Thursday - 23 April, 2026 5-Dhu al-Qadah-1447

പ്രകാശത്തിലേക്ക് (2)

   അക്കാലത്തെ പട്ടണങ്ങളിൽ ഉന്നത സ്ഥാനമുള്ളതായിരുന്നു നീനവാ പട്ടണം. കാരണം അവിടത്തെ ജനസംഖ്യ ഒരു ലക്ഷത്തിലേറെയായിരുന്നു. അവർ മുസ്ലിംകളുമായിരുന്നു. ഒരു പ്രവാചകന്റെ കീഴിൽ അല്ലാഹുﷻവിന്റെ കൽപനകൾ അനുസരിച്ചു ജീവിക്കുന്ന ജനത. അല്ലാഹു ﷻ അവർക്ക് ശാന്തിയും, സമാധാനവും സകലവിധ തരത്തിലുള്ള ഐശ്വര്യങ്ങളും നൽകി. സുഖകരമായ ജീവിതം. ഈ അവസ്ഥ വളരെക്കാലം നിലനിൽക്കുകയും ചെയ്തു... 


 ഈ അവസ്ഥ ചരിത്രത്തിലെ ഒരത്ഭുതം തന്നെയായിരുന്നു. ശിക്ഷകൊണ്ട് താക്കീത് നൽകപ്പെട്ട ഒരു ജനത നന്നായിത്തീരുക. ശിക്ഷ നീക്കപ്പെടുക. യൂനുസ് (അ) അവർക്കെതിരായി നിലപാട് സ്വീകരിച്ചതാണ്. അങ്ങനെയാണ് നാട് വിട്ടുപോയത്. മത്സ്യത്തിന്റെ വയറ്റിൽ വെച്ച് ഖേദിച്ചു മടങ്ങി. വല്ലാതെ പശ്ചാത്തപിച്ചു. പശ്ചാത്താപത്തിന്റെ കടുപ്പം കാരണം അല്ലാഹു ﷻ അത് സ്വീകരിച്ചു. ഉന്നത സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു...


 അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ ﷺ തങ്ങൾക്ക് അല്ലാഹു ﷻ ഈ സംഭവങ്ങളെല്ലാം അറിയിച്ചു കൊടുത്തു. നബിﷺതങ്ങൾ ശത്രുക്കളിൽ നിന്ന് പലതരം പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലമായിരുന്നു. അത് എന്ത് പ്രയാസങ്ങൾ നേരിടേണ്ടിവന്നാലും ക്ഷമിക്കണം. പിണങ്ങിപ്പോവരുത്. താങ്കൾ ആ മത്സ്യത്തിന്റെ ആളെപ്പോലെയാവരുത്. എന്നായിരുന്നു അല്ലാഹുﷻവിന്റെ ഉപദേശം... 


 സൂറത്തുൽ ഖലം നോക്കിയാൽ ഇങ്ങനെ കാണാം : "നബിയേ... താങ്കൾ താങ്കളുടെ റബ്ബിന്റെ വിധിക്ക് ക്ഷമിച്ചുകൊള്ളുക. താങ്കൾ മത്സ്യത്തിന്റെ ആളെപ്പോലെയാവരുത് അദ്ദേഹം കോപം നിറഞ്ഞ അവസ്ഥയിൽ വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം." (68:48) 


 യൂനുസ് നബി (അ) കോപത്തോടെ തന്റെ ജനതക്കെതിരായി പ്രാർത്ഥിച്ചു. അങ്ങനെ താങ്കൾ ചെയ്യരുതെന്നാണ് ഉപദേശം. പിന്നീട് അല്ലാഹുﷻവിന്റെ കാരുണ്യം കാരണം യൂനുസ് (അ) രക്ഷപ്പെട്ടു. അല്ലാഹുﷻവിന്റെ കാരുണ്യം ലഭിച്ചിരുന്നില്ലെങ്കിലോ? എങ്കിൽ നഷ്ടപ്പെട്ടത് തന്നെ. പാഴ്ഭൂമിയിൽ തള്ളപ്പെടുമായിരുന്നു. പറ്റെ അവഗണിക്കപ്പെടുമായിരുന്നു. 


 വിശുദ്ധ ഖുർആൻ തന്നെ അക്കാര്യം പറയുന്നുണ്ട്. "തന്റെ റബ്ബിൽ നിന്നുള്ള ഒരു മഹത്തായ അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുക്കുകയുണ്ടായിട്ടില്ലായിരുന്നുവെങ്കിൽ അദ്ദേഹം പാഴ്ഭൂമിയിൽ ആക്ഷേപിക്കപ്പെട്ടവനായി പുറംതള്ളപ്പെടുമായിരുന്നു." (68:49) 


 ജനങ്ങളുടെ ദുഷ്ചെയ്തികൾ കണ്ട് മനസ് വെറുത്ത് സ്ഥലം വിട്ടു കളയരുതെന്ന് നബിﷺതങ്ങളെ ഉപദേശിച്ച ശേഷം അല്ലാഹു ﷻ യൂനുസ് നബി(അ)ന്റെ അവസ്ഥ പറഞ്ഞുകൊടുക്കുകയാണ്. അല്ലാഹുﷻവിന്റെ പ്രത്യേകമായ അനുഗ്രഹം കൊണ്ടാണ് യൂനുസ് (അ)രക്ഷപ്പെട്ടത്. അല്ലാഹുﷻവിന്റെ പ്രത്യേക അനുഗ്രഹം അദ്ദേഹത്തിന് ലഭിച്ചിട്ടില്ലായിരുന്നുവെങ്കിൽ ആക്ഷേപിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുമായിരുന്നു. 


