ബിൻയാമീനെ തങ്ങളോടൊപ്പം വിട്ടതിൽ പുത്രന്മാർക്കു സന്തോഷമായി. ആഹ്ലാദ പൂർവ്വം അവർ യാത്ര ചെയ്തു. യാത്ര ബിൻയാമീനും സന്തോഷം നൽകി. കാണാത്ത പ്രദേശങ്ങൾ കാണുന്നു. ഇക്കാക്കമാർ സ്നേഹത്തോടെ പെരുമാറുന്നു. പണ്ട് യൂസുഫിനോട് കാണിച്ചത് പോലെ ബിൻയാമീനോട് കാണിച്ചില്ല...
യൂസുഫിനോട് കാണിച്ച ക്രൂരതയുടെ ഓർമ്മകൾ അവരുടെ മനസ്സിലുണ്ട്. ബിൻയാമിനെ വിട്ടുതരാൻ ആവശ്യപ്പെട്ടപ്പോൾ ഉപ്പ തന്നെ അക്കാര്യം ഓർമിപ്പിക്കുകയുണ്ടായി. അവരുടെ മനസ്സിൽ തെളിഞ്ഞു നിന്നത് മിസ്വിറിലെ കൊട്ടാരവും അസീസിന്റെ തേജസ്സുള്ള മുഖവുമാണ്. രാപ്പകലുകൾ മാറി മാറി വന്നു. അവർ മിസ്വിറിന്റെ അതിർത്തിയിലെത്തി.
പഴയത് പോലെ തന്നെ കാര്യങ്ങളെല്ലാം നടന്നു. കൊട്ടാരത്തിന്റെ മുറ്റത്തെത്തി. ബിൻയാമിന്റെ നയനങ്ങളിൽ വിസ്മയം! എന്തൊരു ഗാംഭീര്യമുള്ള കൊട്ടാരം. വിശാലമായ മുറ്റം. ധാരാളം സന്ദർശകർ. എവിടെയും തിരക്ക് തന്നെ...
കൊട്ടാരത്തിൽ പ്രവേശിക്കാൻ അനുമതി കിട്ടി. കൊട്ടാരത്തിൽ പ്രവേശിക്കുമ്പോഴും അസീസിന്റെ മുമ്പിൽ നിൽക്കുമ്പോഴും പാലിക്കേണ്ട മര്യാദകൾ ബിൻയാമീന് ഇക്കാക്കമാർ പറഞ്ഞു കൊടുത്തു. പല വാതിലുകളിലൂടെ അവർ കൊട്ടാരത്തിൽ പ്രവേശിച്ചു. അസീസിന്റെ മുമ്പിലേക്ക് ആനയിക്കപ്പെട്ടു...
അനുജനെ അസീസിനു മുമ്പിൽ ഹാജരാക്കി. ബിൻയാമിൻ അസീസിന്റെ മുഖത്തേക്ക് ഉറ്റുനോക്കി. കാരുണ്യമുള്ള അസീസ്. ഈ അസീസാണ് ഇക്കാക്കമാർക്ക് ധാന്യം നൽകിയത്. ഒരുപാട് തവണ ഇക്കാക്കമാർ അസീസിനെക്കുറിച്ചു പറയുന്നത് കേട്ടിട്ടുണ്ട്. അവരുടെ വിവരണം കേട്ടപ്പോൾ ഒന്നു കാണാൻ തോന്നിപ്പോയിട്ടിണ്ട്...
ഈ അസീസാണല്ലോ തന്നെ കൊണ്ട് വരാൻ ആവശ്യപ്പെട്ടത്. എന്തൊരു നല്ല മനുഷ്യൻ! കാണാനെന്തു ഭംഗി! അദ്ദേഹം തന്നെയാണല്ലോ നോക്കുന്നത്. ആ കണ്ണുകൾ തിളങ്ങുന്നു. ചുണ്ടുകളിൽ പുഞ്ചിരി വിടരുന്നു. മുഖത്ത് സന്തോഷം പടരുന്നു. തന്നെ കണ്ടിട്ടാണോ ഈ സന്തോഷം. ബിൻയാമിൻ പുഞ്ചിരി തൂകി. അസീസിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ല...
അസീസ് തന്നെ അടുത്തേക്ക് വിളിക്കുകയാണല്ലോ... തെന്തൊരതിശയം. ബിൻയാമിൻ മെല്ലെ നടന്നു. അസീസിന്റെ മുന്നിലെത്തി. അസീസിന്റെ കൈ കണ്ടു. മനോഹരമായ വിരലുകൾ കണ്ടു. ആ കൈ തന്റെ നേരെ നീണ്ടു വരുന്നു. തന്റെ കൈ പിടിച്ചു. രാജാവിന്റെ കരസ്പർശം. മനസ്സ് കോരിത്തരിച്ചുപ്പോയി. അസീസ് നടക്കുകയാണ്. താൻ ഒപ്പം നടക്കുകയാണ്. ഇക്കാക്കമാരെ നോക്കാൻ പരിചാരകന്മാരോട് കല്പിച്ചു. അവർക്കു സൽക്കാരത്തിന് സമയമായിക്കാണും...
കൊട്ടാരത്തിൽ എന്തെല്ലാം അലങ്കാരങ്ങൾ, തങ്ങളപ്പോഴും നടക്കുകയാണ്. ഇപ്പോൾ തങ്ങളുടെ ലോകത്ത് തങ്ങൾ മാത്രം അസീസും ബിൻയാമീനും മാത്രം. ബിൻയാമീന് മധുരമുള്ള പലഹാരങ്ങൾ കിട്ടി. പഴങ്ങൾ കിട്ടി. പാനീയം കിട്ടി. ഓരോന്ന് കഴിക്കുമ്പോഴും സന്തോഷം കൂടിക്കൂടി വരികയാണ്. അസീസിനോടുള്ള സ്നേഹം വർദ്ധിച്ചു വന്നു. സ്നേഹം മനസ്സിൽ നിറഞ്ഞു...
കോരിത്തരിച്ചുപോയി... എന്തൊരു സ്നേഹമാണിത്...
അസീസ് ചോദിച്ചു...
"മോന്റെ വീട്ടിൽ ആരൊക്കെയുണ്ട്?" വീടിലുള്ളവരെപ്പറ്റിയെല്ലാം പറഞ്ഞു കൊടുത്തു. ഉപ്പയെ പറ്റി പ്രത്യേകം പറഞ്ഞു.