ബിൻയാമീനെ തങ്ങളോടൊപ്പം കിട്ടണം അതിന് വളരെ തന്ത്രപരമായി സംസാരിക്കണം. അവർ പലതവണ കൂടിയാലോചന നടത്തി. പിതാവിന്റെ മുമ്പിലെത്തി...
"ഉപ്പാ... ഞങ്ങൾ ഒരിക്കൽ കൂടി മിസ്വിറിലേക്ക് പോവാനുദ്ദേശിക്കുന്നു. ഉപ്പ സമ്മതം തരണം. പിന്നൊരുകാര്യം കൂടി പറയാനുണ്ട്. അസീസ് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. അടുത്ത തവണ വരുമ്പോൾ ബിൻയാമീനെ കൊണ്ടുവരണം."
"വേണ്ട മക്കളേ! വേണ്ട. അവനെ ഞാൻ വിട്ട് തരില്ല." ഉപ്പ നിഷേധിച്ചു...
"ഉപ്പാ ബിൻയാമീനെ കൊണ്ട് ചെന്നില്ലെങ്കിൽ നമുക്ക് ധാന്യം ലഭിക്കില്ല. അങ്ങനെയാണ് അസീസ് പറഞ്ഞത്."
"നിങ്ങളെന്ത് പറഞ്ഞാലും ഞാനവനെ വിട്ടു തരില്ല."
"ഉപ്പാ... നിങ്ങൾ വിഷമിക്കേണ്ട ഞങ്ങൾ അവനെ നന്നായി നോക്കിക്കോള്ളാം. അവനെരാപത്തും വരില്ല. അവനെയും കൊണ്ട് ചെന്നാൽ നമുക്ക് നല്ല അളവിൽ ധാന്യം കിട്ടും. ഉപ്പ തടസ്സം നിൽക്കരുത്. ഞങ്ങൾ ഇത്രയും പേരില്ലേ? ഞങ്ങളെ വിശ്വസിക്കൂ ...!"
"നിങ്ങളെ ഞാൻ എങ്ങനെ വിശ്വസിക്കും. നിങ്ങളിതൊക്കെ പറഞ്ഞല്ലേ യൂസുഫിനെ കൊണ്ട് പോയത്. എന്നിട്ടെന്തായി! നിങ്ങളവനെ സൂക്ഷിച്ചോ? എനിക്കവനെ നഷ്ടപ്പെട്ടില്ലേ? ബിൻയാമീന്റെ കാര്യത്തിൽ ഞാൻ എങ്ങനെ നിങ്ങളെ വിശ്വസിക്കും. യൂസുഫിനെക്കുറിച്ചുള്ള ദുഃഖം എന്നെ കാർന്നുതിന്നുകയാണ്. കരഞ്ഞു കരഞ്ഞു കണ്ണുകളുടെ കാഴ്ച കുറഞ്ഞു. ബിൻയാമീനെ കൂടി നഷ്ടപ്പെടാൻ വയ്യ... എന്നെ നിർബന്ധിക്കരുത്."
മക്കൾ പിതാവിനെ വീണ്ടും വീണ്ടും നിർബന്ധിച്ചു കൊണ്ടിരുന്നു. ഒടുവിൽ യഅ്ഖൂബ്(അ) മക്കളോടിങ്ങനെ പറഞ്ഞു: "ബിൻയാമിനെ സംരക്ഷിച്ചു കൊള്ളാമെന്ന് അല്ലാഹുﷻ വിന്റെ പേരിൽ എനിക്ക് നിങ്ങൾ ഉറപ്പ് തരണം.
അവർ അതിന് തയ്യാറായിരുന്നു. ബിൻയാമീനെ രക്ഷിച്ചു കൊള്ളാമെന്ന് അവർ അല്ലാഹുﷻവിന്റെ പേരിൽ വാക്കുകൊടുത്തു. അപ്പോൾ അദ്ദേഹം പറഞ്ഞു: "നാം ഈ പറഞ്ഞതിന് അല്ലാഹു ﷻ സാക്ഷി."
ബിൻയാമീനെ കൂടെ അയക്കാൻ പുത്രന്മാർ പിതാവിനെ നിർബന്ധിക്കുന്ന ഭാഗം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം.
