Wednesday - 22 April, 2026 4-Dhu al-Qadah-1447

വിയോഗവും തിരിച്ചുവരവും (2)

  കുഞ്ഞ് മരണപ്പെട്ടിരിക്കുന്നു..! 

കുഞ്ഞിനെ കൈവെടിയാനായില്ല. കുഞ്ഞിന്റെ ജീവൻ തിരികെ കിട്ടണം. 

അല്ലാഹുവേ..! എന്റെ മോനെ തിരിച്ചു തരൂ... എത്ര കരഞ്ഞു പ്രാർത്ഥിച്ചിട്ടും കുഞ്ഞ് കണ്ണ് തുറന്നില്ല... നബിയെ കാണണം. ഇല്യാസ് നബി (അ) നെ കണ്ടുപിടിക്കണം. പ്രാർത്ഥിക്കാൻ നിർബന്ധിക്കണം. നബി പ്രാർത്ഥിച്ചാൽ ഫലമുണ്ടാവും.

പക്ഷെ.., നബി എവിടെ..?


 എവിടെപ്പോയി കണ്ടുപിടിക്കും..? 

വയ്യാ... പോവാതിരിക്കാൻ വയ്യ..! കുഞ്ഞിന്റെ മയ്യിത്തിന് കാവലിരിക്കാൻ ബന്ധുക്കളുണ്ട്. താൻ നബിയെ അന്വേഷിച്ചു പുറപ്പെടട്ടെ. ഉമ്മയുടെ വെപ്രാളം നിറഞ്ഞ പുറപ്പാട്. തുടികൊട്ടുന്ന പെൺമനസ്സ്. ഇടറുന്ന പാദങ്ങളിൽ ഓടുന്ന ഉമ്മ...


 "എന്റെ റബ്ബേ...! നിന്റെ നബിയെ എന്റെ കണ്ണിൽ കാണിച്ചു തരേണമേ...!" എന്തൊരു ബദ്ധപ്പാട്..! വനാന്തരത്തിലൂടെ ഓടി. പാറക്കെട്ടുകൾ കയറി. വിയർത്തു കുളിച്ചു. ക്ഷീണിച്ചു. അവശയായി. അല്ലാഹുﷻവിന്റെ കാരുണ്യം..! അതാ നിൽക്കുന്നു ഇല്യാസ് നബി (അ)...


 കണ്ണീരിൽ കുതിർന്ന അഭ്യർത്ഥന. "അല്ലാഹുﷻവിന്റെ നബിയേ...! എന്റെ കുഞ്ഞ് മരിച്ചു പോയി. അവനെ മടക്കിത്തരാൻ റബ്ബിനോട് പ്രാർത്ഥിക്കൂ..."


 ഇല്യാസ് നബി (അ) ധൃതിയിൽ നടന്നു. മലയിറങ്ങി വന്നു. കുഞ്ഞ് മരണപ്പെട്ടിട്ട് പതിനാലാം ദിവസം. അന്ന് ഇല്യാസ് നബി (അ) കുഞ്ഞിന് സമീപത്തെത്തി. വുളൂഅ്‌ എടുത്തു. നിസ്കരിച്ചു. അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. അപ്പോൾ അത്ഭുതം സംഭവിച്ചു..! ഉമ്മ ഇമ വെട്ടാതെ നോക്കി നിൽക്കുന്നു. കുഞ്ഞിന്റെ അടഞ്ഞു പോയ കണ്ണുകൾ തുറന്നു..! 


 കൊച്ചു മാറിടം ഉയരാനും താഴാനും തുടങ്ങി. നാഡികൾ സ്പന്ദിച്ചു.

അല്ലാഹുﷻവിനു സ്തുതി.

"അല്‍ഹംദുലില്ലാഹ് ...☝????"


 വല്ലാത്തൊരാവേശത്തോടെ ഉമ്മ കുഞ്ഞിനെ വാരിയെടുത്തു. കവിളുകളിൽ ചുംബിച്ചു. 

