യൂനുസ് നബി (അ) കുടുംബത്തോടൊപ്പം നാടുവിട്ടു പോയ ചരിത്രം പലരും വിവരിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കരൂപം ഇങ്ങനെയാകുന്നു. യൂനുസ് നബി (അ) ജനങ്ങളോടിങ്ങനെ ഉപദേശിച്ചു:
"എന്റെ സഹോദരന്മാരേ, എന്റെ വാക്കുകൾ നിങ്ങൾ വിശ്വസിക്കുന്നില്ല. നിങ്ങൾ ബിംബാരാധന തുടരുന്നു. ഞാൻ പറയുന്നതത്രയും കളവാക്കിത്തള്ളുന്നു. ഒരു കാര്യം ഓർത്തുകൊള്ളുക. ഞാൻ പറയുന്നത് നിങ്ങൾ അനുസരിച്ചില്ലെങ്കിൽ വേദനാജനകമായ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്. ഇക്കാര്യം നിങ്ങൾ നിങ്ങളുടെ രാജാവിനെ അറിയിച്ചുകൊള്ളുക."
ഇതു കേട്ടപ്പോൾ ജനങ്ങൾ വിളിച്ചു ചോദിച്ചു.
"എപ്പോഴാണ് ശിക്ഷ ഇറങ്ങുക..?"
"നാല്പത് ദിവസം കഴിഞ്ഞ്." ജനങ്ങൾ ആ താക്കീതും പരിഹസിച്ചു തള്ളി.
ഇപ്പോൾ യൂനുസിനെ കാണാനില്ല.
കമ്പിളി പുതച്ചു നടന്ന ഫഖീർ എവിടെപ്പോയി?
ചിലർ ഹാസ്യത്തോടെ ചോദിച്ചു. ആരും കണ്ടവരില്ല. നീനവയിൽ ഹാസ്യം കലർന്ന സംസാരം നടക്കുമ്പോൾ യൂനുസ് നബി (അ) ഉം കുടുംബവും ദീർഘ യാത്രയിലാണ്. വളരെ ദൂരം പിന്നിട്ട്കഴിഞ്ഞു. നല്ല ക്ഷീണമുണ്ട്. അൽപമൊന്നു വിശ്രമിക്കണം. ഒരു ചോലമരം കണ്ടു. അതിന്റെ ചുവട്ടിലിറങ്ങി വിശ്രമിച്ചു.
നബിക്ക് മലമൂത്ര വിസർജ്ജനത്തിന്റെ ആവശ്യം നേരിട്ടു. അതിനു വേണ്ടി അകലേക്കു നടന്നു. ഉമ്മയും മക്കളും മരത്തണലിൽ വിശ്രമിക്കുകയായിരുന്നു. നായാട്ടിനോ മറ്റോ പുറപ്പെട്ട ഒരു രാജാവും സേവകന്മാരും അപ്പോൾ അവിടെ എത്തിച്ചേർന്നു.
വിജനമായ പ്രദേശം. സുന്ദരിയായൊരു സ്ത്രീ. രാജാവിന്റെ മനസ്സിൽ ദുഷിച്ച ചിന്തകൾ ഉണർന്നു. രാജാവ് കൽപിച്ചു :
"ഇവളെ കൊട്ടാരത്തിലേക്ക് കൊണ്ട് പോവൂ." സേവകന്മാർ പിടിക്കാൻ വന്നു.
"എന്നെ തൊടരുത്. ഞാൻ വിശുദ്ധയായ സ്ത്രീയാണ്. അല്ലാഹുﷻവിന്റെ പ്രവാചകന്റെ ഭാര്യയാണ്. അകന്ന് പോകൂ..."
ഭാര്യ പറഞ്ഞതൊന്നും അവർ വകവെച്ചില്ല. നബിപത്നിയെ ബലമായി പിടിച്ച് അവരുടെ മൃഗങ്ങളുടെ പുറത്തിരുത്തി അതിവേഗം ഓടിച്ചു പോയി. സംഭവങ്ങൾ കണ്ട കുട്ടികൾ രണ്ടുപേരും പേടിച്ച് നിൽക്കുകയാണ്. അപ്പോഴാണ് യൂനുസ് നബി (അ) മടങ്ങിവരുന്നത്.
ഭാര്യയെ ആരാണ് കൊണ്ടു പോയത്? എങ്ങോട്ടാണ് കൊണ്ടുപോയത്? ഒരു വിവരവുമില്ല.
"അല്ലാഹുവേ..! അവർക്കൊരാപത്തും വരാതെ കാത്തുകൊള്ളേണമേ.."
രണ്ടു കുട്ടികളെയും കൂട്ടി യൂനുസ് നബി(അ) യാത്ര തുടർന്നു... കുറേ ദൂരം നടന്നു ചെന്നപ്പോൾ ഒരു പുഴ കണ്ടു. പുഴ കടക്കണം. എന്നാലേ ഇനി യാത്ര തുടരാൻ പറ്റൂ.
എങ്ങനെ അക്കരെയെത്തും? തോണിയില്ല. ഒരാളെയും കാണാനുമില്ല. ഇനി നീന്തി അക്കരെയെത്താം...
ഒരു കുട്ടിയെ തോളിലിരുത്തി അക്കരെ നീന്താം. അവനെ അക്കരെ ഇരുത്തിയ ശേഷം മടങ്ങി വന്ന് രണ്ടാമത്തെ കുട്ടിയെ കൊണ്ടു പോവാം. നബിയുടെ മനസ്സിൽ അങ്ങനെയാണ് അപ്പോൾ തോന്നിയത്... ഒരു കുട്ടിയെ തോളിലിരുത്തി യൂനുസ് (അ) വെള്ളത്തിലിറങ്ങി...