Wednesday - 22 April, 2026 4-Dhu al-Qadah-1447

വിയോഗവും തിരിച്ചുവരവും (1)

   മാനം മുട്ടെ ഉയർന്നു നിൽക്കുന്ന മല. 

മല നിറയെ പാറക്കൂട്ടങ്ങളും കാടും. കാട്ടിൽ കാട്ടു ജന്തുക്കൾ. ഒളിച്ചിരിക്കാൻ പറ്റിയ പൊത്തുകളും ഗുഹകളും. ഇല്യാസ് നബി (അ) പെട്ടെന്ന് ജനദൃഷ്ടിയിൽ നിന്ന്‌ മറഞ്ഞു. എങ്ങോട്ട് പോയെന്ന് ആർക്കുമറിയില്ല. മലമുകളിലെ ഗുഹയിലാണ് താമസം. രാജാവിന്റെ കൽപന പ്രകാരം പട്ടാളം എല്ലാ പ്രദേശങ്ങളും അരിച്ചു പെറുക്കി നോക്കി. ഒരിടത്തുമില്ല... 


 വളരെ ചുരുങ്ങിയ അനുയായികൾ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അവർക്ക്‌ തന്നെ നബിയെ സൗകര്യമായി കാണാൻ കഴിഞ്ഞിരുന്നില്ല. ഇല്യാസ് നബി (അ) ഗുഹയിൽ വർഷങ്ങളോളം താമസിച്ചു. താമസം മടുത്തു. ഒന്നു പുത്തിറങ്ങാൻ മോഹം...


 പട്ടാളം ചുറ്റി നടക്കുകയാണ്. കണ്ടാൽ വിടില്ല. പിടി കൂടും. വധിക്കും. ഇല്യാസ് നബി (അ) പുറത്തിറങ്ങി. രഹസ്യമായി നടന്നു. ഒരു പ്രത്യേക വീട് ലക്ഷ്യമാക്കി നടന്നു. പാറക്കെട്ടുകളും, കുറ്റിക്കാടുകളും കടന്ന് കാൽനട യാത്ര തുടർന്നു. ഒരു  കൊച്ചു വീടിന്റെ മുമ്പിലെത്തി. വീട്ടിൽ ഒരു ഉമ്മയും കുഞ്ഞും മാത്രം. വാർദ്ധക്യം എത്തിയ ഉമ്മ. മുലകുടി പ്രായത്തിലുള്ള കുഞ്ഞ്. 

ഇല്യാസ് നബി (അ) ന്റെ സാന്നിധ്യമറിഞ്ഞു. ഉമ്മ വാതിൽ തുറന്നു. നബി അകത്ത് കടന്നു. വൃദ്ധ നബിയെ തിരിച്ചറിഞ്ഞു സ്വീകരിച്ചു. നബി ആഗമനോദ്ദേശ്യം അറിയിച്ചു: "കുറച്ച് കാലം ഇവിടെ ഒളിച്ചു താമസിക്കണം. കാട്ടിലെ ജിവിതം വയ്യാതായി."


 ആ കുടിലിൽ ദാരിദ്ര്യം കൊടികുത്തി വാഴുകയായിരുന്നു. ഇല്യാസ് (അ) വന്നതോടെ പ്രയാസങ്ങൾ നീങ്ങി. ശാന്തമായ ജീവിതം. മാസങ്ങൾ കടന്നു പോയി. ആറ് മാസക്കാലം അവിടെ ഒളിച്ചു താമസിച്ചു. മലയുടെ വിശാലതയിലേക്ക് മടങ്ങാം. ഇവിടെ ഇനിയും താമസിച്ചാൽ ആരെങ്കിലുമറിയും. രഹസ്യം പുറത്താവും. കുഴപ്പമാവും. 

"ഞാൻ കാട്ടിലേക്ക് തന്നെ മടങ്ങുകയാണ്. ഇനിയും ഇവിടെ തങ്ങിയാൽ ബുദ്ധിമുട്ടാവും." വൃദ്ധയുടെ മുഖം വാടി. മുഖത്ത് സങ്കടം പ്രകടമായിത്തുടങ്ങി.         


"എന്നോട് ക്ഷമിച്ചാലും. വല്ല അബദ്ധവും പറ്റിയിട്ടുണ്ടെങ്കിൽ മാപ്പാക്കണം." അവർ വേദനയോടെ പറഞ്ഞു. 


