യൂനുസ് (അ)ന് വേണ്ടി കടൽ തീരത്ത് അല്ലാഹു ﷻ വളർത്തിയത് അത്തിമരമായിരുന്നുവെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. അതൊരു വാഴ ആയിരുന്നുവെന്ന് പറഞ്ഞവരുമുണ്ട്. അതിന്റെ ഇലകൾ തണൽ നൽകിയെന്നും. വാഴപ്പഴം ഭക്ഷിച്ചുവെന്നും പറയപ്പെട്ടിട്ടുണ്ട്.
തന്റെ ജനതയിലേക്ക് പോവാനും അവരെ സന്മാർഗത്തിലേക്ക് നയിക്കാനും യൂനുസ് (അ)ന് കൽപ്പന കിട്ടി. യൂനുസ് (അ) തന്റെ ജനതയെ നോക്കി പുറപ്പെട്ടു. നാളുകളോളം നീണ്ടുനിന്ന ദീർഘയാത്ര. ഒരു ആട്ടിടയനെ കണ്ടുമുട്ടി. തന്റെ ജനതയുടെ അവസ്ഥയെന്താണെന്ന് ആട്ടിടയനോട് ചോദിച്ചു. ആട്ടിടയൻ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തു.
അവരെല്ലാം നന്മയിലും ഐശ്വര്യത്തിലുമാണ്. യൂനുസ് (അ) എന്നെങ്കിലും മടങ്ങി വരുമെന്ന പ്രതീക്ഷയാണ് അവർക്കുള്ളത്. അവർ നബിയെ കാത്തിരിക്കുകയാണ്. യൂനുസ് (അ) ആട്ടിടയനോട് പറഞ്ഞു: "നീ ആ ജനതയിലേക്ക് ചെല്ലുക. യൂനുസ് ആഗതനായിട്ടുണ്ടെന്നും ഞാൻ അദ്ദേഹത്തെ കണ്ടിട്ടു വരികയാണെന്നും നീ ജനങ്ങളിൽ വിളംബരം ചെയ്യുക. ഞാൻ വന്ന കാര്യം എല്ലാവരും അറിയട്ടെ...!"
ഇടയൻ പറഞ്ഞു: "അവർ എന്നോട് തെളിവ് ആവശ്യപ്പെടും. ഞാൻ യൂനുസ് നബിയെ കണ്ടുവെന്നതിന് തെളിവ് എന്താണ്..?"
"ഈ ആട് സാക്ഷി നിൽക്കും. ഈ മരവും സാക്ഷി നിൽക്കും."
ആട്ടിടയൻ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന കേന്ദ്രത്തിൽ ചെന്നു. "ജനങ്ങളേ..! സന്തോഷവാർത്ത. യൂനുസ് (അ) എത്തിയിരിക്കുന്നു. ഞാൻ അദ്ദേഹത്തെ കണ്ടിട്ട് വരികയാണ്." ആളുകൾ അത് വിശ്വസിച്ചില്ല. അവനെ കളവാക്കി. തെളിവ് ആവശ്യപ്പെട്ടു. "ഒരു ആടും മരവും സാക്ഷി. നാളെ രാവിലെ അവ നിങ്ങളുടെ മുമ്പിൽ സാക്ഷി നിൽക്കും."
പിറ്റേന്ന് പ്രഭാതം വരെ കാത്തുനിന്നു. ആട്ടിടയൻ യൂനുസ് നബി(അ)നെ കണ്ടുമുട്ടിയ സ്ഥലത്തേക്ക് ജനങ്ങൾ കൂട്ടത്തോടെ വന്നു. യൂനുസ് (അ)അവിടെ ഉണ്ടായിരുന്നില്ല. ആടും മരവും സാക്ഷി നിന്നു. ആളുകൾക്ക് വിശ്വാസമായി. അവരുടെ പ്രതീക്ഷ വളർന്നു. പിന്നീട് യൂനുസ് (അ) അവരുടെ മുമ്പിലേക്കു വന്നു. ഹൃദ്യമായ സ്വീകരണം...
