മത്സ്യം യൂനുസിനെ കരയിലേക്ക് കക്കിയെറിഞ്ഞു. നവജാത ശിശുവിനെപ്പോലെയായിരുന്നു അപ്പോൾ യൂനുസ് (അ)ന്റെ അവസ്ഥ. ഉറപ്പ് കുറഞ്ഞ തൊലിയും മാംസവും അസ്ഥിയും...
ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു. അല്ലാഹുﷻവിന്റെ കൽപ്പന കിട്ടിയപ്പോൾ കടലിന്റെ അടിത്തട്ടിൽ നിന്ന് മത്സ്യം ജലവിതാനത്തിലേക്കു ഉയർന്നു വന്നു. ഒരു കപ്പൽനീങ്ങി കൊണ്ടിരിക്കുകയായിരുന്നു. മത്സ്യം തല അന്തരീക്ഷത്തിലേക്കുയർത്തിപ്പിടിച്ചു അപ്പോൾ യൂനുസ് (അ)നന്നായി ശ്വാസമയക്കുകയും തസ്ബീഹ് ചൊല്ലുകയും ചെയ്തു. മത്സ്യം കപ്പലിന്റെ കൂടെ സഞ്ചരിച്ചു. കരകാണുംവരെ അത് തുടർന്നു. മത്സ്യം കരയുടെ നേരെ വന്നു. കരയിലേക്ക് കക്കിയെറിഞ്ഞു...
ഒരു റിപ്പോർട്ടിൽ പറയുന്നത് കാണുക, യൂനുസ് (അ)കയറിയ കപ്പൽ കടലിൽ ശാന്തമായി നീങ്ങുകയായിരുന്നു. പകൽ പോയി മറഞ്ഞു. കടലിൽ അന്ധകാരം പരന്നു. തണുത്ത കാറ്റ് വീശി. പലരും ഉറക്കം തുടങ്ങി. യാത്രാക്ഷീണം കാരണം യൂനുസ് (അ) ഉറങ്ങിപ്പോയി. പെട്ടെന്നാണ് ശക്തമായ കാറ്റടിച്ചത്. തിരമാലകൾ ഉയരുകയും തകരുകയും ചെയ്തു കൊണ്ടിരുന്നു.
കൂറ്റൻ തിരമാലകൾ കപ്പലിനെ തല്ലിതകർത്തുകളയുമെന്ന് തോന്നി കപ്പലിൽ ഉണർന്നിരുന്നവർ കൂട്ടത്തോടെ പ്രാർത്ഥിക്കാൻ തുടങ്ങി. അല്ലാഹുﷻവിനോട് മനസ്സ് തുറന്ന് പ്രാർത്ഥിച്ചു. ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു: "ഉറങ്ങുന്നവരെ വിളിച്ചുണർത്തുക. അവരും നമ്മോടൊപ്പം ചേർന്നു പ്രാർത്ഥിക്കട്ടെ..!"
എല്ലാവരും ഉണർന്നു. ഒന്നിച്ചിരുന്നു പ്രാർത്ഥന തുടങ്ങി. അപ്പോൾ ഒരു പടുകൂറ്റൻ മത്സ്യം ഉയർന്നു വന്നു. അത് വാപിളർത്തി വന്നു. കപ്പൽ അപ്പാടെ വിഴുങ്ങിക്കളയുമോ എന്ന് തോന്നിപ്പോയി അത് കണ്ടപ്പോൾ യൂനുസ് (അ) പറഞ്ഞു: "യാത്രക്കാരേ ആ മത്സ്യം വാപിളർക്കുന്നത് എനിക്ക് വേണ്ടിയാണ്. എന്നെ കടലിൽ വലിച്ചെറിയൂ. എന്നെ കടലിൽ എറിഞ്ഞാൽ കാറ്റ് ശമിക്കും. നിങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാം. നിങ്ങളിൽ നിന്ന് ഭയം അകന്നുപോവും..."
"ഞങ്ങൾ താങ്കളെ കടലിൽ എറിയുകയില്ല." കപ്പൽക്കാർ ശഠിച്ചു പറഞ്ഞു. പലതവണ ഇതാവർത്തിച്ചു. അവർ പറഞ്ഞു: "ഞങ്ങൾ നറുക്കിട്ട് നോക്കട്ടെ നറുക്കിട്ടപ്പോൾ യൂനുസ് നബിക്കെതിരായി വന്നു.
