Wednesday - 22 April, 2026 4-Dhu al-Qadah-1447

തസ്ബീഹ്

   കടലിന്റെ ലക്ഷണം കണ്ടിട്ടാണ് കപ്പിത്താൻ സംസാരിച്ചത്. യജമാനന്റെ സമ്മതമില്ലാതെ ഒളിച്ചോടിപ്പോന്ന ഒരടിമ ഈ കപ്പലിലുണ്ട്. അതാണ് ആപത്ത് വരാൻ കാരണം. യൂനുസ് (അ) ആ വാക്കുകൾ കേട്ടു. അദ്ദേഹം ഇങ്ങനെ വിളിച്ചു പറഞ്ഞു: "ഞാൻ തന്നെയാണ് ആ അടിമ. യജമാനനായ റബ്ബിന്റെ കൽപനയില്ലാതെ ഓടിപ്പോന്നത് ഞാനാണ്. എന്നെ കടലിൽ ഏറിയുക. എന്നിട്ട് നിങ്ങൾ രക്ഷപ്പെട്ടുകൊള്ളൂ..." 


"താങ്കളൊരു മാന്യനാണ്. മുഖം കണ്ടാലറിയാം. താങ്കളെ ഞങ്ങൾ കടലിൽ എറിയില്ല. മറ്റാരെങ്കിലുമാവും കുറ്റവാളി." കപ്പിത്താൻ അങ്ങനെയാണ് പറഞ്ഞത്. 


 യൂനുസ് (അ)വീണ്ടും സംസാരിച്ചു. ഒടുവിൽ നറുക്കിടാമെന്ന് വെച്ചു. നറുക്കിട്ടപ്പോൾ യൂനുസ് (അ)ന്റെ പേര് കിട്ടി. അദ്ദേഹത്തെ കടലിൽ തള്ളാൻ തീരുമാനമായി. കരയും കടലും അല്ലാഹുﷻവിന്റെ സൃഷ്ടികളാണ്. എവിടെയും അവന്റെ കാവലുണ്ടാവും ഭയം വേണ്ട. കപ്പലിലുള്ളവർ യൂനുസ് നബിയെ കടലിലേക്ക് വലിച്ചെറിഞ്ഞു...

 

 ഒരു വലിയ മത്സ്യം നീന്തി വരികയായിരുന്നു. വെള്ളത്തിൽ വാലിട്ടടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ട് അത് വന്നു. വാപിളർന്നു നിൽക്കുകയാണ് മത്സ്യം. ഇരയെ തിന്നാൻ. ഒരു മനുഷ്യശരീരം കിട്ടിയാൽ കടിച്ചുപൊട്ടിച്ച് ചവച്ചു തിന്നാം. പെട്ടെന്ന് മത്സ്യം ആ വിളി കേട്ടു. അല്ലാഹുﷻവിൽ നിന്നുള്ള വിളി... 


 "ഓ മത്സ്യം..! യൂനുസിനെ നാം നിനക്ക് ഭക്ഷണമായി നൽകിയിട്ടില്ല. നീ യൂനുസിന് സംരക്ഷണ കേന്ദ്രവും മസ്ജിദും ആയിത്തീരുക..."


  മത്സ്യം സന്ദേശം സ്വീകരിച്ചു. യൂനുസ് (അ)നെ വിഴുങ്ങി. മാംസം കടിച്ചു തിന്നില്ല. എല്ലുകൾ കടിച്ചു പൊട്ടിച്ചില്ല. നേരെ വയറ്റിലേക്ക് പോയി. 


 ഇതെന്തൊരു ലോകം..? തനിക്ക് കാഴ്ചയുണ്ട്. കേൾവിയുണ്ട്. മത്സ്യം സമുദ്രാന്തർഭാഗത്തേക്ക് നീന്തിപ്പോവുന്നു. യൂനുസ് (അ)അതറിയുന്നു വല്ലാത്തൊരനുഭവം തന്നെ. ഏതോ ശബ്ദം കേൾക്കുന്നുവല്ലോ എന്താണത്..? തസ്ബീഹ് ചൊല്ലുന്ന ശബ്ദം. എത്ര മനോഹരമായ ശബ്ദം. കടൽച്ചെടികളും കടൽ ജീവികളും അവരുടെ സൃഷ്ടാവായ റബ്ബിനെ സ്തുതിക്കുന്നു. വാഴ്ത്തുന്നു. തസ്ബീഹ് ചൊല്ലുന്നു. എത്ര ഹൃദ്യമായ ശബ്ദം...