യൂനുസ് നബി (അ)ന്റെ പേരിൽ ഒരു അദ്ധ്യായം തന്നെ വിശുദ്ധ ഖുർആനിലുണ്ട്. സൂറത്ത് യൂനുസ്. വിശുദ്ധ ഖുർആനിലെ പത്താം അദ്ധ്യായത്തിനാണ് ഈ പേര് ലഭിച്ചിട്ടുള്ളത്. മക്കയിലാണ് സൂറത്ത് യൂനുസ് അവതരിച്ചത്. ഇതിൽ 109 വചനങ്ങളുണ്ട്. തൗഹീദ് സ്ഥാപിക്കുകയെന്നതാണ് മുഖ്യ ലക്ഷ്യം. ബഹുദൈവാരാധകരായ ഖുറൈശികൾക്കിടയിൽ ഏകദൈവ സിദ്ധാന്തം പ്രചരിപ്പിക്കുക. പരലോക ജീവിതത്തിലുള്ള വിശ്വാസം ഉറപ്പിക്കുക. എല്ലാ കർമ്മങ്ങൾക്കും പ്രതിഫലമുണ്ടെന്ന സന്ദേശം പ്രചരിപ്പിക്കുക. ഇവയൊക്കെയാണ് സൂറത്തിലെ മുഖ്യ പ്രതിപാദ്യം...
ഈ അധ്യായത്തിലെ 98-ാം വചനത്തിലാണ് യൂനുസ് നബി(അ)ന്റെ ജനതയെക്കുറിച്ചു പറയുന്നത്. അതിപ്രകാരമാകുന്നു. "എന്നാൽ യൂനുസ് നബിയുടെ ജനത ഒഴിച്ച് ഒരൊറ്റ നാട്ടുകാരും (ശിക്ഷ ഇറങ്ങുന്നതിനു മുമ്പ്) എന്തുകൊണ്ട് വിശ്വസിക്കുകയും അങ്ങനെ അവരുടെ വിശ്വാസം അവർക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നവരായില്ലേ? യൂനുസ് നബിയുടെ ജനത സത്യത്തിൽ വിശ്വസിച്ചപ്പോൾ ഐഹിക ജീവിതത്തിലെ നിന്ദ്യമായ ശിക്ഷ അവരിൽ നിന്ന് നാം അകറ്റി. ഒരു നിശ്ചിത കാലം വരെ അവർക്ക് നാം സൗഖ്യം നൽകുകയും ചെയ്തു." (10:98)
വളരെ ശ്രദ്ധേയമായ വചനം. യൂനുസ് നബി (അ)ന്റെ ജനതക്കുമാത്രം അവകാശപ്പെട്ട വിശേഷണം. യൂനുസ് നബി (അ)ന്റെ ജനതക്കല്ലാത്ത മറ്റൊരു ജനതക്കും ഈ വിശേഷണത്തിന്നർഹരായില്ല. ഈ സത്യം ഉൾക്കൊള്ളുന്ന മഹത്തായ വചനം. ആ വചനം. ഉൾക്കൊള്ളുന്നതുകൊണ്ടാണ് ഈ അധ്യായത്തിന് സൂറത്ത് യൂനുസ് എന്ന പേർ വന്നത്.
സത്യവിശ്വാസത്തിലേക്ക് വന്നപ്പോൾ യൂനുസ് (അ)ന്റെ ജനതക്ക് അല്ലാഹു ﷻ സൗഖ്യവും ഐശ്വര്യവും നൽകി. ഈ അവസ്ഥ കുറെകാലം നിലനിന്നു. പിന്നെ എന്തുണ്ടായി? ഈസാ(അ) വരുന്നതിന്റെ എട്ട് നൂറ്റാണ്ട് മുമ്പുവരെ ഈ നില തുടർന്നു. അപ്പോഴേക്കും എത്രയോ തലമുറകൾ കടന്നുപോയിക്കഴിഞ്ഞിരുന്നു...
യൂനുസ് (അ)നെ കണ്ടവരുടെ കാലം കഴിഞ്ഞു. അവരെ കണ്ടവരുടെ കാലവും കഴിഞ്ഞു. പിന്നെയും തലമുറകൾ പലതു കടന്നുപോയി. പിന്നെ സത്യവിശ്വാസം നഷ്ടപ്പെട്ട തലമുറകളുടെ കാലം വന്നു. അതോടെ നേരത്തെ പറഞ്ഞ സൗഖ്യം നഷ്ടപ്പെടുകയും ചെയ്തു. യൂനുസ് (അ)ന്റെ തിരിച്ചുവരവിനുശേഷം വളരെ സജീവമായ ദീനീ പ്രവർത്തനമാണ് നീനവായിൽ നടന്നത്...
