അശുദ്ധികള്‍ രണ്ടു തരമുണ്ട്.
1. ചെറിയ അശുദ്ധി 2. വലിയ അശുദ്ധി.
ചെറിയ അശുദ്ധിയില്‍ നിന്ന്‍ ശുദ്ധിയാകാന്‍ വുളു ചെയ്യണം. വലിയ അശുദ്ധിയില്‍ നിന്ന്‍ ശുദ്ധിയാകാന്‍ കുളിക്കുകയും വേണം.
വുളുഇന്നും കുളിക്കും ചില ശര്‍ത്തുകളും ഫര്‍ളുകളും സുന്നത്തുകളും ഉണ്ട്.
വുളുഇനെ കുറിച്ച് ആദ്യം വിവരിക്കാം.
വുളുഅ് അതിന്‍റെ ശര്‍ത്തുകള്‍
നിയ്യത്തോടുകൂടി ചില പ്രത്യേക അവയവങ്ങള്‍ കഴുകുന്നതിനാണ് വുളുഅ് എന്നുപറയുന്നത്. ചെറിയ അശുദ്ധിയില്‍ നിന്ന്‍ ശുദ്ധിയാകുന്നതിന് വേണ്ടിയാണ് വുളു എടുക്കുന്നത്. വുളു കൂടാതെയുള്ള നിസ്കാരം സ്വീകാര്യമാവുകയില്ല.
വുളുഇന്ന്‍ അഞ്ചു ശര്‍ത്തുകള്‍ ഉണ്ട്.
1. വുളു എടുക്കുന്നത് ത്വഹൂറായ വെള്ളം കൊണ്ടായിരിക്കുക.
ഇസ്ലാമിക കര്‍മ ശാസ്ത്രം (ഫിഖ്ഹ് ) അനുസരിച്ച് വെള്ളം പൊതുവേ മൂന്ന് ഇനങ്ങളായി തരം തിരിക്കപ്പെട്ടിട്ടുണ്ട്
ഒന്ന് ത്വഹൂര്‍, സ്വതവേ ശുദ്ധിയുള്ളതും മറ്റു വസ്തുക്കളെ ശുദ്ധിയാക്കാന്‍ ഉപകരിക്കുന്നതുമായ വെള്ളത്തിനാണ് ത്വഹൂര്‍ എന്ന് പറയുന്നത്.
വുളു എടുക്കാനും കുളിക്കാനും മാലിന്യങ്ങള്‍ ശുദ്ധീകരിക്കാനും ത്വഹൂറായ വെള്ളം തന്നെ വേണം.
പുഴവെള്ളം, കടല്‍വെള്ളം, മഞ്ഞുവെള്ളം, കിണര്‍വെള്ളം തുടങ്ങിയവ എല്ലാം ത്വഹൂറായ വെള്ളം തന്നെ.
രണ്ട് ത്വാഹിര്‍, സ്വയം ശുദ്ധിയുള്ളതും എന്നാല്‍ മറ്റു വസ്തുക്കളെ ശുദ്ധിയാക്കാന്‍ ഉപകരിക്കാത്തതുമായ വെള്ളത്തിന് ത്വാഹിര്‍ എന്ന് പറയുന്നു.
ഉദാഹരണത്തിന് കഞ്ഞി വെള്ളവും ഇളനീരും ശുദ്ധിയുള്ളതാണ്. അതുകൊണ്ടാണല്ലോ നാം അത് കുടിക്കുന്നത്. എന്നാല്‍ മറ്റു വസ്തുക്കളെ ശുദ്ധിയാക്കാന്‍ അവ ഉപകരിക്കുകയില്ല. അതിനാല്‍ അവ ഉപയോഗിച്ച് വുളു എടുക്കുകയോ കുളിക്കുകയോ ചെയ്തുകൂടാ.
മൂന്ന്‍ നജസ് മലിനമായ വെള്ളം, ഇതും ശുദ്ധീകരണത്തിന് കൊള്ളുകയില്ല.
