര്യങ്ങൾ ഓർത്തെടുത്തു പറഞ്ഞു. "അല്ലാഹുﷻവാണ് സൃഷ്ടാവ്. അവൻ ആകാശ ഭൂമികളെ സൃഷ്ടിച്ചു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവന്റെ സൃഷ്ടികൾ. ആകാശഭൂമികളുടെ രക്ഷിതാവ് അവനാകുന്നു. വായുവും വെള്ളവും തൽകുന്നത് അവനാകുന്നു. അവന് പങ്കുകാരില്ല. ആരാധനക്കർഹൻ അവൻ മാത്രം. ബിംബാരാധന വെടിയുക. ഏകനായ അല്ലാഹുﷻവിനെ ആരാധിക്കുക അവന്റെ കൽപനകൾ അനുസരിക്കുക...