 അപ്പോൾ യൂനുസ് നബി (അ)ന്റെ ഹൃദയം ഭക്തിനിർഭരമായി. മഹാനവർകൾ തസ്ബീഹ് ചൊല്ലാൻ തുടങ്ങി. മത്സ്യത്തിന്റെ വയറ്റിലെ ഇരുട്ടിൽ കിടന്നുകൊണ്ട് ഇങ്ങനെ ചൊല്ലി. 


"لا إِلَهَ إِلا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ"

 

(നീയല്ലാതെ മറ്റൊരു ആരാധ്യനില്ല നീ പരിശുദ്ധനാകുന്നു. ഞാൻ തെറ്റുകാരിൽ പെട്ടുപോയി...) 


 ഈ വചനം നിർത്താതെ ചൊല്ലി. അത് രക്ഷയായി ഭവിച്ചു. വിമോചനത്തിന്റെ വഴിയൊരുങ്ങി. ഈ തസ്ബീഹാണ് രക്ഷയായി വന്നത്. അല്ലാഹു ﷻ അത് സ്വീകരിച്ചു. നബിയെ പുറത്തേക്ക് കക്കി എറിയാൻ മത്സ്യത്തിന് കൽപന കിട്ടി. മത്സ്യം സമുദ്രത്തിന്റെ കരയിലേക്ക് കക്കിയെറിഞ്ഞു...


 വിശുദ്ധ ഖുർആൻ പറയുന്നു: "എന്നിട്ട് അദ്ദേഹം നറുക്കെടുപ്പിൽ പങ്കെടുത്തു. അപ്പോൾ അദ്ദേഹം തോൽപ്പിക്കപ്പെട്ടവരിൽ ആയിത്തീർന്നു." (37:141) 


"അങ്ങനെ താൻ ആക്ഷേപ വിധേയനായിരിക്കെ അദ്ദേഹത്തെ മത്സ്യം വിഴുങ്ങി." (37;142) 


 യൂനുസ് (അ)മത്സ്യത്തിന്റെ വയറ്റിൽ വെച്ചു നന്നായി തസ്ബീഹ് ചൊല്ലി അങ്ങനെ ചൊല്ലിയിട്ടില്ലായിരുന്നുവെങ്കിൽ അന്ത്യനാൾ വരെ മത്സ്യത്തിന്റെ വയറ്റിൽ കഴിയേണ്ടിവരുമായിരുന്നു..!!


 വിശുദ്ധ ഖുർആൻ പറയുന്നു: എന്നാൽ അദ്ദേഹം തസ്ബീഹ് ചൊല്ലുന്നവരിൽ പെട്ടവനായിരുന്നില്ലെങ്കിൽ... (37:143) 


"ജനങ്ങൾ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്ന ദിവസം വരെ അതിന്റെ വയറ്റിൽ തന്നെ അദ്ദേഹം കഴിഞ്ഞുകൂടേണ്ടിവരുമായിരുന്നു." (37:144) 


 അല്ലാഹു ﷻ യൂനുസ് നബി (അ)ന് ചെയ്തുകൊടുത്ത വമ്പിച്ച അനുഗ്രഹത്തെ കുറിച്ചാണ് നാം ഇവിടെ കേട്ടത്. അന്ത്യനാൾ വരെ മത്സ്യത്തിന്റെ വയറ്റിൽ കഴിഞ്ഞുകൂടുക. ഇരുട്ടറയിലെ വാസം എത്ര ദുഷ്കരം. നൂറ്റാണ്ടുകളോളം ഇരുട്ടറയിൽ തങ്ങുക. എത്ര കടുത്ത ശിക്ഷയാണത്. അതിൽ നിന്നാണ് മോചനം കിട്ടിയത്. മോചനം കിട്ടാൻ കാരണം തസ്ബീഹ്. അപ്പോൾ തസ്ബീഹിന്റെ ശക്തി എത്രയാണെന്ന് ഓർത്തുനോക്കൂ... 


