Wednesday - 22 April, 2026 4-Dhu al-Qadah-1447

പ്രകാശിത്തിലേക്ക് (1)

   നബിയും കുടുംബവും യാത്ര തുടരുകയാണ്. ദീർഘ യാത്ര കാരണം അവർ നന്നായി ക്ഷീണിച്ചിരിക്കുന്നു. വിശപ്പും ദാഹവുമുണ്ട്. എന്തെങ്കിലും കഴിക്കണം. എവിടെ കിട്ടാൻ അൽപം ആഹാരം...


 നീനവായുടെ സമീപത്തെത്തിക്കഴിഞ്ഞു. അവിടെ ഒരു ആട്ടിടയനെ കണ്ടു. "ഞങ്ങൾ വഴിയാത്രക്കാരാണ് നല്ല വിശപ്പുണ്ട്. കുറച്ചു പാൽ തന്ന് സഹായിക്കണം." യൂനുസ് (അ)പറഞ്ഞു. ആടിടയൻ അതിശയത്തോടെ അവരെ നോക്കി. 


"നിങ്ങൾ എവിടത്തുകാരാണ്?നിങ്ങൾക്കിവിടത്തെ കഥയൊന്നുമറിയില്ലേ..?" ആട്ടിടയൻ ചോദിച്ചു. 


"ഞങ്ങൾ ദൂരെ നാട്ടിൽ നിന്ന് വരികയാണ്. ഇവിടത്തെ കഥയൊന്നുമറിയില്ല. എന്താണിവിടെ വിശേഷം..?" 


"എന്നാൽ കേട്ടോളൂ. ഇന്നാട്ടിലെ ആടുകൾക്കൊന്നും പാലില്ല. യൂനുസ് നബി (അ) പിണങ്ങിപ്പോയ ശേഷം പാലില്ല. വറ്റിപ്പോയി."


യൂനുസ് (അ)എഴുന്നേറ്റു. ആടിന്റെ അടുത്തേക്കു ചെന്നു. അകിടിൽ തട്ടിക്കൊടുത്തു. അത്ഭുതം അകിട് നിറയെ പാൽ. ആട്ടിടയൻ ആഹ്ലാദത്തോടെ പാൽ കറന്നെടുത്തു. അതിഥികൾക്ക് നൽകി...


"താങ്കളാരാണ്? പറയൂ താങ്കൾ തന്നെയാണോ യൂനുസ് നബി(അ)..?"


"അതെ ഞാൻ തന്നെയാണ് യൂനുസ്." 


"പടച്ച തമ്പുരാനേ..! ഇതെന്തൊരാശ്ചര്യം ഈ നാട് മുഴുവൻ താങ്കളെ കാണാൻ കാത്തിരിക്കുകയാണ്. ഇന്ന് ആഹ്ലാദത്തിന്റെ ദിവസമാണ്. ഞാൻ വിളിച്ചു കൂവി ഈ സന്തോഷവാർത്ത എല്ലാവരേയും അറിയിക്കട്ടെയോ..?"


സമ്മതം കിട്ടി. ആട്ടിടയന്റെ ശബ്ദം ഉയർന്നു. "ജനങ്ങളേ.....! സന്തോഷിക്കുക സന്തോഷത്തിന്റെ ദിവസമാണിന്ന്. അല്ലാഹുﷻവിന്റെ ദൂതൻ യൂനുസ് എത്തിച്ചേർന്നിരിക്കുന്നു. നാം ആകാംഷയോടെ കാത്തിരുന്ന ജനനായകൻ ഇതാ സന്നിഹിതനായിരിക്കുന്നു." 


 തെരുവുകളിൽ നിന്ന് തെരുവുകളിലേക്ക് വാർത്ത ഒഴുകി. വളരെപ്പെട്ടെന്ന് നീനവ പട്ടണം ഞെട്ടിയുണർന്നു. യൂനുസ് നബി (അ) നെ സ്വീകരിക്കാൻ സജ്ജമായിക്കഴിഞ്ഞു. ചരിത്ര നിമിഷങ്ങൾ പിറന്നു. യൂനുസ് (അ) കുടുംബത്തോടൊപ്പം പട്ടണത്തിൽ പ്രവേശിച്ചു...


 നാട്ടിനെന്ത് മാറ്റം സംഭവിച്ചിരിക്കുന്നു. ധിക്കാരികളില്ല. പഴയ ധിക്കാരികൾ ഇന്ന് വിനയാന്വിതരാണ്. എല്ലാവരും ഭക്തന്മാർ. അനുസരണശീലർ. യൂനുസ് (അ)നെ സ്വീകരിക്കാൻ രാജാവ് തന്നെ വന്നു. രാജാവും ജനനേതാക്കളും നബിയെ കണ്ടു. സലാം ചൊല്ലി. സ്വാഗതമോതി. പട്ടണത്തിലേക്ക് സ്വാഗതം...


 അല്ലാഹുﷻവിന്റെ അപാരമായ അനുഗ്രഹങ്ങളെക്കുറിച്ച് സംസാരിച്ചു. തന്റെ ആഗമനം വിളിച്ചറിയിച്ച ആട്ടിടയനെ ഉന്നത സ്ഥാനം നൽകി സ്വീകരിച്ചു. പിൽക്കാലത്ത് അദ്ദേഹം അവരുടെ നേതാവായിത്തീർന്നു...


 യൂനുസ് (അ) ആ ജനതയെ സന്മാർഗത്തിലേക്കു നയിച്ചു. നീനവ ജനസംഖ്യ കൂടിയ പട്ടണമാണ്. അവരുടെ ജനസംഖ്യ ഒരു ലക്ഷമോ അതിൽ കൂടുതലോ ആയിരുന്നുവെന്ന് ഖുർആൻ പറയുന്നു. സൂറത്തു സ്വാഫാത്തിൽ ഇങ്ങനെ കാണാം: "ഒരു ലക്ഷം അല്ലെങ്കിൽ അതിൽ കൂടുതൽ വരുന്ന ജനങ്ങളിലേക്ക് അദ്ദേഹത്തെ നാം അയക്കുകയും ചെയ്തു." (37:147) 


"അവർ വിശ്വസിച്ചു അങ്ങനെ അവർക്ക് കുറെ കാലത്തോളം നാം സുഖജീവിതം നൽകുകയും ചെയ്തു." (37:148) 


 അക്കാലത്തെ പട്ടണങ്ങളിൽ ഉന്നത സ്ഥാനമുള്ളതായിരുന്നു നീനവാ പട്ടണം. കാരണം അവിടത്തെ ജനസംഖ്യ ഒരു ലക്ഷത്തിലേറെയായിരുന്നു. അവർ മുസ്ലിംകളുമായിരുന്നു. ഒരു പ്രവാചകന്റെ കീഴിൽ അല്ലാഹുﷻവിന്റെ കൽപനകൾ അനുസരിച്ചു ജീവിക്കുന്ന ജനത...


 അല്ലാഹു ﷻ അവർക്ക് ശാന്തിയും, സമാധാനവും സകലവിധ തരത്തിലുള്ള ഐശ്വര്യങ്ങളും നൽകി. സുഖകരമായ ജീവിതം. ഈ അവസ്ഥ വളരെക്കാലം നിലനിൽക്കുകയും ചെയ്തു...