"എന്നെ കടലിലെറിയൂ... നറുക്ക് എനിക്കെതിരാണ്." ഒരിക്കൽ കൂടി നോക്കട്ടെ രണ്ടാം തവണയും നറുക്ക് യൂനുസ് നബിക്കെതിരായിവന്നു. എന്നെ കടലിലെറിയൂ നിങ്ങൾ രക്ഷപ്പെട്ടോളൂ. ഒരിക്കൽ കൂടി നോക്കി മൂന്നാം തവണയും നബിക്കെതിരായി വന്നു. കടലിലെറിയാൻ വേണ്ടി കപ്പൽക്കാർ യൂനുസ് നബിയെ കപ്പലിന്റെ ഒരു ഭാഗത്തേക്ക് കൊണ്ടുവന്നു. കൂറ്റൻ മത്സ്യം വാപിളർത്തിക്കൊണ്ട് ആ ഭാഗത്ത് വന്നുനിന്നു.
കപ്പൽക്കാർ യൂനുസ് നബിയെ കപ്പലിന്റെ മറുഭാഗത്തേക്ക് കൊണ്ടുപോയി. മത്സ്യം ആ ഭാഗത്തെത്തി. വാ പിളർന്നു വന്നു. ഏത് ഭാഗത്ത് ചെന്നാലും അവിടെയെല്ലാം മത്സ്യം വരുന്നു. അത് കണ്ട് യൂനുസ് (അ)സ്വയം ചാടി. വീണത് മത്സ്യത്തിന്റെ വായിലേക്കായിരുന്നു...
അപ്പോൾ അല്ലാഹു ﷻ മത്സ്യത്തിന് സന്ദേശം നൽകി. "ഞാൻ യൂനുസിനെ നിനക്ക് ഭക്ഷണമായി നൽകിയതല്ല. മാംസത്തിനും എല്ലിനും ഒരു കുഴപ്പവും സംഭവിക്കരുത്. നിന്റെ വയർ അദ്ദേഹത്തിനൊരു സുരക്ഷിത കേന്ദ്രമായിരിക്കട്ടെ..!"
ഇബ്നു ഖുസൈത്വ് എന്ന പണ്ഡിതൻ രേഖപ്പെടുത്തുന്നു: മത്സ്യം യൂനുസ് നബി (അ)നെ കരയിലേക്ക് കക്കിയെറിഞ്ഞു. അല്ലാഹു ﷻ അവിടെ ഒരു മരം മുളപ്പിച്ചു വളർത്തി. എല്ലാ പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും പാൽ ലഭിക്കാനുള്ള സൗകര്യം ചെയ്തു. അല്ലാഹു ﷻ വളർത്തിയ മരത്തിന്റെ പേര് യഖ്ത്വീൻ എന്നായിരുന്നു. ഈ മരത്തിൽ നിന്ന് തന്നെ പാൽ ലഭിച്ചു. എന്നും പറയപ്പെട്ടിട്ടുണ്ട്...
ഒരു ദിവസം നോക്കുമ്പോൾ മരം ഉണങ്ങിപ്പോയിരിക്കുന്നു. അപ്പോൾ കടുത്ത ദുഃഖം വന്നു. ദുഃഖം കാരണം കരഞ്ഞുപോയി. അപ്പോൾ ഇങ്ങനെ ഒരു വചനം കേട്ടു. ഒരു മരം ഉണങ്ങിപ്പോയ കാര്യമോർത്തു താങ്കൾ ദുഃഖിക്കുകയാണോ? അതോർത്ത് കരയുകയാണോ? ഒരു ലക്ഷത്തിലേറെ വരുന്ന ഇസ്രാഈല്യരുടെ കാര്യത്തിൽ താങ്കൾക്ക് ദുഃഖമില്ലേ? അവർ ഖലീലുല്ലാഹി ഇബ്രാഹിം (അ)ന്റെ സന്താന പരമ്പരയിൽ പെട്ടവരല്ലേ? അവർ ശത്രുക്കളുടെ ബന്ധനത്തിലല്ലേ? അവർ നശിച്ചു പോയ്ക്കൊള്ളട്ടെ എന്നാണോ വിചാരിക്കുന്നത്? ഈ ചോദ്യം യൂനുസ് (അ) നെ അതീവ ദുഃഖിതനാക്കി...