"നിങ്ങളുടെ സേവനങ്ങൾക്ക് അല്ലാഹു ﷻ പ്രതിഫലം നൽകട്ടെ..!"


 ഒരു പ്രവാചകൻ അല്ലാഹുﷻവിന്റെ കൽപന പ്രകാരമാണ് ഓരോ കാര്യങ്ങളും നിർവ്വഹിക്കുകയെന്ന് അവർക്കറിയാം.   ഇത്രയും കാലം ഇവിടെ വന്ന് താമസിക്കണമെന്ന് കൽപന കിട്ടിയപ്പോൾ വന്നു താമസിച്ചു. കാട്ടിലേക്ക് പോവാൻ കൽപന വന്നപ്പോൾ തിരിച്ചു പോവുന്നു. പ്രവാചകനിൽ നിന്ന് കിട്ടിയ ഉപദേശങ്ങൾ. 

സന്മാർഗ്ഗത്തിലേക്കുള്ള വഴി നടത്തൽ. എല്ലാം തനിക്ക് കിട്ടിയ സൗഭാഗ്യങ്ങൾ... 


 തന്റെ പൊന്നുമോൻ യൂനുസ് എന്ന കുഞ്ഞ്. നബിക്ക് വളരെ ഇഷ്ടമായിരുന്നു. ഇല്യാസ് (അ) യാത്ര പറഞ്ഞിറങ്ങി. വിജനമായ മലമ്പാതയിലൂടെ വേഗത്തിൽ നടന്നു പോയി. പ്രവാചകനെ ഇപ്പോൾ കാണാനില്ല. കണ്ണിൽ നിന്ന് അപ്രത്യക്ഷനായിരിക്കുന്നു...


 ഉമ്മയും കുഞ്ഞും. അവരുടെ കൊച്ചു ലോകം..! ഈ കുഞ്ഞിനെ ലാളിക്കുക, പരിചരിക്കുക, നന്നായി വളർത്തിയെടുക്കുക. അതിനു വേണ്ടിയാണ് ഈ ജീവിതം.

ഉമ്മ വലിയൊരു പരീക്ഷണം നേരിടാൻ പോവുകയാണ്..!


 അല്ലാഹു ﷻ നൽകിയ സമ്മാനമാണ് ഈ പൊന്നുമോൻ. അതിനെ അല്ലാഹു ﷻ തിരിച്ചെടുക്കുകയാണ്. അങ്ങനെ സംഭവിക്കാൻ പോവുന്നുവെന്ന് ഉമ്മക്കറിയില്ല. ദിവസങ്ങൾ കടന്നു പോയി. കുഞ്ഞിന് നല്ല ക്ഷീണം. രോഗം വന്നു അവശനായി. ഉമ്മ മാനോവേദനയാൽ  തളർന്നു. ഊണും ഉറക്കവും മറന്നു. കിട്ടാവുന്ന ചികിത്സയൊക്കെ നൽകി. പുലരുവോളം കുഞ്ഞിന്റെ രോഗശയ്യക്കരികിൽ ഉറങ്ങാതെ കാത്തിരുന്നു. കുഞ്ഞിന്റെ കൺപോളകൾ അടഞ്ഞുപോയി. ശ്വാസം നിലച്ചു. കൊച്ചു ശരീരം നിശ്ചലമായി...


 കുഞ്ഞ് മരണപ്പെട്ടിരിക്കുന്നു..! 

കുഞ്ഞിനെ കൈവെടിയാനായില്ല. കുഞ്ഞിന്റെ ജീവൻ തിരികെ കിട്ടണം. 

അല്ലാഹുവേ..! എന്റെ മോനെ തിരിച്ചു തരൂ. എത്ര കരഞ്ഞു പ്രാർത്ഥിച്ചിട്ടും കുഞ്ഞ് കണ്ണ് തുറന്നില്ല... 


 നബിയെ കാണണം. ഇല്യാസ് നബി (അ) നെ കണ്ടുപിടിക്കണം. പ്രാർത്ഥിക്കാൻ നിർബന്ധിക്കണം. നബി പ്രാർത്ഥിച്ചാൽ ഫലമുണ്ടാവും.

പക്ഷെ.., 

നബി എവിടെ..?