ശാന്തിയുടെയും സമാധാനത്തിന്റെയും കാലം എല്ലാ വിധ ഐശ്വര്യങ്ങളും കൈവന്നു. കാലം പിന്നെയും ഒഴികിപ്പോയി. നിരവധിയാളുകൾ മരിച്ചു പോയി. പുതിയ തലമുറ വളർന്നു വന്നു. അവർക്കൊരു നീതിമാനായ രാജാവിന്റെ ആവശ്യം വന്നു. യൂനുസ് (അ) തിരിച്ചു വന്നപ്പോൾ ആദ്യമായി കണ്ടുമുട്ടിയ ആട്ടിടയനെ ഓർക്കുമല്ലോ. ആ ആട്ടിടയനെ രാജാവായി വാഴിച്ചു. ആ സമൂഹത്തിന് നീതിമാനായ രാജാവിനെ കിട്ടി...
ഇസ്രാഈലികൾ വിമോചിതരായി. അവർക്ക് സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാമെന്നായി. പലരും ഫലസ്തീനിലേക്കു മടങ്ങിപ്പോയി. ചിലർ നീനവായിൽ തങ്ങി. രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്ക് വഹിച്ചു.
യൂനുസ് (അ) വാർദ്ധക്യത്തിലേക്ക് കടന്നു. രാഷ്ട്ര ഭരണവും ദീനീ പ്രവർത്തനങ്ങളുമെല്ലാം നല്ല നിലയിൽ നടന്നു വരുന്നു...
തനിക്ക് ഇബാദത്തിന് കൂടുതൽ സമയം വേണം. സയിഹൂൻ മലയിലേക്കു നീങ്ങാം. അവിടത്തെ വിജനമായ പ്രദേശത്ത് ആരാധനകൾ നിർവ്വഹിക്കാം. എഴുപത് അനുയായികൾ അദ്ദേഹത്തോടൊപ്പം മലയിലെത്തി. അല്ലാഹുﷻവിനെക്കുറിച്ചുള്ള ചിന്തയിൽ ലയിച്ചു പോയ ജീവിതം.
തന്റെ ജീവിത പാതയിലേക്ക് തിരിഞ്ഞുനോക്കാം. കുട്ടിക്കാലം ഉമ്മായുടെ സ്നേഹം നിറഞ്ഞ പരിചരണം. ഇല്യാസ് നബി(അ)തന്റെ കൊച്ചു വീട്ടിൽ വന്ന് താമസിച്ചത്. ഉമ്മായുടെ മരണം. തുടർന്നുള്ള ദുഃഖം നിറഞ്ഞ കാലഘട്ടം. പിന്നെ എന്തെല്ലാം അനുഭവങ്ങൾ. തനിക്കനുവദിക്കപ്പെട്ട ആയുസ്സ് തീരുകയാണ്. തന്റെ അന്നവും വെള്ളവും അവസാനിക്കുന്നു. മരണത്തിന്റെ മാലാഖയെത്തി.
മലമുകളിൽ വെച്ച് ആ ധന്യജീവിതത്തിന് അന്ത്യം കുറിച്ചു. യൂനുസ് (അ)ന്റെ നിശ്ചലമായ ശരീരം അനുയായികൾ ശേഷക്രിയകളെല്ലാം നന്നായി നിർവ്വഹിച്ചു. മലയിൽ ഖബർ നിർമ്മിച്ചു. പുണ്യ പ്രവാചകന്റെ ഭൗതിക ശരീരം മണ്ണിലേക്ക് താഴ്ന്നു. കാലം പിന്നെയും ഒഴുകി. യൂനുസ് (അ) അതിശയം വിതറുന്ന ഓർമ്മയായി മനുഷ്യ മനസ്സുകളിൽ നിലനിന്നു. അല്ലാഹു ﷻ അവന്റെ അനുഗ്രഹീത ദാസന്മാരിൽ നമ്മെ പെടുത്തിത്തരട്ടെ...!
ആമീൻ യാ റബ്ബൽ ആലമീൻ...☝????
യൂനുസ് (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ...☝????
യൂനുസ് നബി (അ)നും മറ്റു
ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
【 യൂനുസ് നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】