 പശ്ചാത്താപം അദ്ദേഹത്തെ രക്ഷപ്പെടുത്തി. പാപങ്ങൾ സംഭവിച്ചു പോയാൽ പശ്ചാത്തപിക്കണം. നിഷ്കളങ്കമായ പശ്ചാത്താപം. ചെയ്തു പോയ പാപങ്ങൾ ഏറ്റു പറയുകയും മാപ്പിന്നപേക്ഷിക്കുകയും ചെയ്യുന്നവരെ അല്ലാഹു ﷻ കൈവെടിയുകയില്ല. കാരണം അവൻ പരമ കാരുണികനും കരുണാനിധിയുമാകുന്നു. പശ്ചാത്തപിക്കുന്നവർക്ക് പൊറുത്തു കൊടുക്കൽ അവന്റെ ശ്രേഷ്ഠ ഗുണമാകുന്നു. ഈ പാഠവും നാം ഇവിടെ പഠിക്കുന്നു... 


 വിശുദ്ധ ഖുർആൻ യൂനുസ് നബി(അ)ന്റെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടതിന് ശേഷമുള്ള അവസ്ഥ വിവരിക്കുന്നതിങ്ങനെയാകുന്നു.  "അദ്ദേഹത്തിന്റെ റബ്ബ് അദ്ദേഹത്തെ നല്ലവനായി തിരഞ്ഞെടുത്തു. എന്നിട്ട് അദ്ദേഹത്തെ സ്വാലിഹീങ്ങളുടെ (സദ് വൃത്തരുടെ) കൂട്ടത്തിൽ ആക്കുകയും ചെയ്തു." (68:50) നിഷ്കളങ്കമായ പശ്ചാത്താപത്തിന് ലഭിക്കുന്ന മഹത്തായ പ്രതിഫലമാണ് നാമിവിടെ കാണുന്നത്. 


 ഉപേക്ഷിച്ചുപോന്ന ജനങ്ങളിലേക്ക് വീണ്ടും ചെല്ലാനവസരം സിദ്ധിക്കുക. പ്രബോധനം രണ്ടാം തവണയും നടത്തുക. ഇതൊരു അപൂർവ്വ സംഭവമാണ് എന്നല്ല. അപൂർവ്വതയിൽ അപൂർവ്വമാണ്. ചരിത്രം നമ്മെ അങ്ങനെയാണ് പഠിപ്പിക്കുന്നത്. പ്രവാചകന്മാർക്ക് പ്രബോധനത്തിന് ഒരു ഘട്ടമാണ് ലഭിക്കുക. പ്രബോധനം സിദ്ധിച്ചവർ രക്ഷപ്പെട്ടു. ധിക്കാരത്തോടെ അവഗണിച്ചവർ പരാജയപ്പെട്ടു. പിന്നെ ശിക്ഷ വരികയായി. നാശമായി. മറ്റൊരു സമൂഹത്തിന്റെ വരവായി. ഇവിടെ അതല്ല സംഭവിച്ചത്. നബി നാട് വിട്ടുപോയതിനുശേഷം ജനങ്ങൾ നന്നായിത്തീർന്നു. 


 ആ ജനതയിലേക്ക് യൂനുസ് (അ)വീണ്ടും വന്നു. പ്രബോധനം നടത്തി. ഇത് അത്യപൂർവ്വ സംഭവം തന്നെയാണ്. ഈ വചനത്തിന് ശേഷം നബി ﷺ തങ്ങളോട് അല്ലാഹു ﷻ എന്താണ് പറയുന്നതെന്ന് നോക്കാം. "വിശ്വസിക്കാത്തവർ വിശുദ്ധ ഖുർആൻ കേൾക്കുന്ന അവസരത്തിൽ അവരുടെ ദൃഷ്ടികൾ പതിപ്പിച്ചുകൊണ്ട് താങ്കളെ അവർ ഇടറി വീഴുമാറാക്കുക തന്നെ ചെയ്യുന്നു. അവർ പറയുകയും ചെയ്യുന്നു :നിശ്ചയമായും ഇവൻ ഒരു ഭ്രന്തൻ തന്നെ." (68:51)


"ഖുർആൻ ആകട്ടെ ലോകർക്കുള്ള പൊതുവായ ഉൽബോധമല്ലാതെ മറ്റൊന്നുമല്ലതാനും." (68:52) 


 വിശുദ്ധ ഖുർആൻ വചനങ്ങൾ കേട്ടപ്പോൾ സത്യവിശ്വാസ നിഷേധികളിൽ കണ്ട കോപവും, വിരോധവും, ശത്രുതയുമാണ് ഇവിടെ വ്യക്തമ


ായി കാണുന്നത്. വിശുദ്ധ ഖുർആൻ മനുഷ്യരാശിക്ക് മുഴുവനുള്ള ഉൽബോധനമാകുന്നു. അതിൽ മനുഷ്യന്റെ സകല പുരോഗതിക്കുമുള്ള നിർദേശങ്ങളാണുള്ളത്. എന്നിട്ടും ശത്രുത തന്നെ. പ്രവാചകനെ ഭ്രാന്തനെന്ന് വിളിക്കാനുള്ള ധിക്കാരം കാട്ടി.