വിശുദ്ധ ഖുർആനിൽ ദുന്നൂൻ എന്ന് യൂനുസ് നബി (അ)നെ വിശേഷിപ്പിച്ചിട്ടുണ്ട്. മത്സ്യക്കാരൻ, മത്സ്യത്തിന്റെയാൾ എന്നൊക്കെയണാണർത്ഥം. പഴയകാലത്ത് അറബിയിൽ മത്സ്യത്തിന് നൂൻ എന്നു പറഞ്ഞിരുന്നു. മറ്റ് ചില പ്രാചീന ഭാഷകളിലും മത്സ്യത്തിന് നൂൻ എന്നു പറഞ്ഞിരുന്നു...
സൂറത്ത് അമ്പിയാഇൽ യൂനുസ് (അ)നെപ്പറ്റി പറയുമ്പോൾ നൂൻ എന്ന പദമാണ് ഉപയോഗിച്ചത്. പ്രസ്തുത അധ്യായത്തിൽ ഇങ്ങനെ കാണാം: "ദുന്നൂനിനെയും (ഓർക്കുക) അദ്ദേഹം കോപിഷ്ഠനായിക്കൊണ്ട് പോയ സന്ദർഭം. അപ്പോൾ നാം അദ്ദേഹത്തിന്റെ മേൽ നിശ്ചയമായും കുടുസ്സാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അങ്ങനെ അന്ധകാരത്തിൽ വെച്ച് അദ്ദേഹം വിളിച്ചു പ്രാർത്ഥിച്ചു. റബ്ബേ... നീ അല്ലാതെ ആരാധ്യനില്ല. നീ എത്രയോ പരിശുദ്ധൻ. നിശ്ചയമായും ഞാൻ അക്രമികളിൽ പെട്ടവനായിരിക്കുന്നു." (21:87)
"അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകുകയും ആ ദുഃഖത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. അപ്രകാരം തന്നെ സത്യവിശ്വാസികളെ നാം രക്ഷപ്പെടുത്തുന്നതാണ്." (21:88)
സത്യവിശ്വാസികൾക്കുള്ള ഒരു സന്തോഷവാർത്ത കൂടിയാണിത് എത്ര വലിയ അപകടത്തിൽ പെട്ടാലും അല്ലാഹുﷻവിനെ വിളിച്ചു പ്രാർത്ഥിച്ചാൽ അല്ലാഹുﷻ രക്ഷപ്പെടുത്തും. മത്സ്യത്തിന്റെ വയറ്റിൽ പെട്ടുപോവുകയെന്നത് എത്ര വലിയ അപകടമാണ്. അതിൽ നിന്നൊരിക്കലും രക്ഷപ്പെടുമോ? രക്ഷപ്പെടുമെന്നാണ് യൂനുസ് നബി (അ)ന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്...
കരയിലും കടലിലുമുള്ള സകല ജീവികളും അല്ലാഹുﷻവിന്റെ സൃഷ്ടികളാവുന്നു. അവയെല്ലാം അല്ലാഹുﷻവിന്റെ കൽപനകൾ അനുസരിച്ച് ജീവിക്കുന്നു. മത്സ്യത്തോട് യൂനുസ് നബി (അ)നെ വിഴുങ്ങാൻ കൽപിച്ചപ്പോൾ വിഴുങ്ങി. കക്കി പുറത്തേക്കെറിയാൻ കൽപിച്ചപ്പോൾ എറിഞ്ഞു. ഏത് ദുഷ്ട ജീവികളും അല്ലാഹുﷻവിനെ അനുസരിക്കും. ഇക്കാര്യം സത്യവിശ്വാസികൾ മനസ്സിലാക്കണം.
ഒരിക്കൽ നബി ﷺ ഇങ്ങനെ അരുൾ ചെയ്തു. ഒരു അടിയനുംതന്നെ താൻ യൂനിസിനെക്കാൾ ഉത്തമനാണ് എന്ന് പറയാൻ പാടില്ല. യൂനുസ് (അ) അത്യുന്നത പദവിയിലാണുള്ളത്. അത്യുന്നതന്മാർ നബിമാരാകുന്നു. മനുഷ്യരിൽ ആരും അവരെക്കാൾ ഉയർന്നവരല്ല. അത്തരം നബിമാരുടെ കൂട്ടത്തിൽ ചേർത്തു പറഞ്ഞുകൊണ്ടാണ് അല്ലാഹു ﷻ യൂനുസ് (അ)നെ വാഴ്ത്തിയത്.
