മത്സ്യം യൂനുസ് നബി (അ)നെ കരയിലേക്ക് കക്കിയെറിഞ്ഞപ്പോൾ ആ ശരീരത്തിന്റെ അവസ്ഥ എന്തിയിരുന്നു. പ്രസവിക്കപ്പെട്ട കുഞ്ഞിനെപ്പോലെ മാർദ്ദവമുള്ള തൊലി. ഒന്നിനും വയ്യാത്ത അവസ്ഥ...
ഒരു പെൺമാൻ വന്നു. അത് പാൽ നൽകി. ദിവസങ്ങൾ കഴിയുംതോറും ശരീരം ശക്തി പ്രാപിച്ചുവന്നു. ചെടിയുടെ തണൽ അദ്ദേഹത്തിന് വലിയ ആശ്വാസമായിരുന്നു. അതിന്റെ തണലിൽ സുഖമായുറങ്ങാം. ഒരു ദിവസം നന്നായി ഉറങ്ങി. ക്ഷീണം വിട്ടകന്നു. ഉറക്കം മതിയായി. ഉണർന്നു. കണ്ണു തുറന്നു. ഞെട്ടിപ്പോയി. തനിക്ക് ആശ്വാസമായി നിലനിന്നിരുന്ന ചെടി ഉണങ്ങിപ്പോയിരിക്കുന്നു.
അത് കണ്ടപ്പോൾ വല്ലാത്ത ദുഃഖം തോന്നി. തന്റെ ആശ്രയം നഷ്ടപ്പെട്ടിരിക്കുന്നു. ഇനി വെയിലും ചൂടും സഹിക്കേണ്ടിവരും. മാൻ ദിവസവും വരും. പാൽ കിട്ടും. ആശ്വാസം. തണൽ പോയെങ്കിലും പാൽ കിട്ടുന്നുണ്ടല്ലോ...
ജിബ്രീൽ (അ)വന്നു. അല്ലാഹുﷻവിന്റെ സന്ദേശം കിട്ടി. "ചെടി കരിഞ്ഞ് പോയതോർത്ത് നീ ദുഃഖിക്കുകയാണോ? അനേകായിരം ജനങ്ങളെ ശിക്ഷയിറക്കി നശിപ്പിക്കാൻ നീ എന്നോട് അപേക്ഷിച്ചില്ലേ"
ഞെട്ടിപ്പോയി..!! എന്തൊരു ശാസനയാണിത്? നിരാശ ബാധിച്ചപ്പോൾ അങ്ങനെ പ്രാർത്ഥിച്ചുപോയി. ഇപ്പോൾ നെടും ഖേദത്തിലാണ്. പൊറുത്തുതന്നാലും. എന്താണ് പ്രായശ്ചിത്തമായി ചെയ്യേണ്ടത്..? ഒന്നും മനസ്സിലാവുന്നില്ല.
ഒരിക്കൽ ജിബ്രീൽ (അ) ഇങ്ങനെ സന്ദേശമറിയിച്ചു. ആ ജനത സത്യവിശ്വാസം കൈക്കൊണ്ടു. പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തു. എന്തൊരു അത്ഭുതമാണിത്? ഒരു ജനത ഒന്നാകെ മടങ്ങുകയോ? ധിക്കാരികളായിരുന്ന ജനത. അവർ വിനയാന്വിതരായി മാറിയെന്നോ? ബിംബാരാധന അവസാനിച്ചുവോ? അവരുടെ മനുസ്സുകളിൽ സത്യവിശ്വാസത്തിന്റെ പ്രകാശം പരന്നുവോ? എന്തൊരത്ഭുതം ഇതെങ്ങനെ സംഭവിച്ചു..?
