ആയിരക്കണക്കായ തടവുകാരെ കിട്ടിയാൽ അവരെക്കൊണ്ട് എന്തെല്ലാം പണികൾ ചെയ്യിക്കാം. കാലികളെ മേയ്ക്കാൻ ധാരാളം പേരെ വേണം. വീടുകളിലെ ശുചീകരണത്തിനും അടുക്കളപ്പണിക്കും ആളുകളെ വേണം. കൃഷിപ്പണിക്കും ആളെ വേണം. കൊട്ടാര കാര്യങ്ങൾ നോക്കാൻ തന്നെ എത്ര പേർ വേണം. ഇസ്രയേല്യരെ അടിമകളാക്കുക. എങ്കിൽ ഇതൊക്കെ നടക്കും. മനസ്സിൽ മോഹം വളർന്നു.
സൈനിക സജ്ജീകരണങ്ങൾ ഒരുങ്ങുകയായി. എല്ലാ കുടുംബക്കാരും അതിൽ പങ്കാളികളായി. വമ്പിച്ച സൈന്യം പുറപ്പെട്ടു. അവർ ഫലസ്തീനിലെത്തി. ക്രൂരമായ അക്രമണങ്ങൾ അഴിച്ചു വിട്ടു.
എല്ലാ ഭാഗത്തും കൊള്ള നടന്നു. ഫലസ്തീനിലെ ജനങ്ങൾക്ക് അവരെ പ്രതിരോധിക്കാനായില്ല. ഇസ്രായേല്യരെ കൂട്ടത്തോടെ തടവിലാക്കി. ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും തടവുകാരായി. അവരെ നീനവയിലേക്ക് കൊണ്ടു പോയി. ഫലസ്തീനിൽ കൃഷി ചെയ്തും സ്വത്തു വകകൾ നോക്കിയും സുഖമായി ജീവിച്ചവർ അടിമപ്പണി ചെയ്യാൻ നിർബന്ധിതരായി...
അവരുടെ ആഗമനത്തോടെ നീനവയിൽ കൃഷിയും തൊഴിൽ രംഗവും അഭിവൃദ്ധിപ്പെട്ടു. മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെട്ടു. അശരണരുടെ ഗദ്ഗദം അവഗണിക്കപ്പെട്ടു. നാട്ടിൽ ബിംബാരാധന ശക്തിപ്പെട്ടു.
എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞു നൽകിയ കാരുണ്യവാനായ അല്ലാഹുﷻവിനെ അവർ മറന്നു. ബിംബങ്ങളെ പൂജിച്ചു. ഒരു പ്രവാചകന്റെ സാന്നിധ്യം അനിവാര്യമായി. അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കണം. തിന്മകൾ നിരോധിക്കണം. അതിന്നൊരു പ്രവാചകൻ വരണം. സമയമായപ്പോൾ അല്ലാഹു ﷻ നീനവയിലേക്ക് ഒരു പ്രവാചകനെ നിയോഗിച്ചു. ആ പ്രവാചകൻ യൂനുസ് നബി (അ) ആയിരുന്നു...
യൂസുഫ് നബി (അ) ന്റെ സഹോദരൻ ബിൻയാമിന്റെ സന്താന പരമ്പരയിലാണ് യൂനുസ് നബി (അ) ജനിച്ചത്. ആ സമൂഹത്തിലെ ഉന്നത വ്യക്തിയായിരുന്നു മത്താ. മത്തായുടെ മകനാണ് യൂനുസ് നബി (അ). മത്തായും ഭാര്യയും പ്രായം ചെന്ന കാലത്താണ് അവർക്ക് യൂനുസ് എന്ന കുഞ്ഞ് ജനിക്കുന്നത്...
ഇല്യാസ് നബി (അ) ജീവിച്ചിരിക്കുന്ന കാലമാണ്. രാജാവ് ഇല്യാസ് നബി (അ) നെ വധിക്കാൻ വേണ്ടി കല്‍പ്പന പുറപ്പെടുവിച്ചിരിക്കുന്നു. രാജാവും പ്രജകളും ആരാധിക്കുന്ന ഒരു വലിയ വിഗ്രഹമുണ്ട്. വിഗ്രഹാരാധന പാടില്ലെന്നും, അല്ലാഹുﷻവിനെ ആരാധിക്കണമെന്നും ഇല്യാസ് നബി (അ) രാജാവിനെയും ജനങ്ങളെയും ഉപദേശിച്ചു. അതോടെ രാജാവും കൂട്ടരും. ഇല്യാസ് നബി (അ) ന്റെ ശത്രുക്കളായിത്തീർന്നു...
ശപിക്കപ്പെട്ട ഇബ്ലീസ് ബിംബത്തിനകത്ത് കയറിയിരുന്ന് ചില ശബ്ദങ്ങൾ പുറപ്പെടുവിക്കും. ആ ശബ്ദങ്ങൾ കേട്ട് വ്യാഖ്യാനം നൽകാൻ കുറേയാളുകളെ രാജാവ് നിയോഗിച്ചിട്ടുണ്ട്. രാജാവും പ്രജകളും ചെയ്യേണ്ട കാര്യങ്ങൾ കൽപിക്കുകയാണ് ബിംബം. വ്യാഖ്യാതാക്കൾ അങ്ങനെ വിശ്വസിപ്പിച്ചു. ബിംബം പുതിയൊരു കൽപന പുറപ്പെടുവിച്ചിരിക്കുന്നു. സംഗതി ഒരു ശബ്ദം മാത്രം. അതിന് നൽകപ്പെട്ട വ്യാഖ്യാനം ഇങ്ങനെയാകുന്നു. ഇല്യാസിനെ വധിക്കുക. ദൈവത്തെ സന്തോഷിപ്പിക്കുക. രാജാവ് ഉടനെ കൽപന പുറപ്പെടുവിച്ചു...
ദൈവത്തെ സന്തോഷിപ്പിക്കണം. അതിന് ഇല്യാസിനെ വധിക്കുക. ഭടന്മാർ ഉടനെ പുറപ്പെട്ടു. ദൈവത്തെ പ്രസാദിപ്പിച്ചാൽ പല നേട്ടങ്ങളുണ്ട്. ദൈവ കോപം വന്നാൽ അപകടമാണ്...
ദൈവത്തെ സന്തോഷിപ്പിക്കാൻ ഭടന്മാരും നാട്ടുകാരും രംഗത്തിറങ്ങി. എല്ലാവരും ഇല്യാസ് നബി (അ) നെ അന്വേഷിക്കുകയാണ്...