രണ്ടു കുട്ടികളെയും കൂട്ടി യൂനുസ് നബി(അ) യാത്ര തുടർന്നു... കുറേ ദൂരം നടന്നു ചെന്നപ്പോൾ ഒരു പുഴ കണ്ടു. പുഴ കടക്കണം. എന്നാലേ ഇനി യാത്ര തുടരാൻ പറ്റൂ.
എങ്ങനെ അക്കരെയെത്തും? തോണിയില്ല. ഒരാളെയും കാണാനുമില്ല. ഇനി നീന്തി അക്കരെയെത്താം.
ഒരു കുട്ടിയെ തോളിലിരുത്തി അക്കരെ നീന്താം. അവനെ അക്കരെ ഇരുത്തിയ ശേഷം മടങ്ങി വന്ന് രണ്ടാമത്തെ കുട്ടിയെ കൊണ്ടു പോവാം. നബിയുടെ മനസ്സിൽ അങ്ങനെയാണ് അപ്പോൾ തോന്നിയത്... ഒരു കുട്ടിയെ തോളിലിരുത്തി യൂനുസ് (അ) വെള്ളത്തിലിറങ്ങി. കുറച്ചു ദൂരം നീന്തി. ഒഴുക്ക് ശക്തിയായി വരുന്നു. സർവ്വശക്തിയുമെടുത്ത് നീന്തി..
വെള്ളത്തിന്റെ പ്രവാഹത്തിൽ നിയന്ത്രണം കിട്ടുന്നില്ല. പൊങ്ങിയും താഴ്ന്നും നീന്തൽ തുടർന്നു. അതിന്നിടയിൽ കുട്ടിയെ കൈവിട്ടുപോയി. ഒഴുകിപ്പോയി. വളരെ നേരം ശ്രമിച്ചിട്ടും കുട്ടിയെ കണ്ടെത്താനായില്ല. പെട്ടെന്ന് മറ്റേ കുട്ടിയുടെ കാര്യം ഓർത്തു. ആകാംക്ഷയോടെ കരയിലേക്ക് നോക്കി. ഞെട്ടിപ്പോയി. എന്തൊരു കാഴ്ചയാണ് താൻ കണ്ടത്. ശക്തനായൊരു ചെന്നായ. അത് തന്റെ കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോവുന്നു.
എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. താനൊറ്റക്കായി. ഇനിയെന്ത്? ഒറ്റയ്ക്ക് യാത്ര തുടർന്നു. എങ്ങോട്ടാണീ യാത്ര..!
മനസ്സും ശരീരവും തളർന്നിരിക്കുന്നു.
യാത്ര ഒരു തുറമുഖത്തെത്തിച്ചു. അവിടെ ഒരു കപ്പൽ നിൽക്കുന്നു. അതിൽ ചരക്കുകൾ നിറച്ചു കഴിഞ്ഞു. ഉടനെ യാത്ര പുറപ്പെടുകയാണ്...
യൂനുസ് (അ) കപ്പലിന്നടുത്തേക്ക് ചെന്നു. എല്ലാവരും നബിയെ നോക്കി. എന്തൊരു ചൈതന്യമുള്ള മുഖം. ഇതൊരു ശ്രേഷ്ഠനായ ഒരു മനുഷ്യൻ തന്നെ. പക്ഷേ, മുഖത്ത് കടുത്ത ദുഃഖമുണ്ട്.
യൂനുസ് നബി (അ) കപ്പിത്താനോടിങ്ങനെ പറഞ്ഞു: "ഞാനൊരു യാത്രക്കാരനാണ്. എന്നെ നിങ്ങളുടെ കപ്പലിൽ കൊണ്ടുപോവണം. കൂലി തരാൻ എന്റെ കൈവശം യാതൊന്നും തന്നെയില്ല. എന്നോട് കരുണ കാട്ടിയാലും..!"
കപ്പിത്താനും കച്ചവടക്കാർക്കും അലിവ് തോന്നി. കൂലിയില്ലാതെ കപ്പലിൽ സഞ്ചരിക്കാൻ അനുമതി കിട്ടി. യൂനുസ് (അ) കപ്പലിൽ കയറി.
കപ്പിത്താൻ കപ്പൽ വിടാൻ തയ്യാറെടുത്തു. കരയിൽ കെട്ടിയ കയറുകൾ അഴിച്ചു. പായ നിവർത്തി.
കാറ്റടിച്ചു. കാറ്റിന്റെ ഗതിയനുസരിച്ചു കപ്പൽ നീങ്ങി...
യൂനുസ് നബി (അ) ന്റെ മനസ്സിൽ പലതരം ചിന്തകൾ ഉയർന്നു വന്നു. നീനവയിലെ ജീവിതം, ജനങ്ങളുമായുള്ള ഇടപെടൽ,
ഒടുവിൽ നിരാശനായി പുറപ്പെട്ടുപോന്നു. അല്ലാഹുﷻവിന്റെ കൽപന പ്രകാരമല്ല ഈ യാത്ര. കടുത്ത നിരാശ വന്നപ്പോൾ ഇറങ്ങിപ്പോന്നു. ഇനിയെന്താണ് ഗതി..?
വിശുദ്ധ ഖുർആനിൽ സൂറത്തു സ്വാഫാത്തിൽ ഇങ്ങനെ കാണാം. "യൂനുസ് മുർസലുകളിൽ പെട്ടവനാകുന്നു." (37:139).
"ഭാരം നിറക്കപ്പെട്ട കപ്പലിലേക്ക് അദ്ദേഹം ഓടിപ്പോയ സന്ദർഭം ഓർക്കുക." (37:140)
കുറച്ചു ദൂരം സഞ്ചരിച്ചു. അപ്പോൾ കടലിന്റെ ഭാവം മാറി. ശാന്തമായിക്കിടന്ന കടൽ പെട്ടെന്ന് ക്ഷോഭിച്ചു. കടൽ ഇളകിമറിഞ്ഞു. ശക്തിയായി കാറ്റടിച്ചു.
തിരമാലകൾ അലറി വിളിച്ചു. കപ്പൽ ഇളകിയാടി. ഒന്നിനു മേൽ മറ്റൊന്നായി തിരമാലകൾ ഉയർന്നുവരുന്നു. കപ്പൽ ആടി ഉലയുന്നു. കപ്പൽ തകർന്നു തരിപ്പണമാവാൻ പോവുന്നു...
കപ്പിത്താൻ ഇങ്ങനെ പറയാൻ തുടങ്ങി: "യജമാനനെ വിട്ട് ഒളിച്ചോടിപ്പോവുന്ന ഒരു അടിമ ഇതിനകത്തുണ്ട്. അതാണ് കടൽ ഇത്രയും ക്ഷോഭിക്കാൻ കാരണം. അയാൾ ആരാണെന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തണം. എന്നിട്ടയാളെ കടലിൽ തള്ളണം. അല്ലെങ്കിൽ എല്ലാവരും ഇവിടെ കിടന്നു നശിക്കും." ഉടനെ നറുക്കെടുപ്പിനുള്ള ഒരുക്കം തുടങ്ങി...