പതിവുപോലെ അന്നും മാനിനെ കാത്തിരുന്നു. സമയം വൈകി. വയറ്റിൽ വിശപ്പ് തുടങ്ങി. എന്നും വരുന്ന സമയം കഴിഞ്ഞു. എന്താ വരാത്തത്. വല്ലാതെ വിശക്കുന്നുവല്ലോ? സമയം വളരെയായി. വിശന്നിട്ടുവയ്യ. മാൻ വന്നില്ല. അപ്പോൾ മനസ്സിലൊരു ചിന്ത വളർന്നു. മാൻ വരില്ലേ? ഞെട്ടിപ്പോയി. മാൻ വരാതിരുന്നാൽ? പിന്നെ തന്റെ അവസ്ഥ..?
അപ്പോൾ അല്ലാഹുﷻവിന്റെ സന്ദേശമെത്തി. നിന്റെ പതിവ് തെറ്റിയപ്പോൾ നീ അസ്വസ്ഥനായി. നിന്റെ ജനതയെ നശിപ്പിക്കാൻ നീ എന്നോട് അപേക്ഷിച്ചു. അത് എന്റെ രീതിയല്ല. യൂനുസ് (അ) പശ്ചാത്താപ വിവശനായി. ഞാനെന്താണ് പ്രായശ്ചിത്തമായി ചെയ്യേണ്ടത്..?
"അല്ലാഹുﷻവേ ഞാൻ എന്റെ ജനതയിലേക്ക് പോവാം. മടക്കയാത്ര. നീനവായിലേക്ക്." ഇപ്പോൾ തന്റെ ജനതയെക്കാണാൻ മോഹം തോന്നുന്നു. മെല്ലെ നടന്നു. നീനവാ പട്ടണം എത്രയോ ദൂരെയാണ്. എങ്ങനെ അവിടെ എത്തിച്ചേരും? എന്നാണെത്തുക..?
വിജനമായ വഴിയിലൂടെ യാത്ര തുടരുകയാണ്. കടൽ തീരത്ത് നിന്ന് വളരെ അകലെ എത്തിയിരിക്കുന്നു. നടന്ന് നടന്ന് ഒരു നദിയുടെ തീരത്തെത്തി. ഇത് നേരത്തെ കണ്ടിട്ടുള്ള പ്രദേശമാണല്ലോ..? ഈ തീരം തനിക്കു സുപരിചിതമാണല്ലോ. ഒരു ഞെട്ടലോടെ അദ്ദേഹം ഓർത്തു.
തന്റെ മക്കൾ അവരെ തനിക്കു നഷ്ടപ്പെട്ടത് ഇവിടെ വെച്ചാണ്. ഈ വെള്ളത്തിൽ... എന്താണ് അൽപം ദൂരെ കാണുന്നത്? ഒരാൾരൂപം. ഒരാളല്ല. വേറെയും ആരോ ഉണ്ട്. നടന്നു അടുത്തു ചെല്ലുംതോറും രൂപങ്ങൾ വ്യക്തമായി. ഒരു പുരുഷനും രണ്ടു കുട്ടികളും. ഈ കുട്ടികൾ? ഇവർ ഏതാണ്? തന്റെ പുത്രന്മാരുടെ അതേ പ്രായം അതേ രൂപം...
"ഇവർ ഏതോ മാന്യനായ ഒരു വ്യക്തിയുടെ മക്കളാണ്. ഈ കുട്ടിയെ ചെന്നായ പിടിച്ചു കൊണ്ട് പോവുന്നത് ഞാൻ കണ്ടു. ഞാൻ പിന്നാലെ കൂടി. കുട്ടിയെ ഉപേക്ഷിച്ചു ചെന്നായ ഓടിപ്പോയി. ഞാൻ ഈ കുട്ടിയെ ഇത്ര നാളും വളർത്തി. ഒരു അലക്കുകാരന് നദിയിൽ നിന്ന് കിട്ടിയ കുട്ടിയാണിത്. അവൻ കുട്ടിയെ എന്നെ ഏൽപ്പിച്ചു."
