29 May, 2023 | Monday 9-Dhu al-Qadah-1444
ചരിത്രം മറക്കാത്ത ക്രൂരത (1)

   വിശുദ്ധ ഖുർആനിൽ യൂസുഫ് നബി (അ)ന്റെ ചരിത്രം വിവരിക്കുന്ന ഒരു അധ്യായം തന്നെയുണ്ട്. സൂറത്ത് യൂസുഫ്. സഹോദരന്മാരുടെ അസൂയ എത്ര കടുത്തതായിരുന്നുവെന്ന് അതിൽ നിന്ന് മനസ്സിലാക്കാം...


 ഉപ്പയുടെ സ്നേഹം മുഴുവൻ യൂസുഫും ബിൻയാമീനും സ്വന്തമാക്കിയിരിക്കുന്നു. അത് പറ്റില്ല. അത് തിരിച്ചു പിടിക്കണം.അവർ ഒരു പാട് രഹസ്യ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. യൂസുഫിനെ എന്ത് ചെയ്യണമെന്നായിരുന്നു പ്രധാന ചർച്ച... 


 വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം. "അവര്‍ പറഞ്ഞ സന്ദര്‍ഭം: "യൂസുഫും അവന്റെ സഹോദരനുമാണ് നമ്മെക്കാള്‍ പിതാവിന് പ്രിയപ്പെട്ടവര്‍. നാം വലിയൊരു സംഘമായിരുന്നിട്ടും. നമ്മുടെ പിതാവ് വ്യക്തമായ വഴികേടില്‍തന്നെ. (12:8)


 പലരും പല അഭിപ്രായങ്ങൾ പറഞ്ഞു. യൂസുഫിനെ കൊണ്ട്പോയി കൊല്ലണം. ചിലർ പറഞ്ഞു: കൊല്ലരുത് ഏതെങ്കിലും കാട്ടിൽ കൊണ്ട് പോയി കളയണം. മറ്റു ചിലർ പറഞ്ഞു: കൊന്നാലും കളഞ്ഞാലും കൊള്ളാം. ആദ്യമാെക്കെ പിതാവിന് സങ്കടം കാണും. പിന്നെയത് തീരും. നമ്മെ സ്നേഹിക്കാൻ തുടങ്ങും. നാം ചെയ്യുന്നത് തെറ്റ് തന്നെ. ആ തെറ്റിന് ശേഷം നമുക്കു നല്ലവരായി ജീവിക്കാം. അത് പേരേ...


 ഒരാൾ പറഞ്ഞ അഭിപ്രായം ഖുർആൻ ഉദ്ദരിക്കുന്നു. "നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ ഏതെങ്കിലും ഒരിടത്ത് കൊണ്ടുപോയി തള്ളുക. അതോടെ പിതാവിന്റെ അടുപ്പം നിങ്ങള്‍ക്കു മാത്രമായി കിട്ടും. അതിനു ശേഷം നിങ്ങള്‍ക്ക് നല്ലവരായിത്തീരുകയും ചെയ്യാം.” (12:9)


അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു: "യൂസുഫിനെ കൊല്ലരുത്. നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍ അവനെ കിണറിന്റെ ആഴത്തിലെറിയുക. വല്ല യാത്രാസംഘവും അവനെ കണ്ടെടുത്തുകൊള്ളും.” (12:10)


 യൂസുഫിനെ കൊല്ലരുത് എന്നു പറഞ്ഞത് റൂബീൽ എന്ന സഹോദരനായിരുന്നുവെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്. അസൂയ മനുഷ്യനെ എവിടെ വരെ എത്തിക്കുമെന്ന് ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കണം. എല്ലാ സൽഗുണങ്ങളുമുള്ള ഒരു കുട്ടിയോടാണ് ഈ ക്രൂരത എന്നോർക്കണം... 


