ദിവസങ്ങൾക്കു ശേഷം അവർ മിസ്വ്റിന്റെ അതിർത്തിയിലെത്തി. ചെക്ക് പോസ്റ്റിലുള്ളവർ അവരെ സത്രത്തിലാക്കി. അന്നവിടെ താമസിച്ചു. ഭക്ഷണവും വെള്ളവും കിട്ടി. ആശ്വാസമായി...
അവരുടെ പേര് വിവരങ്ങൾ എഴുതി കൊണ്ടുപോയി. വന്ന കാരണവും എഴുതി. പ്രവേശിക്കാനുള്ള അനുവാദത്തിനായി കാത്തിരുന്നു. ഒടുവിൽ അനുമതി കിട്ടി...
അസീസിന്റെ കൊട്ടാരത്തിലേയ്ക്ക്. അവിടെ ധാരാളം സന്ദർശകരുണ്ട്. പുറം നാട്ടുകാരും ധാരാളമുണ്ട്. ധാന്യത്തിന് വന്നവരും ധാരാളമുണ്ട്. വാതിക്കൽ കാത്തിരുന്നു. അനുമതി കിട്ടിയപ്പോൾ അകത്ത് കടന്നു. അസീസിനെ കണ്ടു. എന്തൊരു തേജസ്സ്?
അവർ വിനയത്തോടെ നിന്നു. ചോദിച്ചതിന് മാത്രം ഉത്തരം നൽകി. നാടും വീടും പേരും എല്ലാം ചോദിച്ചറിഞ്ഞു. വീട്ടിലാരൊക്കെയുണ്ട്? പേരെന്താണ്? എല്ലാം പറഞ്ഞു കൊടുത്തു. പിതാവിന്റെ പേര് പറഞ്ഞു. വന്ന എല്ലാവരുടെയും പേര് പറഞ്ഞു. അസീസ് സ്വയം നിയന്ത്രിച്ചു. മുഖത്ത് ഭാവഭേദം വന്നില്ല. വന്ന ആളുകളെ വേണ്ടത് പോലെ മനസ്സിലാക്കി...
വീട്ടിൽ ദാരിദ്ര്യമാണ്. അസീസ് ഒരു സേവകനെ വിളിച്ചു. ഇങ്ങനെ പറഞ്ഞു. "ഇവരെ ഭക്ഷണ ഹാളിൽ കൊണ്ട് പോയി സൽക്കരിക്കുക." സേവകൻ അവരെ ഭക്ഷണ ഹാളിൽ കൊണ്ട് പോയി. രുചികരമായ ആഹാരം വിളമ്പി. ദാരിദ്ര്യം പിടിച്ച കാലത്ത് ഇത്രയും നല്ല ആഹാരം കിട്ടുകയോ? മതിവരുവോളം കഴിച്ചു. സന്തോഷമായി...
അസീസിനെക്കുറിച്ചു വലിയ മതിപ്പു തോന്നി. അസീസ് അവർക്ക് ധാരാളം ധാന്യം നൽകി. യാതയായി. പുറപ്പെടാൻ നേരത്ത് അസീസ് പറഞ്ഞു. നിങ്ങൾക്കൊരു ചെറിയ അനുജൻ ഉണ്ടെന്നല്ലേ പറഞ്ഞത്. അടുത്ത തവണ വരുമ്പോൾ അവനെ കൂടി കൊണ്ട് വരണം. അല്ലെങ്കിൽ ധാന്യം കിട്ടില്ല...
ബിൻയാമീനെ കൊണ്ട് വരണം. അത് കഴിയുമോ? ഉപ്പ വിട്ട് തരുമോ? യൂസുഫ് പോയ ദുഃഖം ഇത് വരെ തീർന്നിട്ടില്ല. പിന്നെങ്ങനെ ബിൻയാമീനെ വിട്ട് തരും. തങ്ങൾ പറയുന്നതൊന്നും ഉപ്പ വിശ്വസിക്കുകയില്ല...
വലിയ ധാന്യക്കെട്ടുകളുമായി അവർ നാട്ടിലേക്ക് തിരിച്ചെത്തി. അത് കണ്ടപ്പോൾ ഉപ്പാക്കും സന്തോഷം. കുറെ ദിവസത്തേക്ക് മക്കൾക്ക് വിശപ്പടക്കാമല്ലോ. ചാക്കുകൾ കെട്ടഴിച്ചു. ധാന്യം പാത്രത്തിലേക്കു നീക്കി...
അതിശയം..! തങ്ങൾ കൊടുത്ത പാരിതോഷികം അതിൽ തന്നെ കിടക്കുന്നു. സ്വീകരിച്ചിട്ടില്ല. "ഉപ്പാ... ഇത് കണ്ടോ? അസീസ് വളരെ ദയാലുവാണ്. നാം നൽകിയ പാരിതോഷികം തിരിച്ചു തന്നിരിക്കുന്നു." എല്ലാവർക്കും വലിയ ആഹ്ലാദമായി.
ദിവസങ്ങൾ കടന്നു പോയി. സന്തോഷവും ആശ്വാസവും നിറഞ്ഞ ദിവസങ്ങൾ, അടുത്ത യാത്രയെ കുറിച്ചു ചർച്ച തുടങ്ങി. ഉപ്പയോട് കാര്യം പറയുന്നതെങ്ങനെ? പറയാതിരിക്കുന്നതെങ്ങനെ?
ബിൻയാമീനെ തങ്ങളോടൊപ്പം കിട്ടണം. അതിന് വളരെ തന്ത്രപരമായി സംസാരിക്കണം. അവർ പല തവണ കൂടിയാലോചന നടത്തി. പിതാവിന്റെ മുമ്പിലെത്തി...