Wednesday - 22 April, 2026 4-Dhu al-Qadah-1447

ചരിത്രം മറക്കാത്ത ക്രൂരത (2)

   കുറെ ദൂരം യാത്ര ചെയ്തു. അപ്പോൾ എന്താണുണ്ടായത്? ഇക്കാക്കമാരുടെ സ്നേഹപ്രകടനങ്ങൾ നിന്നു. പകരം ഗൗരവ സ്വഭാവക്കാരായി. റൂബീൽ തന്റെ ചുമലിലിരിക്കുന്ന യൂസുഫിനെ പൊക്കിയെടുത്തു താഴേക്കിട്ടു... 

"നടക്കെടാ.... മുമ്പോട്ട്." 


 എന്തൊരു ഗൗരവം..! ഇത് വരെ കാണിച്ച സ്നേഹം എവിടെപ്പോയി? കാട്ടിലൂടെ നടക്കാൻ വല്ലാത്ത പ്രയാസം. കൊച്ചുകാലുകളിൽ ഏന്തിയേന്തി നടക്കുകയാണ്. കാലുകൾ വേദനിക്കുന്നു...


 "ഇക്കാക്കമാരെ...! ഒന്നു നിൽകണേ....!" യൂസുഫ് മോൻ കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു. അവർ ശ്രദ്ധിച്ചില്ല. കുഞ്ഞിക്കാലുകളിൽ ഓടാൻ തുടങ്ങി. ഒപ്പമെത്താൻ...


 കാലിൽ വേദന... വല്ലാത്ത ദാഹം. ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ...! അവരുടെ ഖൽബുകൾ കടുത്തു പോയിരുന്നു. അലിയാത്ത ഹൃദയങ്ങൾ. ഒരു കുട്ടിയുടെ അവശത കണ്ട് അവർ രസിക്കുന്നു. അവർക്ക് നല്ല രസം തോന്നി. അവർ നോക്കി നിന്നു...


 കുട്ടി ഓടി അടുത്തെത്തി. ശംഊനിന്റെ വസ്ത്രത്തിൽ പിടച്ചു. "ഉം...എന്ത് വേണം?" ഗൗരവത്തിലുള്ള മറുപടി. 


"വെള്ളം... വെള്ളം... ദാഹിക്കുന്നു."


"പോടാ... നിനക്ക് വെള്ളമില്ല."


"ഇക്കാക്ക... ഉപ്പ... ഇക്കാക്കയെ ഏൽപിച്ച വെള്ളം...?"


"ഓഹോ... ഉപ്പ ഏൽപ്പിച്ച വെള്ളം... കാണിച്ചു തരാം..." ഉപ്പ ഏൽപ്പിച്ച വെള്ളപ്പാത്രം എടുത്തു പാറയിൽ എറിഞ്ഞു. വെള്ളം ചിതറി ഒഴുകിപ്പോയി. താൻ കുടിക്കേണ്ട വെള്ളം തനിക്കു വേണ്ടി ഉപ്പ നൽകിയ വെള്ളം. അതാണല്ലോ ഒഴുക്കി കളഞ്ഞത്. ദാഹിച്ചിട്ടു വയ്യ. ഇനിയെന്ത് ചെയ്യും...?


 യൂസുഫ് മോൻ കരഞ്ഞു. കരച്ചിൽ കണ്ടപ്പോൾ അവരുടെ കോപം വർദ്ധിച്ചു. അവർ പിശാചുകളായി മാറുകയാണ്. യൂസുഫ് മോന്റെ കുപ്പായം ഊരിയെടുത്തു. അവർ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി.  കുട്ടിയുടെ മനോഹരമായ ശരീരത്തിൽ അടിയുടെ പാടുകൾ തെളിഞ്ഞു. ഒരുത്തൻ കത്തിയെടുത്തു. മറ്റൊരുത്തൻ കയറെടുത്തു. കൊല്ലാൻ ഒരുങ്ങുകയാണ്. ഒരാൾ മാത്രം അല്പം ദയ കാട്ടി. യഹൂദ. കുട്ടി യഹൂദയെ കെട്ടിപ്പിടിച്ചു...


 "യഹൂദാ... അവനെ വിടൂ..." മറ്റുള്ളവർ ധൃതി കാട്ടി...


"യൂസുഫിനെ കൊല്ലരുത്." യഹൂദ പറഞ്ഞു.