മത്സ്യത്തിന്റെ വയറ്റിൽ കിടന്ന് പശ്ചാത്തപിക്കുകയും തസ്ബീഹ് ചൊല്ലുകയും ചെയ്തതിനാൽ യൂനുസ് (അ)നെ അല്ലാഹു ﷻ രക്ഷപ്പെടുത്തി. അല്ലായിരുന്നുവെങ്കിൽ മത്സ്യത്തിന്റെ വയർ യൂനുസ് (അ)ന്റെ ഖബർ ആകുമായിരുന്നു. അന്ത്യനാൾ വരെ ആ ഖബറിൽ കഴിയേണ്ടിവരുമായിരുന്നു...
എത്ര ദിവസമാണ് യൂനുസ് (അ)മത്സ്യത്തിന്റെ വയറ്റിൽ കഴിഞ്ഞത്..? മുഖാത്തലുബ്നു സുലൈമാൻ രേഖപ്പെടുത്തിയത് നാൽപ്പത് ദിവസം എന്നാകുന്നു. അൽ-ളഹ്ഹാക്ക് അഭിപ്രായപ്പെട്ടത് ഇരുപത് ദിവസം എന്നാകുന്നു. അത്വാഹ് പറയുന്നത് ഏഴ് ദിവസം എന്നാകുന്നു. മുഖാത്വലുബ്നു ഹയ്യാന്റെ അഭിപ്രായത്തിൽ മൂന്നു ദിവസമാകുന്നു.
നബി ﷺ സ്വഹാബികൾക്ക് യൂനുസ് (അ)ന്റെ സംഭവം വിവരിച്ചു കൊടുത്തതിങ്ങനെയായിരുന്നു. അല്ലാഹു ﷻ യൂനുസ് നബിയെ മത്സ്യത്തിന്റെ വയറ്റിൽ ബന്ദിയാക്കി. മത്സ്യത്തിന് സന്ദേശം നൽകി. അദ്ദേഹത്തിന്റെ മാംസം കടിക്കുകയോ എല്ലുകൾ പൊട്ടിക്കുകയോ ചെയ്യരുത്. യൂനുസിനെയും കൊണ്ട് മത്സ്യം സമുദ്രാന്തർഭാഗത്തുള്ള തന്റെ താമസ കേന്ദ്രത്തിലേക്കു പോയി...
സമുദ്രത്തിന്റെ അടുത്തട്ടിലെത്തിയപ്പോൾ യൂനുസ് നബി (അ)നേർത്ത ശബ്ദം കേട്ടു എന്താണിത്..? അദ്ദേഹം അങ്ങനെ ചോദിച്ചുപോയി. അല്ലാഹു ﷻ യൂനുസ് നബിക്ക് ദിവ്യസന്ദേശം നൽകി. കടൽ ജീവികളുടെ തസ്ബീഹിന്റെ ശബ്ദമാണത്. മത്സ്യത്തിന്റെ വയറ്റിലിരുന്നുകൊണ്ട് താങ്കളും തസ്ബീഹ് ചൊല്ലുക. ഞാൻ തസ്ബീഹ് ചൊല്ലാൻ തുടങ്ങി.
യൂനുസ് (അ) പറഞ്ഞു: മലക്കുകളുടെ തസ്ബീഹ് ഞാൻ കേട്ടു അവർ ഇപ്രകാരം പറയുന്നതും ഞാൻ കേട്ടു. "ഞങ്ങളുടെ റബ്ബേ..! ഞങ്ങൾ ഒരു തസ്ബീഹിന്റെ ശബ്ദം കേൾക്കുന്നു. വളരെ പതിഞ്ഞ നേർത്ത ശബ്ദം. അജ്ഞാതമായ ഏതോ ഭാഗത്ത് നിന്നാണ് ആ ശബ്ദം വരുന്നത്."
അല്ലാഹു ﷻ പറഞ്ഞു: "അത് എന്റെ അടിമയായ യൂനുസ് ആകുന്നു. ഒരു അബദ്ധം ചെയ്തു അപ്പോൾ ഞാൻ യൂനുസിനെ കടലിലുള്ള മത്സ്യത്തിന്റെ വയറ്റിൽ ബന്ധനസ്ഥനാക്കി."
മലക്കുകൾ ചോദിച്ചു: "അല്ലാഹുﷻവേ എല്ലാ രാത്രിയും പകലും അദ്ദേഹത്തിന്റെ സൽക്കർമ്മങ്ങൾ നിന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയല്ലേ?"
അല്ലാഹു ﷻ പറഞ്ഞു : "അതെ"
അപ്പോൾ മലക്കുകൾ യൂനുസ് നബിക്ക് ശുപാർശ ചെയ്തു. അല്ലാഹു ﷻ ശുപാർശ സ്വീകരിച്ചു. മത്സ്യത്തിന് കൽപ്പന നൽകി. യൂനുസിനെ കരയിലേക്ക് കക്കിയെറിയുക.