അകലെ നിന്നും ശബ്ദം കേൾക്കാം. സങ്കടപ്പെട്ട് കരയുന്ന ശബ്ദം. അവർ വീട്ടിന്റെ മുറ്റത്തെത്തി...
"ഞങ്ങളുടെ ഉപ്പാ... ഞങ്ങളിതെങ്ങനെ സഹിക്കും... ഞങ്ങളുടെ യൂസുഫ് മോനെ... നിനക്കിത് സംഭവിച്ചല്ലോ..." വീട്ടിലുള്ളവർ ആശങ്കാകുലരായി. എന്താണ് സംഭവിച്ചത്? അവർ ഉപ്പയെ സമീപിച്ചു. കരഞ്ഞ് കൊണ്ട് സങ്കടം പറയാൻ തുടങ്ങി...
"ഉപ്പാ... ഞങ്ങൾ മത്സരിച്ചു ഓടിക്കളിക്കുമായിരുന്നു. യൂസുഫിന് ഞങ്ങളോടൊപ്പം ഓടാൻ കഴിയില്ലല്ലോ. അവനെ ഞങ്ങൾ ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത് ഇരുത്തിയതായിരുന്നു. അപ്പോൾ ഒരു ചെന്നായ വന്നു. അവനെ തിന്നുകളഞ്ഞു. ഇതാ നോക്കൂ അവന്റെ ഉടുപ്പ്. ഇതിൽ ചോര കണ്ടില്ലേ?" അവർ പറഞ്ഞതെല്ലാം കളവാണെന്ന് യഅ്ഖൂബ് നബി (അ)ന് മനസ്സിലായി. ക്ഷമിക്കുകയല്ലാതെന്ത് ചെയ്യും...
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം.
"സന്ധ്യാസമയത്ത് അവര്‍ തങ്ങളുടെ പിതാവിന്റെ അടുത്ത് കരഞ്ഞുകൊണ്ടു വന്നു." (12:16)
"അവര്‍ പറഞ്ഞു: "ഞങ്ങളുടെ ഉപ്പാ, യൂസുഫിനെ ഞങ്ങളുടെ സാധനങ്ങള്‍ക്കരികെ നിര്‍ത്തി ഞങ്ങള്‍ മല്‍സരിക്കാന്‍ പോയതായിരുന്നു. അപ്പോള്‍ അവനെ ഒരു ചെന്നായ തിന്നുകളഞ്ഞു. അങ്ങ് ഞങ്ങളെ വിശ്വസിക്കുകയില്ല. ഞങ്ങള്‍ എത്ര സത്യം പറയുന്നവരായാലും." (12:17)
യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോര പുരട്ടിയാണവര്‍ വന്നത്. പിതാവ് പറഞ്ഞു: "നിങ്ങളുടെ മനസ്സ് ഒരു കാര്യം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ചു. ഇനി നന്നായി ക്ഷമിക്കുകതന്നെ. നിങ്ങള്‍ പറഞ്ഞ കാര്യത്തിന്റെ നിജസ്ഥിതി അറിയുന്നതിലെന്നെ സഹായിക്കാനുള്ളത് അല്ലാഹു ﷻ മാത്രം.” (12:18)
തന്റെ പ്രിയപുത്രനെ ഇവരെന്തോ ചെയ്തിരിക്കുന്നു. എന്താണെന്ന് ചെയ്തതെന്ന് ചോദിച്ചാൽ അവർ പറയില്ല.മകന്റെ കാര്യത്തിൽ തന്നെ സഹായിക്കാൻ അല്ലാഹു ﷻ മാത്രമേയുള്ളൂ. സകല കാര്യങ്ങളും അവനിൽ ഭരമേൽപിക്കുന്നു. അവൻ എല്ലാം കാണുന്നു. അറിയുന്നു...
ഇവർ യഥാർത്ഥത്തിൽ എന്താണ് ചെയ്തതെന്ന് അല്ലാഹുﷻന്നറിയാം. നിഷ്കളങ്കനായ ആ കുട്ടിയെ അല്ലാഹുﷻ സഹായിക്കും. അത് തന്നെയാണ് തന്റെ വിശ്വാസം. എന്നെങ്കിലുമൊരിക്കൽ അല്ലാഹുﷻ തന്റെ മകനെ തിരിച്ചു തരും. അത് വരെ ക്ഷമിക്കുക. യൂസുഫ് ദുഃഖം നിറഞ്ഞ ഓർമയായി...
പ്രിയ സഹോദരി ദനാ വല്ലാതെ സങ്കടപ്പെട്ടു. രാത്രിയുടെ ഇരുട്ടിൽ അവൾ പ്രിയ സഹോദരനെ ഓർത്ത് കരഞ്ഞു. എപ്പോഴും ബിൻയാമിന്റെ കൂടെയാണവൾ, എടുത്ത് ഓമനിക്കും. ഉപ്പായെ കാണാൻ തന്നെ പ്രയാസം. ഒറ്റക്കിരുന്ന് കരയുന്നത് കാണാം. യൂസുഫിന്റെ വേർപാട് ഉപ്പായെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്...
സഹോദരന്മാർ രാവിലെ ആടുകളെയും തെളിച്ചു കൊണ്ട് പോകും. പകൽസമയത്തൊന്നും അവരെ കാണില്ല. സന്ധ്യയോടെ വന്നു കയറും. പിന്നെ വീട്ടിലാകെ ബഹളമാണ്. സംസാരവും, തമാശ പറച്ചിലും പൊട്ടിച്ചിരികളും, അത്താഴം കഴിഞ്ഞാൽ എല്ലാവരും ഉറക്കമാവും. നേരം പുലർന്നാൽ വീണ്ടും മലഞ്ചെരുവിലേക്ക്...
യഅ്ഖൂബ്(അ)ജനങ്ങൾക്കിടയിലാണ്. ഏകനായ ഇലാഹിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നു. തൗഹീദ് പ്രചരിപ്പിക്കുന്നു. പലതരത്തിലുള്ള എതിർപ്പുകൾ നേരിടുന്നു. ഇസ്ലാമിന്റെ ശത്രുകളുടെ എതിർപ്പുകൾ നേരിടണം...
അതേ സമയം തന്നെ മകൻ നഷ്ടപ്പെട്ട കടുത്ത ദുഃഖം മനസ്സിൽനീറി പുകയുകയും ചെയ്യുന്നുണ്ട്. ഇസ്ലാം മത പ്രചാരണരംഗത്ത് യഅ്ഖൂബ്(അ) വളരെയേറെ പ്രയാസങ്ങൾ സഹിച്ചിട്ടുണ്ടെന്ന് വിശുദ്ധ ഖുർആനിലെ സൂചനകളിൽ നിന്ന് മനസ്സിലാക്കാം.