"എന്ത് വേണമെന്ന് ഞങ്ങൾക്കറിയാം"


 കുട്ടിയുടെ കൈകാലുകൾ ബന്ധിച്ചു. വലിച്ചുകൊണ്ട് പോയി. ശരീരം വല്ലാതെ വേദനിക്കുന്നു. ഇതിനാണോ ഇവർ തന്നെ കൊണ്ട് വന്നത്? എന്തെല്ലാം പഞ്ചാര വാക്കുകളാണ് പറഞ്ഞിരുന്നത്? എന്നിട്ടപ്പോൾ? ചതിയാണിവർ കാണിച്ചത് ഇത്രക്ക് ക്രൂരമാരാണെന്ന് മനസ്സിലാക്കിയില്ല...


 അതാ ഒരു കിണർ. അതിന്റെ സമീപത്തേക്കാണ് തന്നെ കൊണ്ടു പോവുന്നത്. തെട്ടിയിൽ പിടിച്ചിരുത്തി. രക്ഷപ്പെടാൻ നോക്കി. സർവ്വശക്തിയുമുപയോഗിച്ച് കുതറിയോടാൻ നോക്കി. കുട്ടിയല്ലേ? എങ്ങനെ കഴിയാൻ. തടിയന്മാർ തന്നെ മുറുകെ പിടിച്ചിരിക്കുകയാണ്. ബക്കറ്റ് ഉയർത്തി കിണറ്റിലേക്ക് താഴ്ത്തി...


 ആഴമുള്ള കിണറ്റിലേക്ക്  തന്നെ താഴ്ത്തുകയാണ് എന്തൊരു ക്രൂരതയാണിത്..! കിണറ്റിന്റെ പകുതി വരെ താഴ്ത്തി. കയർ വിട്ടു. തൊട്ടിയും കയറും കിണറ്റിലേക്കു വീണു. വലിയൊരു കല്ല് ഉരുട്ടികൊണ്ട് വന്ന് കിണറ്റിലേക്കിട്ടു. അവനെ കൊണ്ടുള്ള ശല്യം തീർന്നു. സഹോദരങ്ങൾ പിൻ വാങ്ങി. മരത്തണലിൽ പോയിരുന്നു.


 ഇനിയെന്ത്? വൈകുന്നേരം വീട്ടിലേക്ക് മടങ്ങണമല്ലോ? ഉപ്പ യൂസുഫിനെ നോക്കിയിരിക്കുകയാവും. ഉപ്പയോടെന്ത് പറയും? അതിനെക്കുറിച്ചാണ് പിന്നെ ചർച്ച. നാം രാവിലെ പുറപ്പെടുമ്പോൾ ഉപ്പായുടെ വായിൽ നിന്നാെരു വാക്ക് വന്നില്ലേ? ചെന്നായ പിടിച്ചു തിന്നുക. അത് തന്നെ നമുക്ക് പറയാം. യൂസുഫിന്റെ ഉടുപ്പിൽ രക്തം പുരട്ടാം അത് യൂസുഫിന്റെ രക്തമാണെന്ന് പറയാം. ചെന്നായ പിടച്ചപ്പേൾ ഒഴുകിയ രക്തം...


 സന്ധ്യ കഴിഞ്ഞ് ഇരുട്ട് പരന്ന ശേഷം നാം വീട്ടിലേക്കു മടങ്ങാം. നന്നായി കരയാം. ദുഃഖം അഭിനയിക്കാം എന്നിട്ട് സങ്കടത്തോടെ സംഭവം വിവരിക്കാം. ഉപ്പ വിശ്വസിച്ചു കൊള്ളും...


 സന്ധ്യയായി. ആട്ടിൻ കൂട്ടത്തേയും തെളിച്ചു കൊണ്ടവർ നടന്നു. ഉടുപ്പിൽ ഏതോ രക്തം പുരട്ടി. സാധാരണ വരുന്ന സമയം കഴിഞ്ഞു. എത്രയോ നേരമായി വീട്ടിലുള്ളവർ കാത്തിരുക്കുകയാണ്. കാണുന്നില്ല. സമയം വൈകിയപ്പോൾ എല്ലാവർക്കും ആശങ്കയായി. എന്തെങ്കിലും അത്യാഹിതം സംഭവിച്ചോ..?