"എന്റെ പൊന്നുമക്കളേ..." യൂനുസ് (അ)ന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ശബ്ദം പതറിപ്പോയി. നഷ്ടപ്പെട്ടെന്ന് കരുതിയ മക്കൾ... ഇതാ കൺമുമ്പിൽ നിൽക്കുന്നു. ഉപ്പാ... കുട്ടികൾ കരഞ്ഞുകൊണ്ട് ഓടിയടുത്തു. വല്ലാത്തൊരു പുനസ്സമാഗമം. ആ ഗ്രാമീണൻ അതിനു സാക്ഷിയായി. നദിയും തീരവും സാക്ഷി. അയാൾ കുട്ടികളെ പിതാവിനെ ഏൽപ്പിച്ചു. ഒരു സൽക്കർമ്മം ചെയ്ത സന്തോഷത്തോടെ തിരിച്ചു പോയി.
പിതാവും പുത്രന്മാരും യാത്ര തുടർന്നു. മൈലുകളോളം യാത്ര ചെയ്തു. ഒരു സ്ഥലത്തെത്തിയപ്പോൾ മനസ്സ് പതറിപ്പോയി. ഇവിടെ വെച്ചാണ് ഭാര്യയെ നഷ്ടപ്പെട്ടത്. ഇതാ ഞങ്ങൾ വിശ്രമിച്ച മരം. ആ മരത്തിന്റെ തണലിൽ ഇരുന്നു. ചിന്തകൾ മനസിനെ വേദനിപ്പിക്കുന്നു. അങ്ങിങ്ങ് യാത്രക്കാരെ കാണാനുണ്ട്. ചെറിയ സംഘങ്ങൾ നീങ്ങിപോവുന്നുണ്ട്. നോട്ടം നാനാ ഭാഗത്തേക്കും നീണ്ടു. കുറച്ചകലെ ഒരു വലിയ സംഘത്തെ കണ്ടു. അത്രയും ആളുകൾ കൂടിനിൽക്കുന്നതെന്താണ്? എന്തെങ്കിലും വിശേഷം കാണും. ഒന്നു പോയി നോക്കാൻ തോന്നി.
"എഴുന്നേറ്റു നടന്നു അവിടെയെന്താണ് വിശേഷം?" യൂനുസ് (അ) അന്വേഷിച്ചു.
"ഞങ്ങളുടെ രാജകുമാരൻ ഇവിടെ വെച്ച് ഒരു സ്ത്രീയെ ബലാൽക്കാരമായി പിടിച്ചു കൊണ്ടുപോയി. ഏതോ മാന്യനായ വ്യക്തിയുടെ ഭാര്യയാണ്. അന്ന് മു
തൽ രാജകുമാരന് രോഗം ബാധിച്ചു. ഭാര്യയെ ഭർത്താവിന് ഏൽപിക്കാൻ നടക്കുകയാണ് ഞങ്ങൾ. പലസ്ഥലത്തും അന്വേഷിച്ചു. കണ്ടുകിട്ടിയില്ല"
യൂനുസ് നബി (അ) ഉടനെ ജനങ്ങൾക്കിടയിലേക്ക് കടന്നുചെന്നു. എന്തൊരത്ഭുതം. അത് തന്റെ ഭാര്യ തന്നെ. അവർ പരസ്പരം തിരിച്ചറിഞ്ഞു. വിവരമറിഞ്ഞപ്പോൾ ജനത്തിനും സന്തോഷം. യൂനുസ് (അ)നെയും കുടുംബത്തെയും ജനങ്ങൾ ആഹ്ലാദപൂർവ്വം യാത്രയാക്കി. നബിയും കുടുംബവും അല്ലാഹുﷻവിനെ വാഴ്ത്തി. നീനവ കാണാൻ എല്ലാവർക്കും ധൃതിയായി. സന്തോഷപൂർവ്വം യാത്ര തുടർന്നു...