 യൂസുഫിനെ വിട്ടുകിട്ടാൻ വേണ്ടി പിതാവിൽ അവർ സമ്മർദ്ദം ചെലുത്തി. അക്കാര്യവും വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. അതിങ്ങനെയാണ്. "അവര്‍ പറഞ്ഞു: "ഞങ്ങളുടെ പിതാവേ, അങ്ങക്കെന്തുപറ്റി? യൂസുഫിന്റെ കാര്യത്തില്‍ അങ്ങു ഞങ്ങളെ വിശ്വസിക്കാത്തതെന്ത്? തീര്‍ച്ചയായും ഞങ്ങള്‍ അവന്റെ ഗുണകാംക്ഷികളാണ്." (12:11)


"നാളെ അവനെ ഞങ്ങളോടൊപ്പമയച്ചാലും. അവന്‍ തിന്നുരസിച്ചുല്ലസിക്കട്ടെ. ഉറപ്പായും ഞങ്ങളവനെ കാത്തുരക്ഷിച്ചുകൊള്ളും.” (12:12)


 ഒരു പിതാവിന് മക്കൾ നൽകുന്ന ഉറപ്പാണിത്. അത് പാലിക്കാൻ അവർക്ക് കഴിഞ്ഞോ? ഇല്ല. പൊള്ളയായ ഉറപ്പായിരുന്നു അത്. ആ പിതാവ് ഒരു സാധാരണ പിതാവാണോ? അല്ല. അല്ലാഹുﷻന്റെ പ്രവാചകനാണ്. പിതാവ് സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞ വാക്കുകൾ ഖുർആനിൽ കാണാം...


"അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അവനെ കൊണ്ടുപോകുക എന്നത് തീര്‍ച്ചയായും എനിക്ക് സങ്കടമുണ്ടാക്കുന്നതാണ്‌. നിങ്ങള്‍ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു." (12:13) 


 അതിന്നവർ നൽകിയ മറുപടി ഇങ്ങനെ... "അവര്‍ പറഞ്ഞു: "ഞങ്ങള്‍ വലിയ ഒരു സംഘമുണ്ടായിരിക്കെ അവനെ ചെന്നായ തിന്നുകയാണെങ്കില്‍ ഞങ്ങള്‍ കൊടിയ നഷ്ടം പറ്റിയവരായിരിക്കും; തീര്‍ച്ച.” (12:14) പുത്രന്മാർ പിതാവിനോട് വാദിക്കുകയാണ്. വാദിച്ചു പിതാവിനെ തോൽപ്പിക്കാനാണ് ഭാവം...


 ഞങ്ങൾ ശക്തരായ ഒരു കൂട്ടമാണ്. ഞങ്ങൾ യൂസുഫിനെ സംരക്ഷിക്കും. ഞങ്ങളെ വിശ്വസിക്കണം. ചെന്നായ വരില്ല. ചെന്നായ വരികയും യൂസുഫിനെ തിന്നുകയും ചെയ്താൽ ഞങ്ങൾക്കല്ലേ നഷ്ടം. ഞങ്ങൾക്കല്ലേ സങ്കടം. ഞങ്ങളെങ്ങനെ ആ ദുഃഖം സഹിക്കും...


 മനസ്സില്ലാ മനസ്സോടെയാണ് യൂസുഫിനെ വിട്ടു കൊടുത്തത്. ഉപ്പയുടെ കണ്ണിൽ നിന്ന് മറയുന്നത് വരെ എന്തൊരു സന്തോഷ പ്രകടനമായിരുന്നു. സ്നേഹം കൊണ്ട് പെതിയുകയായിരുന്നു . ഉപ്പയുടെ വകയായുള്ള വലിയ ആട്ടിൻ പറ്റത്തെ തെളിച്ചു കൊണ്ട് ഇവർ നീങ്ങുകയാണ്. കുറെ ദൂരം യാത്ര ചെയ്തു. അപ്പോൾ എന്താണുണ്ടായത്..?

 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 
Add to Home Screen