കാരുണ്യവാനായ റബ്ബ് തന്റെ കുഞ്ഞിനെ തിരിച്ചുതന്നു. അൽഹംദുലില്ലാഹ്...☝????


 ഇല്യാസ് നബി (അ) വീണ്ടും കാട്ടിലേക്ക് യാത്രയായി. കാലങ്ങൾ കടന്നുപോയി. യൂനുസ് എന്ന കുഞ്ഞ് വളർന്നുവന്നു. യൗവ്വനം വിരുന്നുവന്നു. ആരോഗ്യവാനായ ചെറുപ്പക്കാരൻ. പാകതയും പക്വതയും കൈവന്നു. 

അപ്പോൾ അല്ലാഹു ﷻ യൂനുസിനെ നബിയായി നിയോഗിച്ചു. 


  നീനവയിലെ പ്രവാചകൻ .


 യൂനുസ് നബി (അ) നീനവയിലെ രാജാവിനെയും ജനങ്ങളെയും അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്ക് ക്ഷണിച്ചു...


 "ഓ... ജനങ്ങളെ..! സൃഷ്ടാവായ അല്ലാഹുﷻവിനെ അനുസരിച്ചു ജീവിക്കുക. അവൻ കണക്കില്ലാത്ത അനുഗ്രങ്ങളാണ് നൽകിയിരിക്കുന്നത്. അവനോട് നിങ്ങൾ നന്ദിയുള്ളവരാവുക."


 യൂനുസ് നബി (അ) ന്റെ ശബ്ദം എല്ലാ ഭാഗത്തും മുഴങ്ങി... ബിംബാരാധന അവസാനിപ്പിക്കാനും ഏകനായ അല്ലാഹുﷻവിലേക്ക് മടങ്ങാനും ആഹ്വാനം ചെയ്തു. ആര് ചെവി കൊള്ളാൻ. അവർ നന്ദികേട് കാണിച്ചു. ഉപദേശം ചെവികൊണ്ടില്ല. എത്ര നന്നായി ഉപദേശിച്ചിട്ടും ഫലം കണ്ടില്ല. എവിടെച്ചെന്നാലും നിരാശയാണ് ഫലം. താൻ പറയുന്ന  കാര്യം ആരും പരിഗണിക്കുന്നില്ല. അതിനെപ്പറ്റി ചിന്തിക്കുന്നില്ലാ. കടുത്ത നിരാശ തന്നെ...


 യൂനുസ് നബി (അ) ന്റെ ഭാര്യയോടും രണ്ട് പുത്രന്മാരോടും കൂടിയാണ് അവിടെ താമസിക്കുന്നത്. ഭാര്യ ഭർത്താവിനെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

അല്ലാഹുﷻവിന്റെ സഹായം എപ്പോഴും തങ്ങളോടൊപ്പമുണ്ടാകുമെന്നവർക്കറിയാം. കാലം നീങ്ങി. ഉപദേശം തുടർന്നു. വിശ്വസിച്ചവർ വളരെ ചുരുക്കം മാത്രം. 


 യൂനുസ് (അ) നീനവയെ വെറുത്തു. അന്നാട്ടുകാരെ നന്നാക്കാനാവില്ല എന്ന് മനസ്സിലായി.

കുടുംബസമേതം ആ നാട് വിട്ടു പോകാൻ തീരുമാനിച്ചു. തന്റെ ഉപദേശം സ്വീകരിച്ചില്ലെങ്കിൽ അല്ലാഹുﷻവിന്റെ ശിക്ഷ വന്നു ഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകി. അതും അവർ പരിഹസിച്ചു തള്ളി.

ഒരു ദിവസം യൂനുസ് നബി (അ) കുടുംബത്തോടൊപ്പം നാട് വിട്ട് പോയി...


 പിറ്റേന്ന് മുതൽ ഒരിടത്തും നബിയുടെ ശബ്ദം കേട്ടില്ല. ആളുകൾ അന്വേഷിച്ചുമില്ല...