രണ്ടു ഖുല്ലത്തില്‍ കുറവുള്ള വെള്ളം മാലിന്യം ചേരുന്നത് കൊണ്ടു തന്നെ അത് മലിനമായിത്തീരും. രണ്ടു ഖുല്ലത്തോ അതില്‍ കൂടുതലോ ഉള്ള വെള്ളം മാലിന്യം ചേരുകയും നിറമോ മണമോ രുചിയോ വ്യത്യാസപ്പെടുകയും ചെയ്താലേ മലിനമായിത്തീരുകയുള്ളൂ.
ഒരിക്കല്‍ വുളു എടുക്കാനോ കുളിക്കാനോ ഉപയോഗിച്ച വെള്ളം രണ്ടു ഖുല്ലത്തില്‍ കുറവാണെങ്കില്‍ പിന്നെ അതുകൊണ്ട് വുളു എടുക്കാനോ കുളിക്കാനോ പറ്റുകയില്ല. രണ്ടു ഖുല്ലത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ വീണ്ടും ശുദ്ധീകരണത്തിന് ഉപയോഗിക്കാം.
2. അവയവങ്ങളില്‍ വെള്ളം ഒലിപ്പിക്കുക,
????വെള്ളം കൊണ്ടു തൊട്ടു നനച്ചാല്‍ വുളു ശരിയാവുകയില്ല. അവയവങ്ങളില്‍ വെള്ളം ഒലിക്കുക തന്നെ വേണം. എന്നാല്‍ തടവല്‍ മാത്രം നിര്‍ബന്ധമുള്ള അവയവങ്ങളില്‍ വെള്ളം ഒഴുക്കേണ്ടതില്ല.????
3. വെള്ളത്തിന് വ്യത്യാസം വരുത്തുന്ന ഒന്നും അവയവങ്ങളില്‍ ഇല്ലാതിരിക്കുക, മാലിന്യമല്ലാത്ത വസ്തുക്കളാണെങ്കില്‍ പോലും വെള്ളത്തിന് ത്വഹൂറെന്ന പദവി നഷ്ട്ടപ്പെടുത്തുന്ന യാതൊന്നും കഴുകപ്പെടുന്ന ശരീര ഭാഗങ്ങളില്‍ ഉണ്ടാകരുത്.
4. വെള്ളം ചേരുന്നത് തടയുന്ന മെഴുക്, എണ്ണ പോലെയുള്ള വസ്തുക്കളൊന്നും അവയവങ്ങളില്‍ ഇല്ലാതിരിക്കുക.????
5. മൂത്രവാര്‍ച്ച, രക്തസ്രാവം, കീഴ്വായു, തുടങ്ങിയ അസുഖങ്ങള്‍ തുടര്‍ച്ചയായി ഉള്ളവര്‍ നിസ്കാര സമയം ആവുകയും ആയെന്ന് ഉറപ്പുവരുത്തുകയും ചെയ്തതിന് ശേഷം മാത്രം വുളു എടുക്കുക...
മുസ്ലിമായിരിക്കുക വിശേഷബുദ്ധിയുണ്ടായിരിക്കുക എന്നിവയും വുളുഇന്‍റെ ശര്‍ത്തു തന്നെ. മുസ്ലിംകളല്ലാത്തവര്‍, ലഹരി ബാധിച്ചവര്‍, ഭ്രാന്തന്മാര്‍ ഇവരുടെയൊന്നും വുളു ശരിയാവുകയില്ല.
വുളുവിന്‍റെ ശര്‍ത്തുകള്‍ തന്നെയാണ് കുളിയുടെയും ശര്‍ത്തുകള്‍. ശരീരം മുഴുവനും കുളിയുടെ അവയവങ്ങളാളെന്ന്‍ മാത്രം.
ശുക്ലസ്കലനം തുടര്‍ച്ചയായി ഉണ്ടാകുന്ന വ്യക്തികള്‍ നിസ്കാര സമയം ആയതിനു ശേഷം മാത്രമേ കുളിക്കാവൂ...
നിത്യമായ അശുദ്ധിയുള്ള ആളുകള്‍ കുളിക്കുകയും വുളു എടുക്കുകയും ചെയ്യുന്നതിന് മുമ്പ് ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. അവയെ കുറിച്ച് പിന്നീട് വിവരിക്കുന്നതാണ്.
അബൂ ഹിബതൈനി. [നിസാമുദ്ദീൻ] പരിക്കപ്പാറ...