"അവര്‍ തങ്ങളുടെ പിതാവിന്റെ അടുത്ത് മടങ്ങിയെത്തിയപ്പോള്‍ പറഞ്ഞു: "ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്ക് അളന്നുകിട്ടുന്നത് തടയപ്പെട്ടിരിക്കുന്നു. അതിനാല്‍ ഞങ്ങളോടൊത്ത് ഞങ്ങളുടെ സഹോദരനെ കൂടി അയച്ചുതരിക. എങ്കില്‍ ഞങ്ങള്‍ക്ക് ധാന്യം അളന്നുകിട്ടും. തീര്‍ച്ചയായും ഞങ്ങളവനെ വേണ്ടപോലെ കാത്തുരക്ഷിക്കും.” (12:63)
"പിതാവ് പറഞ്ഞു: "അവന്റെ കാര്യത്തില്‍ എനിക്ക് നിങ്ങളെ വിശ്വസിക്കാനാവുമോ? നേരത്തെ അവന്റെ സഹോദരന്റെ കാര്യത്തില്‍ നിങ്ങളെ വിശ്വസിച്ചപോലെയല്ലേ ഇതും? അല്ലാഹുﷻലുവാണ് ഏറ്റവും നല്ല സംരക്ഷകന്‍. അവന്‍ കാരുണികരില്‍ പരമകാരുണികനാകുന്നു.” (12:64)
"അവര്‍ തങ്ങളുടെ കെട്ടുകള്‍ തുറന്നുനോക്കിയപ്പോള്‍ തങ്ങള്‍ കൊണ്ടുപോയ ചരക്കുകള്‍ തങ്ങള്‍ക്കു തന്നെ തിരിച്ചുകിട്ടിയതായി കണ്ടു. അപ്പോഴവര്‍ പറഞ്ഞു: "ഞങ്ങളുടെ പിതാവേ, നമുക്കിനിയെന്തുവേണം? നമ്മുടെ ചരക്കുകളിതാ നമുക്കു തന്നെ തിരിച്ചുകിട്ടിയിരിക്കുന്നു. ഞങ്ങള്‍ പോയി കുടുംബത്തിന് ആവശ്യമായ ആഹാരസാധനങ്ങള്‍ കൊണ്ടുവരാം. ഞങ്ങളുടെ സഹോദരനെ കാത്തുരക്ഷിക്കുകയും ചെയ്യാം. ഒരൊട്ടകത്തിന് ചുമക്കാവുന്നത്ര ധാന്യം നമുക്കു കൂടുതല്‍ കിട്ടുമല്ലോ. അത്രയും കൂടുതല്‍ അളന്നുകിട്ടുകയെന്നത് വളരെ വേഗം സാധിക്കുന്ന കാര്യമത്രെ.” (12:65)
"പിതാവ് പറഞ്ഞു: "നിങ്ങള്‍ വല്ല അപകടത്തിലും അകപ്പെട്ടില്ലെങ്കില്‍ അവനെ എന്റെ അടുത്ത് തിരിച്ചുകൊണ്ടുവരുമെന്ന് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ ഉറപ്പ് തരുംവരെ ഞാനവനെ നിങ്ങളോടൊപ്പം അയക്കുകയില്ല.” അങ്ങനെ അവരദ്ദേഹത്തിന് ഉറപ്പ് നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "നാം ഇപ്പറയുന്നതിന് കാവല്‍ നില്‍ക്കുന്നവന്‍ അല്ലാഹുവാണ്.” (12:66)
പിതാവ് മക്കളെ നോക്കി. നല്ല തടിമിടുക്കുള്ള മക്കൾ ഇവരെ ഒരുമിച്ചു കണ്ടാൽ ചിലർക്കു അസൂയ തോന്നും. കരിനാക്കുള്ളവർ എന്തെങ്കിലും പറയും. അവർക്ക് കണ്ണേറ് ബാധിക്കും. അവിടത്തെ കൊട്ടാരത്തിൽ പ്രവേശിക്കുമ്പോൾ പല വാതിലുകളിലൂടെ പ്രവേശിക്കണം. അതാണ് നല്ലത്. ഒരു സൂക്ഷ്‌മതക്കു വേണ്ടി അങ്ങനെ പറയാം. അല്ലാഹുﷻ എന്താണോ നിശ്ചയിച്ചത് അത് നടക്കും...
ഉപ്പ മക്കളെ ഇങ്ങനെ ഉപദേശിച്ചു. "മക്കളേ! നിങ്ങൾ മിസ്വിറിലെ കൊട്ടാരത്തിൽ പ്രവേശിക്കുമ്പോൾ ഒരു വാതിലിൽ കൂടി കടക്കരുത്. പല വാതിലുകളിലൂടെ കയറുക...
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം. "അദ്ദേഹം അവരോട് പറഞ്ഞു: "എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കരുത്. വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. ദൈവവിധിയില്‍ നിന്ന്ഒന്നുപോലും നിങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്താന്‍ എനിക്കു സാധ്യമല്ല. വിധിനിശ്ചയം അല്ലാഹുﷻവിന്റേതു മാത്രമാണല്ലോ. ഞാനിതാ അവനില്‍ ഭരമേല്‍പിക്കുന്നു. ഭരമേല്‍പിക്കുന്നവര്‍ അവനിലാണ് ഭരമേല്‍പിക്കേണ്ടത്.” (12:67)
പുത്രന്മാർക്കു സന്തോഷമായി. ബിൻയാമിനെ കിട്ടിയല്ലോ. ആഹ്ലാദപൂർവ്വം അവർ യാത്ര ചെയ്തു...