 ഈ തസ്ബീഹ് നമുക്കും ചൊല്ലാനുള്ളതാണ്. പ്രയാസങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും ഇരുട്ടറകളിൽ നിന്ന് നമ്മെ രക്ഷിക്കാൻ ഈ തസ്ബീഹിന് കഴിയും. നാമത് ധാരാളമായി ചൊല്ലുക... 


 മത്സ്യത്തിന്റെ വയറ്റിൽ പെട്ടതു കാരണം യൂനുസ് (അ) നന്നെ ക്ഷീണിച്ചിരുന്നു. ക്ഷീണം തീരാൻ വിശ്രമം വേണം. നല്ല ആഹാരം വേണം. കടൽ തീരത്ത് പ്രത്യേകമായൊരു ചെടി ഉണ്ടായിരുന്നു. അതിന്റെ തണലിൽ വിശ്രമിച്ചു. വിശ്രമിച്ചത് ചെടിയുടെ തണലിലോ, മരത്തിന്റെ ചുവട്ടിലോ, വള്ളിയുടെ താഴെയോ ആയിരുന്നു. അങ്ങനെയൊക്കെ പറയപ്പെട്ടിട്ടുണ്ട്...


 വിശുദ്ധ ഖുർആൻ നോക്കൂ : "അദ്ദേഹത്തെ അനാരോഗ്യവാനായ നിലയിൽ ആ വിജന പ്രദേശത്ത് നാം ഇട്ടുകൊടുത്തു." (37:145) 


"അദ്ദേഹത്തിന് മീതെ ചുരുങ്ങാവർഗ്ഗത്തിൽ പെട്ട ഒരു ചെടിയെ നാം ഉൽപാദിപ്പിക്കുകയും ചെയ്തു." (37:146) 


അതൊരു വിജന പ്രദേശമായിരുന്നു. നബിയാണെങ്കിൽ നന്നെ ക്ഷീണിതനും. വിശ്രമം അനിവാര്യമാണ്. തണൽ നൽക


ുന്ന ഒരു ചെടിയോ വള്ളിയോ അല്ലാഹു ﷻ അവിടെ ഏർപ്പെടുത്തികൊടുത്തു. അതിന്റെ ഇലകൾ വിരിച്ചു കിടക്കാനുപയോഗിക്കാം. അതിന്റെ ഫലങ്ങൾ ഭക്ഷണത്തിന് പറ്റും. ആഹാരവും വെള്ളവും വിശ്രമവും അദ്ദേഹത്തിന്റെ ക്ഷീണം തീർന്നു... 


 ഈ സംഭവങ്ങൾ നടക്കുന്നത് പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പോണോ ശേഷമാണോ? അവിടെ രണ്ടഭിപ്രായമുണ്ട്. പ്രവാചകത്വം ലഭിച്ചതിനു ശേഷമാണ് ഇവയെല്ലാം നടന്നതെന്നാണ് ഒരഭിപ്രായം. 


 മറുപക്ഷം ഇങ്ങനെ പറയുന്നു. ഒരു പ്രവാചകൻ അല്ലാഹുﷻവിന്റെ സമ്മതം കിട്ടാതെ നാട് വിട്ടു പോവില്ല. ജനങ്ങളോട് കോപിച്ച് നാടുവിട്ട് പോവുകയെന്നത് ഒരു പ്രവാചകന് യോജിച്ചതല്ല...


 അഭിപ്രായങ്ങൾ പണ്ഡിതന്മാർക്കു വിടാം. നമുക്കു ചരിത്രത്തിലേക്ക് മടങ്ങാം. മത്സ്യത്തിന്റെ വയറ്റിൽ കിടന്ന ദിവസത്തിന്റെ എണ്ണത്തിനും അഭിപ്രായ വ്യത്യാസം കാണുന്നു...